Thursday, April 25, 2024
spot_img

കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുടെ ദക്ഷിണാഫ്രിക്ക, നമീബിയ ഔദ്യോഗിക സന്ദർശനം നാളെ മുതൽ ജൂൺ 6 വരെ; സന്ദർശനം ഇന്ത്യ-ആഫ്രിക്ക ബന്ധത്തിന് വലിയ ഉത്തേജനമാകുമെന്ന് വിലയിരുത്തൽ

കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ നാളെ മുതൽ ജൂൺ 6 വരെ ആഫ്രിക്കൻ രാജ്യങ്ങളായ ദക്ഷിണാഫ്രിക്ക, നമീബിയ എന്നിവിടങ്ങളിൽ ഔദ്യോഗിക സന്ദർശനം നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

കേപ്‌ടൗണിൽ നടക്കുന്ന ബ്രിക്‌സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനാണ് നാളെ മുതൽ ജൂൺ 3 വരെ അദ്ദേഹം ദക്ഷിണാഫ്രിക്ക സന്ദർശിക്കുന്നത്. യോഗത്തിൽ പങ്കെടുക്കുന്നതിന് പുറമെ ദക്ഷിണാഫ്രിക്കൻ പ്രധാനമന്ത്രി നലേദി പാണ്ടറുമായി അദ്ദേഹം ഉഭയകക്ഷി കൂടിക്കാഴ്ചയും നടത്തും. ഇതിന് പുറമെ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസയെ സന്ദർശിക്കുകയും ബ്രിക്‌സ് വിദേശകാര്യ മന്ത്രിമാരുമായി ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തുകയും ചെയ്യും എന്നാണ് വിവരം. കേപ്ടൗണിലെ ഇന്ത്യൻ സമൂഹവുമായി അദ്ദേഹം ആശയവിനിമയം നടത്തും.

തൊട്ടടുത്ത ദിവസമായ ജൂൺ 4 മുതൽ ജൂൺ 6 വരെയാകും എസ് ജയശങ്കർ നമീബിയ സന്ദർശിക്കുക. ഒരു ഇന്ത്യൻ വിദേശകാര്യ മന്ത്രി ഇതാദ്യമായാണ് നമീബിയ സന്ദർശിക്കുന്നത്.

സന്ദർശന വേളയിൽ, നമീബിയയിലെ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുമെന്നും സർക്കാർ അറിയിച്ചു. നമീബിയൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ നെതുംബോ നന്ദി-ൻഡൈത്വയുമായുള്ള സംയുക്ത കമ്മീഷൻ മീറ്റിംഗിന്റെ ഉദ്ഘാടന സമ്മേളനത്തിൽ എസ്. ജയശങ്കർ സഹ-അദ്ധ്യക്ഷനായിരിക്കും. നമീബിയയിലെ ഇന്ത്യൻ സമൂഹവുമായും അദ്ദേഹം സംവദിക്കും.

കേന്ദ്ര വിദേശകാര്യ മന്ത്രിയുടെ ദക്ഷിണാഫ്രിക്കയിലെയും നമീബിയയിലെയും സന്ദർശനം ഈ രണ്ട് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ശക്തമായ ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ആഫ്രിക്കയുടെ അടിസ്ഥാന സൗകര്യങ്ങൾ, ഖനനം, എണ്ണ, പ്രകൃതി വാതകം എന്നീ മേഖലകളിൽ നേരത്തെതന്നെ ചൈന സാന്നിദ്ധ്യമറിയിച്ചപ്പോൾ ഇന്ത്യ വൈകിയാണെങ്കിലും പരിശീലനം, വിദ്യാഭ്യാസം, ശേഷി വർദ്ധിപ്പിക്കൽ തുടങ്ങിയ മേഖലകളിൽ സാന്നിദ്ധ്യമറിയിച്ചു. ഇത് രാജ്യങ്ങളിൽ മികച്ച സ്വീകാര്യത നേടി.

അടുത്തിടെ, 2018-2021 വരെയുള്ള നാല് വർഷ കാലയളവിൽ ആഫ്രിക്കയിൽ 18 പുതിയ ഇന്ത്യൻ മിഷനുകൾ തുറക്കുന്നതിന് കേന്ദ്ര കാബിനറ്റ് അംഗീകാരം നൽകി. ഇന്ത്യ-ആഫ്രിക്ക ബന്ധത്തിന് വലിയ ഉത്തേജനമായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.

Related Articles

Latest Articles