Friday, March 29, 2024
spot_img

ഭാരതത്തിൻ്റെ സ്വന്തം എലിമെന്‍റ്സ് എത്തുന്നു; തദ്ദേശീയ സമൂഹ മാധ്യമ ആപ്പ് ഉപരാഷ്ട്രപതി പുറത്തിറക്കി

ബെംഗളൂരു: പൂർണമായും ഇന്ത്യൻ നിർമ്മിതമായ ആദ്യ സോഷ്യൽ മീഡിയ സൂപ്പർ ആപ്ലിക്കേഷൻ, എലിമെന്‍റ്സ് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു പുറത്തിറക്കി. ജീവനകലയുടെ ആചാര്യന്‍ ശ്രീശ്രീ രവിശങ്കറിന്‍റെ സാനിധ്യത്തില്‍ ബെംഗളൂരുവിലാണ് ചടങ്ങ് നടന്നത്. ശ്രീശ്രീ രവിശങ്കറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ആയിരത്തിലധികം ഐടി പ്രൊഫഷണലുകൾ ഒത്തുചേർന്ന്, ഇന്ത്യയിൽ നിർമ്മിച്ച ആപ്ലിക്കേഷനാണ് എലിമെന്‍റ്സ്.

വീഡിയോ കോൺഫറൻസ് വഴിയാണ് ഉപരാഷ്ട്രപതി ആപ്ലികേഷൻ പുറത്തിറക്കിയത്. എല്ലാ ഇന്ത്യക്കാരും ആത്മനിർഭർ ഭാരത് പദ്ധതിയിൽ പങ്കാളിയാകണമെന്നും ലോക്കൽ ഇന്ത്യയെ ഗ്ലോക്കൽ ഇന്ത്യയാക്കി പരിവർത്തനം ചെയ്യണമെന്നും ഉത്ഘാടന പ്രസംഗത്തിൽ ഉപരാഷ്ട്രപതി പറഞ്ഞു. ചടങ്ങിൽ യോഗ ഗുരു ബാബാ രാംദേവ്, രാജ്യസഭാ എംപി അയോദ്ധ്യ റാമി റെഡ്ഡി, മുൻ കേന്ദ്ര മന്ത്രി സുരേഷ് പ്രഭു തുടങ്ങിയവരും വീഡിയോ കോൺഫറൻസ് വഴി പങ്കെടുത്തു.

ഉപഭോക്താക്കളുടെ സ്വകാര്യത മുൻനിർത്തിയാണ് എലിമെന്‍റ്സ് നിർമ്മിച്ചിരിക്കുന്നത്. രാജ്യത്തെ മികച്ച സ്വകാര്യതാ പ്രൊഫഷണലുകൾ ആപ്ലിക്കേഷന്‍റെ രൂപകൽപ്പനയില്‍ നിർണായക പങ്കുവഹിച്ചു. ഈ ആപ്ലികേഷൻ ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങൾ ഇന്ത്യയിൽ സൂക്ഷിക്കുന്നതു കൂടാതെ ഉപയോക്താവിന്റെ വ്യക്തമായ അനുമതിയില്ലാതെ ഒരിക്കലും അവ മൂന്നാം കക്ഷിയുമായി പങ്കിടുന്നില്ല. എട്ടിലധികം ഇന്ത്യൻ ഭാഷകളിലും ആപ്ലിക്കേഷൻ ലഭ്യമാകും.

ജനപ്രിയ സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകളുടെ സവിശേഷതകൾ സംയോജിപ്പിച്ച് ഒരൊറ്റ ഏകീകൃത അപ്ലിക്കേഷനിൽ അവതരിപ്പിക്കുക എന്നതാണ് എലിമെന്‍റ്സിന്‍റെ ആശയം. നിരവധി മാസങ്ങളെടുത്ത് ആയിരത്തിലധികം ആളുകൾ ക്രൗഡ്-ടെസ്റ്റ് ചെയ്ത ശേഷമാണ് അന്തിമരൂപം പുറത്തിറക്കിയത്. 200,000-ത്തോളം ആളുകൾ ഇതിനോടകം അപ്ലിക്കേഷൻ ഡൗൺലോഡു ചെയ്‌ത് ഉപയോഗിച്ചുതുടങ്ങി. ഓഡിയോ / വീഡിയോ കോൺഫറൻസ് കോളുകൾ, എലിമെന്‍റ്സ് പേ വഴി സുരക്ഷിത പേയ്‌മെന്‍റുകൾ, പ്രാദേശിക ഭാഷകളിലുള്ള ശബ്ദ കമാൻഡുകൾ തുടങ്ങിയ സംവിധാനങ്ങൾ വരും ആഴ്ചകളിൽ ആപ്പിൽ ഉൾക്കൊള്ളിക്കും.

Related Articles

Latest Articles