Saturday, April 20, 2024
spot_img

വലപ്പാട് സഹകരണ ബാങ്കിലെ ലൈംഗിക അതിക്രമ കേസ്; തൊഴിലിടത്തിൽ പീഡനമുണ്ടായാൽ പ്രതിക്കൊപ്പമാണോ ഭരണ സമിതി നിൽക്കേണ്ടത്?; പരാതിക്കാരിക്ക് പൊലീസ് സംരക്ഷണം നൽകാൻ ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: ലൈംഗിക അതിക്രമ കേസിലെ പരാതിക്കാരിക്ക് പൊലീസ് സംരക്ഷണം നൽകാൻ കേരള ഹൈക്കോടതി ഉത്തരവിട്ടു. തൃശ്ശൂർ വലപ്പാട് സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിക്കെതിരെ പരാതി നൽകിയ സീനിയർ ക്ലർക്കിന് സംരക്ഷണം നൽകാനാണ് സിംഗിൾ ബെഞ്ച് ഉത്തരവ്.

സെക്രട്ടറിയായ വി ആർ ബാബു തന്നെ 2010 മുതൽ നിരന്തരം ശാരീരികമായി പീഡിപ്പിച്ചുവെന്നാണ് യുവതി പരാതിയിൽ പറഞ്ഞത്. സംഭവത്തിൽ ലോക്കൽ കംപ്ലയിന്റ്സ് കമ്മിറ്റി അന്വേഷണം നടത്തി. തുടർന്ന് വി ആർ ബാബുവിനെ ജോലിയിൽ നിന്ന് മാറ്റിനിർത്തിയിരുന്നു. ഈ നടപടി ചോദ്യം ചെയ്ത് വി ആർ ബാബു സമർപ്പിച്ച ഹർജിയാണ് ഇന്ന് കേരള ഹൈക്കോടതി പരിഗണിച്ചത്.

പരാതിക്കാരിയും ഹർജിയിൽ കക്ഷിയായിരുന്നു. പ്രതിയായ വി ആർ ബാബു രാഷ്ട്രീയ സ്വാധീനമുള്ളയാളാണെന്നായിരുന്നു പരാതിക്കാരിയുടെ പ്രധാന വാദം. വി ആർ ബാബുവിൽ നിന്ന് തന്റെ ജീവന് ഭീഷണിയുണ്ടെന്നും പരാതിക്കാരി പറഞ്ഞു. ഇത് പരിഗണിച്ചാണ് പരാതിക്കാരിക്ക് പൊലീസ് സംരക്ഷണം ഒരുക്കാൻ കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്.

ഇടതുപക്ഷം ഭരിക്കുന്ന ഭരണസമിതിയാണ് വലപ്പാട് സർവീസ് സഹകരണ ബാങ്കിന്റേത്. സംഭവത്തിൽ പ്രതിയായ മുൻ സെക്രട്ടറി വി ആർ ബാബുവിന് ഒപ്പമാണ് ഭരണസമിതി. ഇന്ന് കേരള ഹൈക്കോടതിയിൽ ലോക്കൽ കംപ്ലൈന്റ്സ് കമ്മിറ്റി വി ആർ ബാബുവിനെതിരെ എടുത്ത നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഭരണസമിതിയും ഹർജി സമർപ്പിച്ചിരുന്നു. എന്നാൽ ഭരണസമിതിയെ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിമർശിച്ചു. തൊഴിലിടത്തിൽ പീഡനമുണ്ടായാൽ പ്രതിക്കൊപ്പമാണോ ഭരണ സമിതി നിൽക്കേണ്ടതെന്ന ചോദ്യം ഹൈക്കോടതി ഉന്നയിച്ചു.

Related Articles

Latest Articles