Wednesday, April 24, 2024
spot_img

വൈത്തിരിയില്‍ വെടിവെയ്പ്പ്; രക്ഷപ്പെട്ട മാവോയിസ്റ്റുകള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇന്ന് മുതല്‍

വയനാട്: വൈത്തിരി വെടിവെപ്പിന് ശേഷം രക്ഷപ്പെട്ട മാവോയിസ്റ്റുകള്‍ക്ക് വേണ്ടി വയനാട് ജില്ലയിലെ മുഴുവന്‍ വനങ്ങളിലും തണ്ടര്‍ബോള്‍ട്ട് ഇന്ന് മുതല്‍ തിരച്ചില്‍ തുടങ്ങും. മാവോയിസ്റ്റുകള്‍ അന്യ സംസ്ഥാനങ്ങളിലേക്ക് രക്ഷപെട്ടിട്ടുണ്ടോ എന്ന സംശയത്തെ തുടര്‍ന്ന് കര്‍ണാടക തമിഴ്നാട് സംസ്ഥാനങ്ങളും തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉപവന്‍ റിസോര്‍ട്ടില്‍ പോലീസിന്റെ വെടിയേറ്റ്‌ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് ജലീലിനൊപ്പമെത്തിയത് മാവോയിസ്റ്റ് നേതാവ് ചന്ദ്രുവാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

ഉപവന്‍ റിസോര്‍ട്ടില്‍ നടന്ന വെടിവെപ്പിനുശേഷം ചന്ദ്രുവും ബാക്കിയുള്ള 9 പേരും ഓടിക്കയറിയത് റിസോര്‍ട്ടിന് പുറകിലുള്ള വനത്തിലേക്കാണ്. കാലിന് ഗുരുതര പരിക്കേറ്റിരിക്കുന്നതിനാല്‍ ചന്ദ്രുവിന് ദൂരേക്ക് യാത്രചെയ്യാനാവില്ലെന്നായിരുന്നു പൊലീസ് നിഗമനം, ഇതിന്‍റെ അടിസ്ഥാനത്തില്‍ റിസോര്‍ട്ടിന് പുറകില്‍ സുഗന്ധഗിരി വരെയുള്ള 15 കിലോമീറ്റര്‍ വനത്തിനുള്ളില്‍ രണ്ട് ദിവസം തണ്ടര്‍ബോള്‍ട്ട് പരിശോധന നടത്തി.

ഇവര്‍ പോകാന്‍ സാധ്യതയുള്ള സുഗന്ധഗിരിയിലെ ആദിവാസികളുടെ വീടുകള്‍ പൊലീസ് പരിശോധിച്ചു. പക്ഷെ ആരെയും കണ്ടെത്താനായില്ല. മാവോയിസ്റ്റുകള്‍ സ്ഥിരമായി വനത്തിനുള്ളില്‍ താമസിക്കാറുള്ള സ്ഥലങ്ങളെല്ലാം നശിപ്പിച്ച നിലയിലാണ്. സുഗന്ധഗിരി വഴി നിലമ്പൂരേക്കോ കുറ്റ്യാടിയിലേക്കോ അല്ലെങ്കില്‍ ജില്ലയിലെ മറ്റേതെങ്കിലും വനത്തിനുള്ളിലേക്കോ മാറിയിരിക്കാമെന്നാണ് പൊലീസ് കരുതുന്നത്.

അതുകൊണ്ട് തന്നെ ഇന്ന് മുതല്‍ ജില്ലയിലെ എല്ലാ വനത്തിനുള്ളിലും ഒരേ സമയം പൊലീസ് പരിശോധന നടത്തും. മാവോയിസ്റ്റ് സാന്നിധ്യം കൂടുതലായുള്ള തിരുനെല്ലി മക്കിമല വെള്ളമുണ്ട പേരിയ മേപ്പാടി തുടങ്ങിയിടങ്ങളെല്ലാം പൊലീസ് നിരീക്ഷണത്തിലാണ്. മാവോയിസ്റ്റ് ജിഷയുടെ മക്കിമലയിലെ വീട്ടില്‍ ചന്ദ്രു ചികിത്സക്കെത്തുമോ എന്ന സംശയം പൊലീസിനുണ്ട്. രണ്ട് ദിവസങ്ങളായി ഇവിടം പ്രത്യേക പൊലീസ് സംഘം നിരീക്ഷിച്ചുവരുകയാണ്. സംസ്ഥാന അതിര്‍ത്തിയില്‍ കര്‍ണാടകവും തമിഴ്നാടും പ്രത്യേക പരിശോധന തുടങ്ങിയിട്ടുണ്ട്. കര്‍ണാടകത്തിലെ കുടക് ചാമരാജ് നഗര്‍ ജില്ലകളിലെ വനമേഖലകളില്‍ ആന്‍റി നസ്കസ് സ്ക്വാഡ് ഇന്ന് മുതല്‍ പരിശോധന തുടങ്ങും

Related Articles

Latest Articles