Friday, April 19, 2024
spot_img

കാട്ടാന ഭീതിയിൽ വയനാട്; വീടിനുള്ളില്‍ കയറിവരെ ആക്രമണം, ഉറക്കമൊഴിച്ച് കാവലിരുന്നു നാട്ടുകാർ

വയനാട്: കാട്ടാന ഭീതിയിൽ പരിഭ്രാന്തരായിരിക്കുകയാണ് വയനാട്ടിലെ ജനങ്ങൾ. കാടുവിട്ട് നാട്ടിലിറങ്ങുന്ന കാട്ടാനകളെ കൊണ്ട് രണ്ട് മാസത്തിലേറെയായി പൊറുതിമുട്ടിയിരിക്കുകയാണ്. ഒരു മാസം മുൻപാണ് മേപ്പാടി അരുണമലകോളനിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചത്. കഴിഞ്ഞ ദിവസം വൈത്തിരിയിൽ ചുള്ളികൊമ്പന്‍റെ ആക്രമണത്തിൽ വയോധികന് ഗുരുതര പരിക്കേറ്റിരുന്നു. പുലർച്ചെ വീട്ടിനുള്ളിലേക്ക് കയറിയായിരുന്നു കാട്ടാനയുടെ പരാക്രമം.

പ്രദേശത്തെ നിരവധി വീടുകളിലെത്തി വാഹനങ്ങൾ നശിപ്പിക്കുകയും നാഷനഷ്ട്ടങ്ങൾ ഉണ്ടാക്കുകയും ചെയ്യാറുണ്ടെന്നാണ് പരാതി. രാത്രി വീടിന് പുറത്തിറങ്ങാനാവാത്ത അവസ്ഥയിലാണ് ജനങ്ങൾ. എന്നാൽ നാട്ടുകാരുടെ പരാതികൾക്ക് യാതൊരു പരിഹാരവും വനം വകുപ്പ് നടത്താത്ത സാഹചര്യത്തിൽ വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കുന്നുണ്ട്. മുൻപ് കാട്ടാനകളുടെ സാന്നിധ്യമില്ലാത്ത പ്രദേശങ്ങളിൽ പോലും ശല്യം കൂടുന്നുവെന്നാണ് പരാതി. ആനകൾ റോഡുകൾ മുറിച്ചുകടക്കുന്നതും അപകടങ്ങൾക്കിടയാക്കുന്നു. യാത്രികർ പലപ്പോഴും തലനാരിഴയ്ക്കാണ് രക്ഷപ്പെടുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി ഏറെ പണിപ്പെട്ട് കാട്ടിലേക്ക് ആനകളെ തുരത്തുന്നുണ്ടെങ്കിലും പുലർച്ചെയോടെ ഇവ കൂട്ടത്തോടെ തിരികെയെത്തും.

കാട്ടാന ശല്യത്തിൽ നിന്ന് സംരക്ഷണം ആവിശ്യപ്പെട്ട് ജനങ്ങൾ സമരം നടത്തുകയാണ്. വയനാട് ജില്ലയിലെ പലയിടങ്ങളിലും റോഡും, വനം വകുപ്പ് ഓഫീസുകളും ഉപരോധികൊണ്ടുള്ള പ്രതിഷേധ സമരമാണ് നടക്കുന്നത്. കാട്ടാന ശല്യത്തിന് പരിഹാരം കണ്ടെത്താൻ ശാസ്ത്രീയ പ‌ഠനങ്ങൾ വേണമെന്നാണ് ആവശ്യം.

Related Articles

Latest Articles