സൂറത്ത്: പ്രണയദിനത്തില്‍ പ്രണയിച്ച് വിവാഹം കഴിക്കില്ലെന്ന ദൃ‌ഢപ്രതിജ്ഞയുമായി ഗുജറാത്തിലെ ഒരുകൂട്ടം വിദ്യാര്‍ഥികള്‍. പ്രണയദിനമായ നാളെ സൂറത്തിലെ 10,000 ആണ്‍കുട്ടികളും പെണ്‍കുട്ടികളുമാണ് പ്രണയത്തിനെതിരായി പ്രതിജ്ഞയെടുക്കുക. പ്രണയിച്ച് വിവാഹം കഴിക്കില്ലെന്നും അച്ഛനും അമ്മയും പറയുന്നയാളെ മാത്രമേ വിവാഹം കഴിക്കൂ എന്നുമാണ് പ്രതിജ്ഞ. തങ്ങള്‍ പ്രണയബന്ധങ്ങള്‍ക്ക് അടിമപ്പെടില്ലെന്നും കുട്ടികള്‍ പ്രതിജ്ഞ ചെയ്യും. പരിപാടിയുടെ ഭാഗമായി കവി മുകുള്‍ ചോക്സി എഴുതിയ കവിതയാണ് കുട്ടികള്‍ പ്രതിജ്ഞയായി ചൊല്ലുക. സൂറത്തിലെ 15 സ്‍കൂളുകളിലും കോളേജുകളിലുമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

‘ഹാസ്യമേവ ജയതെ’ എന്ന സംഘടനയുടെ ഭാഗമായി കമലേഷ് മസാലവാല എന്ന തെറാപ്പിസ്റ്റ് ആണ് ഈ പരിപാടിക്ക് നേതൃത്വം നല്‍കുന്നത്. പ്രണയിക്കില്ലെന്ന് സ്വയം തീരുമാനമെടുത്ത 10,000 കുട്ടികളാണ് ഈ പരിപാടിയുടെ ഭാഗമാകുന്നതെന്നാണ് സംഘാടകര്‍ പറയുന്നത്.

യുവാക്കളുടെ പ്രണയബന്ധങ്ങള്‍ക്ക് തീരെ ആയുസ്സില്ലെന്നും ഒരു നിമിഷത്തെ എടുത്തുചാട്ടം കൊണ്ട് അവര്‍ എടുക്കുന്ന തീരുമാനങ്ങള്‍ തെറ്റാണെന്ന് വളരെപ്പെട്ടെന്ന് തന്നെ അവര്‍ക്ക് ബോധ്യമാകുന്നതായുമാണ് കമലേഷ് മസാലവാലയുടെ കണ്ടെത്തല്‍. തുടര്‍ന്നാണ് ഇദ്ദേഹം ഇങ്ങനെ ഒരു പരിപാടി ആസൂത്രണം ചെയ്തത്.