Friday, April 26, 2024
spot_img

സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ടിന്റെ വിവിധ ഓഫീസുകളിൽ വ്യാപക NIA റെയ്ഡ്; നേതാക്കളുടെ വീടുകളിലും പരിശോധന, PFI സംസ്ഥാന സമിതി അംഗം കസ്റ്റഡിയിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ടിന്റെ വിവിധ ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എൻഐഎ പരിശോധന. 50 സ്ഥലങ്ങളിലാണ് ഒന്നിച്ച് പരിശോധന നടക്കുന്നത്. ദില്ലിയിലും കേരളത്തിലും രജിസ്റ്റർ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിലാണ് എൻ ഐ എ നടപടി. ഇന്ന് വെളുപ്പിന് 4 മണിക്കാണ് റെയ്ഡ് ആരംഭിച്ചത്. കേന്ദ്രസേനയുടെ അകമ്പടിയോടെയാണ് റെയ്ഡ്. അതിനിടെ, പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതി അംഗത്തെ എൻഐഎ കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെയാണ് തൃശൂർ പെരുമ്പിലാവ് സ്വദേശി യഹിയ തങ്ങളെ പെരുമ്പിലാവിലെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തത്.

പോപ്പുലർ ഫ്രണ്ടിന്റെ മണക്കാട്ടുള്ള തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിലും പോപ്പുലർ ഫ്രണ്ട് നേതാവ് അഷറഫ് മൗലവിയുടെ പൂന്തുറയിലെ വീട്ടിലും എറണാകുളത്ത് പോപ്പുലർ ഫ്രണ്ട് വൈസ് പ്രസിഡണ്ട് ഇ എം അബ്ദുൾ റഹ്മാന്റെ വീട്ടിലും കോട്ടയം ജില്ല പ്രസിഡന്റ് സൈനുദീന്റെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. അതേസമയം, റെയ്ഡിനെതിരെ പലയിടത്തും പ്രവർത്തകരുടെ പ്രതിഷേധമുയരുന്നുണ്ട്.

പത്തനംതിട്ടയിൽ രണ്ടിടത്ത് അന്വേഷണ സംഘം പരിശോധന നടത്തുന്നുണ്ട്. ജില്ലാ പ്രസിഡന്റിന്റെ കൊന്നമൂട്ടിലെ വീട്ടിലും അടൂർ പറക്കോട്ടുള്ള ജില്ലാ കമ്മിറ്റി ഓഫീസിലുമാണ് റെയ്ഡ്. കണ്ണൂരിലും റെയ്ഡ് നടക്കുന്നുണ്ട്.

Related Articles

Latest Articles