Thursday, March 28, 2024
spot_img

സംസ്ഥാനം കടുത്ത സാമ്പത്തികപ്രതിസന്ധിയിലേക്ക്; എല്ലാവരുടെയും ശമ്പളം പിടിക്കും

തിരുവനന്തപുരം: ജനുവരിയോടെ സംസ്ഥാനം ഗുരുതര സാമ്പത്തികപ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് വിലയിരുത്തൽ. കോവിഡ് കാലത്തെ വരുമാനനഷ്ടമാണ് സ്ഥിതി അതിഗുരുതരമാക്കുന്നത്. നിലവിൽ 1400 കോടിയുടെ ഓവർഡ്രാഫ്റ്റിലാണ് ട്രഷറി. ദൈനംദിനചെലവുകൾക്ക് റിസർവ് ബാങ്ക് അനുവദിക്കുന്ന ഹ്രസ്വവായ്പാപരിധിയും കഴിഞ്ഞുള്ള തുകയാണിത്. 14 ദിവസത്തിനകം ഓവർ ഡ്രാഫ്റ്റ് തുക തിരിച്ചടച്ചില്ലെങ്കിൽ ട്രഷറി സ്തംഭനത്തിലേക്ക് നീങ്ങുമെന്നാണ് സൂചനകള്‍ വ്യക്തമാക്കുന്നത്.

ഈ വർഷം പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുമെന്ന വിലയിരുത്തലിലാണ് സാലറികട്ട് അടക്കമുള്ള നിയന്ത്രണങ്ങളിലേക്ക് സർക്കാർ നീങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതോടനുബന്ധിച്ച് എല്ലാവരുടെയും ശമ്പളം പിടിക്കാനാണ് ധനവകുപ്പ് തീരുമാനം. ശമ്പളം തിരികെപ്പിടിക്കുന്നതിലൂടെ മാസം 500 കോടി രൂപ ലഭിക്കുമെങ്കിലും പലിശസഹിതം ഇത് തിരികെനൽകേണ്ടത് ബാധ്യതയാവും.

നടപ്പുസാമ്പത്തികവർഷം സംസ്ഥാനവരുമാനത്തിൽ 33,456 കോടിയുടെ കുറവുണ്ടാകുമെന്നാണ് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ പഠനങ്ങള്‍ വ്യക്തമാക്കുത്. ഇതിൽ 19,816 കോടിയും ജി.എസ്.ടി. വരുമാനത്തിലെ നഷ്ടമാണ്. സാമൂഹികസുരക്ഷാ പെൻഷൻതുക കൂട്ടിയതും എല്ലാവർക്കും ഭക്ഷ്യകിറ്റ് നൽകാനുള്ള തീരുമാനവും അധികച്ചെലവുണ്ടാക്കി.

ജീവനക്കാരുടെ ശമ്പളം തിരികെപ്പിടിക്കുന്നത് സെപ്റ്റംബറിൽ അവസാനിപ്പിച്ചശേഷം ഇൻകം സപ്പോർട്ട് ഫണ്ട് എന്നപേരിൽ പ്രത്യേകനിധി രൂപവത്‌കരിക്കണമെന്നായിരുന്നു കെ.എം.എബ്രഹാം കമ്മിറ്റിയുടെ ശുപാർശ. ഇതിലേക്ക് താത്‌പര്യമുള്ള ജീവനക്കാരിൽനിന്ന് നിക്ഷേപം സ്വീകരിക്കാനാണ് ശുപാർശചെയ്തിരുന്നത്. എന്നാൽ, എല്ലാ ജീവനക്കാർക്കും സാലറി കട്ട് ആറുമാസത്തേക്കുകൂടി നീട്ടാനാണ് സർക്കാർ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

ഇരുപതിനായിരത്തിനുമേൽ ശമ്പളവും 37,500-നുമേൽ പെൻഷനും വാങ്ങുന്ന താത്‌പര്യമുള്ള ജീവനക്കാരിൽനിന്ന് പണം സ്വരൂപിച്ച് ഇൻകം സപ്പോർട്ട് ഫണ്ടിന് രൂപം നൽകാനായിരുന്നു സമിതിയുടെ നിർദേശം. ജീവനക്കാരെ നിർബന്ധിക്കാൻ പാടില്ലെന്നും സ്വയം സന്നദ്ധരാവുന്നവരിൽനിന്ന് 2021 ഓഗസ്റ്റ് വരെ പണം സ്വരൂപിക്കാമെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പി.എഫിലേതിനെക്കാൾ 0.25 ശതമാനം അധികപലിശ നൽകിയാൽ കൂടുതൽ ജീവനക്കാർ സഹകരിക്കും. തുക പിൻവലിക്കാൻ 2023 വരെ വ്യവസ്ഥകളോടെ ലോക് ഇൻ പീരിയഡ് ഏർപ്പെടുത്തുകയും അതിനുശേഷം നാല് ഇൻസ്റ്റാൾമെന്‍റായി പണം മടക്കിനൽകുംവിധം ക്രമീകരിക്കാനുമായിരുന്നു സമിതി ശുപാർശ ചെയ്തിരുന്നത്.

Related Articles

Latest Articles