Thursday, March 28, 2024
spot_img

ഭൂമിയിൽ എവിടെയും ലക്ഷ്യം വയ്ക്കാവുന്ന ഏറ്റവും പുതിയ മിസൈൽ പരീക്ഷിച്ചുവെന്ന് റഷ്യ; സൈന്യത്തിന് അഭിനന്ദനം, റഷ്യയെ ഭീഷണിപ്പെടുത്തുന്നവർ രണ്ടു വട്ടം ചിന്തിക്കണമെന്ന് വ്ലാദിമിർ പുടിൻ

മോസ്‌കോ: ഏറ്റവും പുതിയ മിസൈൽ പരീക്ഷിച്ച് റഷ്യ. സർമറ്റ് ഇൻ്റർകോണ്ടിനെൻ്റൽ ബലിസ്റ്റിക് മിസൈലാണ് റഷ്യ വിജയകരമായി പരീക്ഷിച്ചിരിക്കുന്നത്. റഷ്യയുടെ അടുത്ത തലമുറ മിസൈലുകളിൽ പെട്ട ഒരു മിസൈലാണ് സർമറ്റ്. യുക്രൈനിനെ തകർക്കാൻ പുതിയ മിസൈലുകൾ പരീക്ഷിക്കുകയാണ് എന്നും റഷ്യയെ ഭീഷണിപ്പെടുത്തുന്നവർ രണ്ടു തവണ ചിന്തിക്കണമെന്നും റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ പറഞ്ഞു.

ആണവശേഷിയുള്ള ബാലിസ്റ്റിക് മിസൈൽ റഷ്യ വിജയകരമായി പരീക്ഷിച്ചു എന്നും അദ്ദേഹം വ്യക്തമാക്കി. ഫെബ്രുവരി 24 മുതൽ ആയിരുന്നു റഷ്യ – യുക്രൈൻ യുദ്ധം ആരംഭിച്ചത്. യുദ്ധം തുടങ്ങി മാസങ്ങൾ പിന്നിടുകയാണ്. ഇതിന് പിന്നാലെയാണ് വീണ്ടും പ്രതികരിച്ച് പുടിൻ രംഗത്തെത്തിയിരിക്കുന്നത്.

വിദഗ്ധർ സാത്താൻ 2 എന്ന് വിളിക്കുന്ന സർമാറ്റ് മിസൈലാണ് റഷ്യ അടുത്തതായി പരീക്ഷിക്കുന്ന മിസൈലുകളിൽ ഒന്ന്. ഇതിൽ കിൻസാൽ, അവാൻഗാർഡ് ഹൈപ്പർസോണിക് മിസൈലുകളും ഉൾപ്പെടുന്നതായി പുടിൻ വ്യക്തമാക്കി. ഫെബ്രുവരി 24 മുതൽ റഷ്യൻ സൈന്യം പ്രത്യേക സൈനിക ഓപ്പറേഷനിൽ ഏർപ്പെട്ടിരിക്കുകയാണെന്നും പുടിൻ കൂട്ടി ചേർത്തു. അതേസമയം, യുക്രൈനിനെ ലക്ഷ്യം വെച്ച് ആക്രമിക്കാൻ ആദ്യം കിൻസാൽ എന്ന മിസൈൽ ഉപയോഗിച്ചതായി റഷ്യ കഴിഞ്ഞ മാസം പറഞ്ഞിരുന്നു.

“ബാലിസ്റ്റിക് മിസൈലിന്റെ വിജയകരമായ വിക്ഷേപണത്തിന് ഞാൻ നിങ്ങളെ അഭിനന്ദിക്കുന്നു,” എന്നായിരുന്നു പുടിൻ സൈന്യത്തോട് പറഞ്ഞത്. ബുധനാഴ്ച ഉളള ടെലിവിഷൻ പ്രസ്താവനയിൽ ആയിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സായുധ സേനയുടെ പോരാട്ട ശേഷി ശക്തിപ്പെട്ടു. ഭീഷണികളിൽ നിന്ന് സൈന്യം റഷ്യയുടെ സുരക്ഷ ഉറപ്പാക്കുന്നു. നമ്മുടെ രാജ്യത്തെ ഭീഷണിപ്പെടുത്താൻ ശ്രമിക്കുന്നവരെ രണ്ടു തവണ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതാണ് സൈന്യത്തിന്റെ പോരാട്ടം എന്നും പുടിൻ പറഞ്ഞു. അതേസമയം, വടക്കൻ റഷ്യയിലെ പ്ലെസെറ്റ്സ്ക് കോസ്മോഡ്രോമിൽ പരീക്ഷണം വിജയകരമായിരുന്നുവെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു. റഷ്യയുടെ ഫാർ ഈസ്റ്റിലെ കാംചത്ക ഉപദ്വീപിലെ പരീക്ഷണ ശ്രേണിയിലേക്ക് മിസൈലുകൾ എത്തിച്ചതായി മന്ത്രാലയം അറിയിച്ചു.

ലോകത്തിലെ ഏറ്റവും ശക്തമായ മിസൈലാണ് സർമാറ്റ്. ഇത് റഷ്യയുടെ രാജ്യത്തിന്റെ തന്ത്രപ്രധാനമായ ആണവ ശക്തികളുടെ പോരാട്ട ശക്തിയെ ഗണ്യമായി വർദ്ധിപ്പിക്കും.

അതേസമയം, യുക്രൈനിൽ റഷ്യ ആക്രമണം കടുപ്പിക്കുകയാണ്. ഡോൺബാസ്, ലുഹാൻസ്ക്, ഖാർകീവ് തുടങ്ങിയ നഗരങ്ങളിലുണ്ടായ ആക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടതായി ഇന്നലെ റിപ്പോർട്ടുകൾ വന്നിരുന്നു. കിഴക്കൻ ഡോൺബാസ് മേഖലയിലെ റഷ്യൻ ആക്രമണം പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി സ്ഥിരീകരിച്ചു.

Related Articles

Latest Articles