Wednesday, April 24, 2024
spot_img

പ്രചാരണം കടുക്കുന്നു; കോൺഗ്രസിന്റെ ഉമയും ഇടത് സ്ഥാനാർത്ഥി ജോ ജോസഫും നേർക്കുനേർ; ബിജെപി സ്ഥാനാർത്ഥിയെ ഇന്ന് തീരുമാനിക്കും

കൊച്ചി: തൃക്കാക്കരയിൽ തെരെഞ്ഞെടുപ്പ് പ്രചാരണം കടുക്കുകയാണ്. ഇടത് വലത് മുന്നണികൾ ഇന്നലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കളത്തിലിറങ്ങിയിരുന്നു. ഇനി ബിജെപി സ്‌ഥാനാർത്ഥി ആരാണെന്നുള്ളതറിയാൻ കാത്തിരിക്കുകയാണ് എല്ലാവരും. കോൺഗ്രസിന് തൃക്കാക്കര സിറ്റിംഗ് സീറ്റ് ആണ്. അത് നിലനിർത്താൻ എം എൽ എ ആയിരിക്കവെ അന്തരിച്ച പി ടി തോമസിന്‍റെ ഭാര്യ ഉമ തോമസിനെയാണ് കോൺഗ്രസ് രംഗത്തിറക്കിയത്. എന്നാൽ എൽ ഡി എഫ്, രാഷ്ട്രീയത്തിൽ സജീവമല്ലാത്ത ഡോ ജോ ജോസഫിനെ ഇന്നലെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു, നേരത്തെ കെ എസ് അരുൺ കുമാർ സ്ഥാനാർത്ഥിയാകുമെന്നാണ് ധാരണയായിരുന്നത്. അതനുസരിച്ച് അരുൺകുമാർ പ്രചാരണവും ആരംഭിച്ചിരുന്നു. എന്നാൽ അവസാന നിമിഷം സംസ്ഥാന നേതൃത്വം ഡോ. ജോ ജോസഫിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.

അതേസമയം, സ്ഥാനാർഥിയെ തീരുമാനിക്കാനുള്ള ചർച്ച ബിജെപിയിൽ തുടരുകയാണ്. ഇന്ന് കോഴിക്കോട് ചേരുന്ന പാർട്ടി കോർ കമ്മിറ്റിക്ക് ശേഷം പ്രഖ്യാപനം വരാനാണ് സാധ്യത. കൂടാതെ എ എ പിയും തൃക്കാക്കരയിൽ എത്താൻ സാധ്യതയുണ്ട്. തെരഞ്ഞെടുപ്പിൽ എ എ പി യുടെ സ്ഥാനാർത്ഥിയെ നിർത്തുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ഇതുവരെ ദേശീയ നേതൃത്വം എടുത്തിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം ഇടത് വലത് മുന്നണി സ്ഥാനാർത്ഥികൾ രംഗത്തിറങ്ങിയതോടെ തന്നെ തൃക്കാക്കരയിൽ പോരാട്ട ചൂടാണ്. നൂറ് സീറ്റാക്കാൻ, വികസനത്തിന് വോട്ട് എന്ന മുദ്രാവാക്യമാണ് ഇടത് മുന്നണിക്കാർ മുന്നോട്ട് വയ്ക്കുന്നത്. പി ടി തോമസിന്‍റെ വികസന സ്വപ്നങ്ങളും സർക്കാരിന്‍റെ ജനദ്രോഹ നയങ്ങൾക്കെതിരെയുമാണ് യു ഡി എഫ് പ്രചരണം.

Related Articles

Latest Articles