Wednesday, April 24, 2024
spot_img

ലോകം കണ്ട ഏറ്റവും വലിയ വ്യാവസായിക ദുരന്തം;ഭോപ്പാൽ വിഷവാതക ദുരന്തത്തിന് ഇന്ന് 38 വയസ്,1984 ഡിസംബർ രണ്ടിന് രാത്രി വിഷവാതകം ശ്വസിച്ച് ഭോപ്പാലിൽ പൊലിഞ്ഞത് പതിനായിരത്തിലധികം ജീവനുകൾ,മൂന്നര പതിറ്റാണ്ടിപ്പുറവും ഭോപ്പാൽ ദുരന്തമുണ്ടാക്കിയ ദുരിതങ്ങൾക്ക് അറുതിയായിട്ടില്ല

984 ഡിസംബർ രണ്ടിന് രാത്രിയാണ് ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭോപ്പാൽ വിഷവാതക ദുരന്തം ലോകത്തെ നടുക്കിയത്. ഭോപ്പാൽ ദുരന്തത്തിന് ഇന്ന് 38 വയസ്. 1984 ഡിസംബർ രണ്ടിന് രാത്രി വിഷവാതകം ശ്വസിച്ച് ഭോപ്പാലിൽ പൊലിഞ്ഞത് പതിനായിരത്തിലധികം ജീവനുകളായിരുന്നു. അമേരിക്കൻ കെമിക്കൽ കമ്പനിയായ യൂണിയൻ കാർബൈഡിന്റെ ഭോപ്പാലിലെ കീടനാശിനി നിർമാണശാലയിലെ വാതകക്കുഴലുകൾ വൃത്തിയാക്കുന്നതിടെ മീഥൈൽ ഐസോസയനേറ്റ് സൂക്ഷിച്ചിരുന്ന സംഭരണിയിൽ വെള്ളം കയറി. തുടർന്നുണ്ടായ രാസപ്രവർത്തനത്തിൽ സംഭരണിയിൽ ചോർച്ചയുണ്ടായത്. രാത്രി പത്തരയോടെ സംഭരണിയിൽ നിന്ന് വിഷവാതകങ്ങൾ ഭോപ്പാലിൻറെ അന്തരീക്ഷത്തിലേക്ക് വ്യാപിച്ചു. വിവരണാതീതമായിരുന്നു ആ രാത്രി. കണ്ണുകളിൽ നീറ്റലനുഭവപ്പെടത്തിനെതുടർന്ന് ഭോപ്പാൽ ജനത തെരുവിലേക്കിറങ്ങി പരക്കം പാഞ്ഞു… നേരം പുലർന്നപ്പോഴേക്കും ഭോപ്പാൽ ശവപ്പറമ്പായി മാറിയിരുന്നു.

മൂന്നര പതിറ്റാണ്ടിപ്പുറവും ഭോപ്പാൽ ദുരന്തമുണ്ടാക്കിയ ദുരിതങ്ങൾക്ക് അറുതിയായിട്ടില്ല.3787 പേർ മരിച്ചെന്ന് സർക്കാർ പറയുമ്പോൾ മരണസംഖ്യ പതിനായിരം കടന്നതായാണ് അനൗദ്യോഗിക കണക്കുകൾ. 38 വർഷത്തിനിപ്പുറവും ആ ദുരന്തത്തിന്റെ പ്രകമ്പനങ്ങൾ അവസാനിച്ചിട്ടില്ല. അർബുദ രോഗങ്ങളോട് മല്ലിടുന്നവർ, വൈകല്യം ബാധിച്ചവർ, അവയവങ്ങൾ പ്രവർത്തനരഹിതമായവർ…ദുരന്തത്തിന്റെ വേട്ടയാടൽ ഇപ്പോഴും ഭോപ്പാലിനെ പിന്തുടർന്നുകൊണ്ടിരിക്കുന്നു. ദുരന്തം നടന്ന് മൂന്ന് തലമുറകൾക്ക് ശേഷമുള്ള സ്ത്രീകളിൽ പലർക്കും അമ്മയാകാൻ സാധിച്ചിട്ടില്ല.പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച യൂണിയന്‍ കാര്‍ബൈഡിന്റെ അന്നത്തെ സിഇഒ വാറന്‍ ആന്‍ഡേഴ്‌സണ്‍ മരണം വരെ ഇന്ത്യയില്‍ കാല്‍കുത്താതെ രക്ഷപ്പെട്ടു. അർഹമായ നഷ്ടപരിഹാരത്തിനായി നിരവധി പേർ ഇപ്പോഴും നിയമയുദ്ധത്തിലാണ്. ദുരന്തത്തിന്റെ മായാത്ത ഓര്‍മകള്‍ മനസിലും ശരീരത്തിലും ഏറ്റുവാങ്ങി ഭോപ്പാലിലെ ആയിരക്കണക്കിന് മനുഷ്യര്‍ ഇന്നും ജീവിതം തള്ളിനീക്കുന്നു.

Related Articles

Latest Articles