Saturday, April 20, 2024
spot_img

മൂന്നാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തിന് വേദിയായി തിരുവാറന്മുള ശ്രീപാർത്ഥസാരഥി മഹാക്ഷേത്രം; മഹായജ്ഞം നടക്കുക മെയ് പത്ത് മുതൽ പതിനേഴ് വരെ

മൂന്നാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രം, തിരുവാറന്മുള ശ്രീപാർത്ഥസാരഥി മഹാക്ഷേത്രത്തിൽ വരുന്ന മെയ് പത്ത് മുതൽ പതിനേഴ് വരെ നടക്കും. പാടൽപെറ്റ നൂറ്റെട്ടു വൈഷ്ണവ തിരുപ്പതികളിൽ പ്രധാനവും പാണ്ഡവ തിരുപ്പതികൾ എന്നു പ്രസിദ്ധവുമായ തൃച്ചിറ്റാറ്റ് , തൃപ്പുലിയൂർ , തിരുവാറന്മുള , തിരുവൻവണ്ടൂർ , തൃക്കൊടിത്താനം ക്ഷേത്രങ്ങളിൽ പൗരാണിക കാലം മുതൽ ആചരിച്ചു വരുന്ന വൈശാഖമാസതീർത്ഥാടനത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന മഹായജ്ഞമാണ് പാണ്ഡവീയ മഹാവിഷ്ണു സത്രം.കുരുക്ഷേത യുദ്ധാനന്തരം രാജസൂയത്തിനു മുമ്പ് പാണ്ഡവർ ധൗമ്യ ഹർഷിയുടെ നിർദ്ദേശാനുസരണം നടത്തിയ വൈശാഖമാസ പൂജയായ ഈ മഹായജ്ഞം അഞ്ചു പാണ്ഡവ ക്ഷേത്രങ്ങളിൽ നിന്നാനയിക്കപ്പെടുന്ന ചൈതന്യ വിഗ്രഹങ്ങൾ സതശാലയിൽ ഒരേ പീഠത്തിൽ പ്രതിഷ്ഠിച്ചുകൊണ്ട് ഓരോ ദിവസവും ഓരോ മൂർത്തിക്കു പ്രാധാന്യം നൽകിയുള്ള വിശേഷാൽ പൂജകളോടും വഴിപാടുകളോടും കൂടിയാണ് നിർവഹിക്കപ്പെടുന്നത് . ലോകത്തു മറ്റൊരിടത്തും കാണുവാൻ കഴിയാത്ത വിധം അഞ്ചു മൂർത്തിഭാവങ്ങളിലുള്ള മഹാവിഷ്ണു വിഗ്രഹങ്ങൾ ഒരു പീഠത്തിൽ പ്രതിഷ്ഠിച്ചുകൊണ്ട് നടത്തപ്പെടുന്ന ഈ മഹായജ്ഞത്തിൽ പങ്കെടുക്കുന്നത് അഞ്ചമ്പലദർശനസമവും സർവ്വ പാപഹരവും സർവൈശ്വര്യദായകവുമാണ് . തന്റെ മക്കളുടെ ഐശ്വര്യത്തിനും യശസ്സിനുമായി കുന്തീദേവി സ്വയം നിർവ്വഹിച്ച പൃഥഗാ പൂജയും എല്ലാ ദിവസവും സൽശാലയിൽ നടക്കുന്നുണ്ട് . കുടുംബശ്വര്യത്തിനായി നടത്തപ്പെടുന്ന ഈ പൂജ യിൽ വ്രതശുദ്ധിയോടുകൂടി സ്ത്രീകൾ തന്നെ അർച്ചകരാകുന്നു എന്നതാണ് പ്രത്യേകത . ദക്ഷിണ ഭാരതത്തിലെ എണ്ണപ്പെട്ട പണ്ഡിതശ്രേഷ്ഠരുടെ സത്സംഗവും ഭക്തി സംവർദ്ധകങ്ങളായ വിവിധ ക്ഷേത്രകലകളും ഉൾപ്പെടുത്തി നിർവ്വഹിക്കപ്പെടുന്ന പാണ്ഡവിയ മഹാവിഷ്ണു സത്രത്തിൽ പങ്കെടുക്കുന്നതും പൂജാദികളിൽ ഭാഗഭാക്കാകുന്നതും മഹാപുണ്യമായി കരുതപ്പെടുന്നു.

ബി . രാധാകൃഷ്ണ മേനോൻ ചെയർമാനും കെ. ബി സുധീർ ജനറൽ കൺവീനറും കെ. ആർ രാജേഷ് കൺവീനറുമായ പഞ്ചപാണ്ഡവീയ സത്രസമിതിയുടെ നേതൃത്വത്തിലാണ് മൂന്നാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രം നടക്കുക.

Related Articles

Latest Articles