Tuesday, March 19, 2024
spot_img

വരാപ്പുഴ സ്ഫോടനം: നടന്നത് അനധികൃത പടക്കനിര്‍മ്മാണം!ഉണ്ടായിരുന്നത് പടക്കം നിർമ്മിക്കാനുള്ള ലൈസൻസ്; പീച്ചിയിലെ നിര്‍മ്മാണ ലൈസന്‍സിന്റെ മറവില്‍ വാരാപ്പുഴയിലും പടക്കമുണ്ടാക്കി

കൊച്ചി : വരാപ്പുഴയില്‍ സ്ഫോടനമുണ്ടായ പടക്കശാലയില്‍ സംഭവസമയത്ത് നടന്നിരുന്നത് അനധികൃത പടക്കനിര്‍മാണമെന്നു സ്ഥിരീകരിച്ച് പൊലീസ് അന്വേഷണ റിപ്പോർട്ട്. വരുന്ന ദിവസങ്ങളിലുള്ള ഉത്സവങ്ങൾ മുന്നിൽക്കണ്ടായിരുന്നു ദ്രുതഗതിയിലുള്ള അനധികൃത പടക്കനിർമ്മാണം. നിർമ്മാണത്തിനായി അസംസ്കൃത വസ്തുക്കള്‍ എത്തിച്ചു ദിവസങ്ങള്‍ക്കുള്ളിൽ ഫെബ്രുവരി 28 നായിരുന്നു സ്ഫോടനം നടന്നത്.

പടക്കശാല അനധികൃതമാണെന്നു അന്ന് തന്നെ ജില്ലാ കലക്ടര്‍ സ്ഥിരീകരിച്ചിരുന്നു. പടക്കങ്ങൾ വില്‍പന നടത്താനുള്ള ലൈസന്‍സിന്റെ മറവില്‍ പടക്കങ്ങളും വെടിക്കോപ്പുകളും അനധികൃതമായി സൂക്ഷിച്ചുവെന്നായിരുന്നു പ്രാഥമിക വിവരം. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പീച്ചിയിലുള്ള നിർമ്മാണ ലൈസന്‍സിന്റെ മറവില്‍ ഇവിടെയും പടക്കമുണ്ടാക്കിയെന്നു പൊലീസ് കണ്ടെത്തിയത്.

ജെന്‍സനാണ് നിര്‍മാണ ലൈസന്‍സ് ഉണ്ടായിരുന്നത് . നിർമ്മാണശാലയിലെ ഷെഡ്ഡിനുള്ളിലെ പടക്കങ്ങളിലാണ് ആദ്യം തീപിടിച്ചത്. പിന്നീട് വീട്ടിലേക്കു തീപടര്‍ന്നതോടെ വന്‍ സ്ഫോടനമുണ്ടായി. അപകടത്തില്‍ ജെൻസന്റെ ബന്ധു ഡേവിസ് മരിച്ചു. ജെന്‍സൻ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇതിനിടെ കേസിലെ രണ്ടാംപ്രതിയും തകര്‍ന്ന വീടിന്റെ ഉടമസ്ഥനുമായ മത്തായി വരാപ്പുഴ പോലീസിൽ കീഴടങ്ങി.

Related Articles

Latest Articles