Thursday, April 25, 2024
spot_img

ധീരസൈനികരുടെ പോരാട്ടത്തിന്‍റെ ഓർമദിനം; വെള്ളത്തിനടിയിലെ ഏറ്റവും വലിയ ഛായാചിത്രത്തിനുള്ള യൂണിവേഴ്സൽ വേൾഡ് റെക്കോർഡ് കരസ്ഥമാക്കി പാങ്ങോട് മിലിട്ടറി സ്റ്റേഷനിലെ ക്യാപ്റ്റൻ വിക്രം ബത്രയുടെ ഛായാചിത്രം; യുദ്ധ നായകന്മാർക്ക് പുഷ്പചക്രം അർപ്പിച്ച് മിലിട്ടറി സ്റ്റേഷൻ കമാൻഡർ

കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ ഓർമദിനമായാണ് എല്ലാ വർഷവും ജൂലൈ 26-ന് കാർഗിൽ വിജയ് ദിവസ് ആചരിക്കുന്നത്. കാർഗിൽ വിജയ് ദിവസ് ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം പാങ്ങോട് മിലിട്ടറി സ്റ്റേഷനിൽ ആർട്ടിസ്റ്റ് ഡാവിഞ്ചി സുരേഷ് സ്ഥാപിച്ച കാർഗിൽ രക്തസാക്ഷിയും പരംവീർ ചക്ര ജേതാവുമായ ക്യാപ്റ്റൻ വിക്രം ബത്രയുടെ ഛായാചിത്രം വെള്ളത്തിനടിയിലെ ഏറ്റവും വലിയ ഛായാചിത്രത്തിനുള്ള യൂണിവേഴ്സൽ വേൾഡ് റെക്കോർഡ് കരസ്ഥമാക്കി. കാർഗിൽ വിജയ് ദിവസ് സ്മരണയ്ക്കായി ബോണ്ട് വാട്ടർ സ്‌പോർട്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്‌കൂബ ടീമുമായി ചേർന്നാണ് കരസേന ഈ പരിപാടി നടത്തിയത്.

പ്രസ്തുത ചടങ്ങിൽ യൂണിവേഴ്‌സൽ റെക്കോർഡ് ഫോറം അധികൃതർ വേൾഡ് റെക്കോർഡ് സർട്ടിഫിക്കറ്റ് കൈമാറി. ടൈലുകൾ ഉപയോഗിച്ച് സൃഷ്ടിച്ച 1500 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വെള്ളത്തിനടിയിലെ ഛായാചിത്രം പൂർത്തിയാക്കാൻ 8 മണിക്കൂർ ആവശ്യമായിരുന്നു. മുഖ്യാതിഥിയായ പാങ്ങോട് മിലിട്ടറി സ്റ്റേഷൻ കമാൻഡർ, ആർട്ടിസ്റ്റ് ഡാവിഞ്ചി സുരേഷിനും ബോണ്ട് വാട്ടർ സ്‌പോർട്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ടീമിനും മെമന്റോ കൈമാറി. പരിപാടിയുടെ ഭാഗമായി സൈനിക ബാൻഡ് ഡിസ്‌പ്ലേയും ഒരുക്കി.

കൂടാതെ ഇന്ന് രാവിലെ നടന്ന ചടങ്ങിൽ പാങ്ങോട് യുദ്ധസ്മാരകത്തിൽ കാർഗിൽ യുദ്ധ നായകന്മാർക്ക് പാങ്ങോട് മിലിട്ടറി സ്റ്റേഷൻ കമാൻഡർ പുഷ്പചക്രം അർപ്പിക്കുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു.

Related Articles

Latest Articles