Featured

ലോകത്തെ ഞെട്ടിച്ച ബാങ്ക് കവർച്ച, സിനിമകളെ വെല്ലുന്ന ചരിത്രം..!!

ചരിത്രം സൃഷ്ടിച്ച ബാങ്ക് കവർച്ച,,,,

ആൽബർട്ട് സ്പാഗിയേരിയുടെ (Albert Spaggiari) നൈസിലെ സ്റ്റുഡിയോ കെട്ടിടത്തിന് സമീപത്തായിരുന്നു സൊസൈറ്റി ജനറൽ ബാങ്ക്. ഒരു ദിവസം ബാങ്കിൽ നിൽക്കവേ ഒരു ഓവു ചാൽ ഒഴുകുന്നതിന്റെ ശബ്ദം അയാൾ കേൾക്കുകയുണ്ടായി. ബാങ്കിന്റെ സ്ഥാനത്തിന്റെ പ്രത്യേകത സ്പാഗിയേരിയുടെ നിഗൂഡ ബുദ്ധിയിൽ ഒരു തീപ്പൊരി ഉണ്ടാക്കി. ബാങ്കിന്റെ ലോക്കർ റൂം സ്ഥിതി ചെയ്യുന്നത് ഓവുചാലിന്റെ മേലെയാണെന്ന് അയാളുടെ കൂർമ്മബുദ്ധി കണ്ടെത്തി. അതോടെ അയാൾ തന്റെ മനസ്സിലുള്ള ആശയത്തിന് വേണ്ടി പ്രവർത്തിച്ചു തുടങ്ങി. ഒടുവിലൊരു നാൾ അയാൾ തന്റെ പദ്ധതി അസന്ധിഗ്ദമായി നിശ്ചയിച്ചു. സൊസൈറ്റി ജനറൽ ബാങ്ക് കൊള്ളയടിക്കുക…

തുടർന്നുള്ള ദിവസങ്ങൾ മോഷണത്തിനു വേണ്ടിയുള്ള ആലോചനകളുടേതായിരുന്നു. കൂട്ടിയും കിഴിച്ചും ഒടുവിൽ സ്പാഗിയേരി കൃത്യമായ ഒരു മാസ്റ്റർപ്ലാൻ ആവിഷ്ക്കരിച്ചു. പിന്നീട് കവർച്ചകളുടെ ചരിത്രത്തിലെ തന്നെ എക്കാലത്തേയും ബ്രില്യൻസിയായി മാറിയ രൂപരേഖയും പദ്ധതിയുമായിരുന്നു അത്. സ്പാഗിയേരി ആദ്യം ചെയ്തത് ബാങ്കിലെ ഒരു ലോക്കർ ബോക്സ് വാടകക്കെടുക്കുക എന്നതായിരുന്നു. അങ്ങനെ അയാൾ നിക്ഷേപത്തിന് എന്ന വ്യാജേന ലോക്കർ റൂമിൽ കയറി. ബുദ്ധി കൂർമ്മത കൊണ്ട് അയാൾ അകത്തളത്തിന്റെ രൂപരേഖ മനസ്സിൽ കൃത്യമായി കുറിക്കുകയും ലോക്കറിനേക്കുറിച്ചും അതിന്റെ സുരക്ഷയെക്കുറിച്ചും ഒരു അവബോധം ഉണ്ടാക്കി എടുക്കുകയും ചെയ്തു. തുടർന്ന് അയാൾ ഒരു ലൗഡ് അലാറo ക്ലോക്ക് ലോക്കറിനുള്ളിൽ വെച്ചു പൂട്ടി.

രാത്രി കാലത്ത് അലാറം പുറപ്പെടുവിക്കുന്ന തരത്തിൽ ക്ലോക്ക് സെറ്റ് ചെയ്തു വെച്ചിരുന്നു. ക്ലോക്കിൽ നിന്നും രാത്രിയിൽ അലാറം ശബ്ദം പുറപ്പെടുവിക്കുമ്പോൾ, അസ്വഭാവികമായ എന്തെങ്കിലും സംഭവിച്ചാൽ ബാങ്കിന്റെ സുരക്ഷാ ക്രമീകരണം എങ്ങനെയായിരിക്കും എന്നും, തൽഫലമായി ലോക്കർ റൂമിൽ നിന്ന് എന്തെങ്കിലും സൈറൺ മുഴങ്ങുമോ എന്നും പരീക്ഷിക്കുകയായിരുന്നു സ്പാഗിയേരി. പിന്നീട് നിരീക്ഷണത്തിൽ നിന്നും അത്തരം സുരക്ഷാ ക്രമീകരണങ്ങൾ ഒന്നും തന്നെ അവിടെയില്ല എന്ന് അയാൾക്ക് മനസ്സിലായി. സൊസൈറ്റി ജനറൽ ബാങ്കിന്റെ ലോക്കർ റൂം, സാധാരണ ബാങ്കുകളിലേതിനേക്കാൾ കനത്ത ചുമരുകളാൽ സംരക്ഷിക്കപ്പെട്ടിരുന്നു. വാതിലിന്റെ കരുത്താകട്ടെ പതിൻമ്മടങ്ങായിരുന്നു. അതുകൊണ്ട് തന്നെ എക്സ്ട്രാ അലാം സംവിധാനത്തിന്റെ ആവശ്യകത ലോക്കർ റൂമിന് ആവശ്യമുണ്ടായിരുന്നില്ല. പദ്ദതിയുടെ ആദ്യഘട്ടം വിജയിച്ചു എന്ന് അയാൾ അനുമാനിച്ചു.

തുടർന്നയാൾ ബാങ്കിന്റേയും ലോക്കറിന്റേയും പ്ലാനുകൾ വിശദമായി വരക്കുകയും ഓപ്പറേഷൻ ഏതുവിധമായിരിക്കണമെന്ന് തീരുമാനിക്കുകയും ചെയ്ത ശേഷം ഒരു നിഗമനത്തിലെത്തി. താൻ നേരിട്ടു മോഷണത്തിൽ പങ്കെടുക്കുന്നില്ല. തുടർന്ന്, അയാൾ നേരേ പോയത് ഫ്രാൻസിലെ മാഴ്സില്ലെസ് സിറ്റിയിലേക്കായിരുന്നു. വാടക ഗ്യാങ്ങുകളും ഗ്യാങ്സ്റ്റേഴ്സും ഒരുപാടുള്ള സ്ഥലം. അവിടുത്തെ അറിയപ്പെടുന്ന ഒരു ഗ്യാങ്ങുമായി അയാൾ കൂടിയാലോചന നടത്തി. ഈ ഗ്യാങ്ങിൽ അയാളുടെ പഴയ സുഹൃത്തുക്കളും ഉണ്ടായിരുന്നു. അവിടെ വെച്ച് ആൽബേർട്ടോ സ്പാഗിയേരി തന്റെ ഡീൽ ഉറപ്പിച്ചു.

മെയ് മാസത്തിലെ ഒരു രാത്രിയിൽ ആൽബേർട്ടോ സ്പാഗിയേരിയും കൂട്ടാളികളും സൊസൈറ്റി ജനറൽ ബാങ്കിന്റെ പരിസരത്ത് നിഴലുകൾ പോലെ ഒത്തുചേർന്നു. രാത്രി അതിന്റെ മധ്യത്തിലൂടെ കടന്നു പോകുമ്പോൾ ബാങ്കിനോട് ചേർന്നുള്ള ഓവു ചാലിൽ നിന്നും ബാങ്കിന്റെ നിലവറയുടെ ചുവട്ടിലേക്ക് ഒരു ഭൂഗർഭ തുരങ്ക നിർമാണം അവർ ആരംഭിച്ചു. ടണൽ നിർമാണം ആരംഭിക്കും മുൻപേ കൃത്യമായി പാലിക്കപ്പെടേണ്ട ചില മുൻകരുതലുകൾ അയാൾ തന്റെ ഗ്യാങ്ങിന് നിർദേശിച്ചു കൊടുത്തു. രാവും പകലും ജോലി, തുടർച്ചയായി ഡ്രില്ലിങ്ങിലേർപ്പെട്ട് കൊണ്ടേയിരിക്കണം, ഷിഫ്റ്റ് അനുസരിച്ച് ആളുകൾ മാറി മാറി ജോലി ചെയ്യണം. ജോലിക്കിടയിൽ കോഫി,ആൽക്കഹോൾ എന്നിവ ഒഴിവാക്കണം. ഷിഫ്റ്റ് പൂർത്തിയാക്കുന്നവർ 10 മണിക്കൂർ നിർബന്ധമായി ഉറങ്ങുക. ഓവു ചാലിൽ നിന്ന് ബാങ്ക് നിലവറയുടെ ചുവട്ടിലേക്കുള്ള ആ ടണൽ നിർമ്മാണത്തിന് കൃത്യം രണ്ടു മാസം സമയമെടുത്തു. എട്ട് മീറ്റർ നീളമുണ്ടായിരുന്നു ആ ടണലിന്.

രണ്ട് മാസങ്ങൾക്ക് ശേഷം 1976 July 16
ഫ്രാൻസിലെ വലിയ ആഘോഷമായ ബാസ്‌റ്റില്ലേയ് ഫെസ്റ്റിവൽ കാലമായിരുന്നു അത്. ബാങ്ക് ഒരു വാരാന്ത്യത്തോളം അടഞ്ഞു കിടന്ന സമയം. സ്പാഗിയാരിയുടെ ഗ്യാങ് അന്നേ ദിവസം ബാങ്ക് നിലവറ തകർത്ത് അതിനുള്ളിൽ കയറി. നിലവറയ്ക്കുള്ളിൽ പ്രവേശിച്ച അന്ന്, അതിനുള്ളിൽ സ്പാഗിയേരി തന്റെ ടീമിന് അതി വിശിഷ്ഠമായ ഒരു ലഞ്ച് ഒരുക്കി. തുരന്ന നിലവറച്ചുമർ അകത്തു നിന്നും വെൽഡ് ചെയ്തതിനു ശേഷം അവർ ഒരുമിച്ച് ആ നിലത്തിരുന്ന് ഭക്ഷണം കഴിച്ചു. ഫ്രെഞ്ച് ഭക്ഷണമായ പേറ്റും (Pate) വൈനുമെല്ലാം ഒഴുകിയ ആ ലഞ്ച്, ഒരു പിക്നിക് മൂഡിലുള്ള ലഞ്ച് പോലെയായിരുന്നു.

400 സേഫ് ഡെപ്പോസിറ്റ് ബോക്സുകൾ സൊസൈറ്റി ജനറൽ ബാങ്കിന്റെ നിലവറയിലുണ്ടായിരുന്നു. സാവധാനം സമയമെടുത്ത് അവയയിലെ സാധനനങ്ങളത്രയും അവർ ചാക്കിൽ കെട്ടി. പണമായി ഏകദേശം 30-60 ദശലക്ഷം ഫ്രാങ്ക്സ് മോഷ്ടിക്കപ്പെട്ടു .ഒപ്പം അതീവ രഹസ്യങ്ങളും വിലപിടിപ്പുള്ളതുമായ ഒട്ടനവധി ഡോക്യുമെന്റുകളും വസ്തുക്കളും സ്പാഗിയേരിയുടേയും സംഘത്തിന്റേയും കയ്യിലായി. അതുവരെയുള്ള ചരിത്രത്തിലെ എക്കാലത്തേയും വലിയ ബാങ്ക് കവർച്ചയായി മാറി സൊസൈറ്റി ജനറൽ ബാങ്ക് കവർച്ച. അവധിക്കാലം കഴിഞ്ഞ് ബാങ്ക് തുറക്കുന്നതിന്റെ തൊട്ട് മുൻപത്തെ ദിവസം, അതായത് ജൂലൈ 20 ന് – സ്പാഗിയേരിയും ടീമും അവിടെ നിന്നും കടന്നുകളഞ്ഞു. പോകും മുൻപ് നിലവറയുടെ ചുമരുകളിലൊരിടത്ത് ആൽബെർട്ട് സ്പാഗിയേരി ഇങ്ങനെ ഒരു സന്ദേശം കോറിയിട്ടു.
sans armes, ni haine, ni violence
(“without weapons, nor hatred, nor violence”)
ബാങ്ക് ഉധ്യോഗസ്ഥർക്കും പോലീസിനും ഈ ലോകത്തിനുമുള്ള സന്ദേശമായിരുന്നു അത്. അവിടെ താൻ മറ്റു കവർച്ചക്കാരിൽ നിന്നും തികച്ചും വ്യത്യസ്ഥനാണെന്ന് ലോകത്തോട് പ്രഖ്യാപിക്കുകയായിരുന്നു സ്പാഗിയേരി ചെയ്തത്.

മാസങ്ങൾക്ക് ശേഷം ഒക്ടോബറിൽ, പോലീസിന് കേസിനാസ്പദമായ ഒരു തെളിവ് ലഭിച്ചു. സ്പാഗിയേരിയുടെ മുൻ കാമുകിയിൽ നിന്ന് കിട്ടിയ സൂചന പ്രകാരം അന്വേഷണ വഴികൾ സ്പാഗിയേരിയിലേക്കും കൂട്ടാളികളിലേക്കും നീണ്ടു. ഒരാളെ അറസ്റ്റ് ചെയ്തു. നീണ്ട ചോദ്യം ചെയ്യലിനു ശേഷം അയാൾ കുറ്റം സമ്മതിച്ചു. ഒരു ഫോട്ടോഗ്രാഫർ എന്ന നിലയിൽ സഞ്ചാരത്തിലെന്ന് തോന്നലുണ്ടാക്കി പോയിരുന്ന സ്പാഗിയേരി, മടങ്ങി വരും വഴി എയർ പോർട്ടിൽ വെച്ച് അറസ്റ്റിലായി.

പക്ഷേ സ്പാഗിയേരി കുറ്റം സമ്മതിച്ചില്ല. അയാൾക്ക് ഒരു ഫ്രെഞ്ച് ലീഡറുമായി തനിക്ക് ബന്ധമുണ്ടെന്ന് നീതിന്യായ വ്യവസ്ഥയെ ബോധിപ്പിക്കാനായി, അതി ബുദ്ധിപരമായി വായിക്കാൻ വളരെ ശ്രമകരവും ഒരു ഡി കോഡിങ് അസാധ്യവുമായ ഡോക്യുമെന്റ് നിർമ്മിക്കുകയും, അത് ജഡ്ജിന് സമർപ്പിക്കുകയും ചെയ്തു. ഇത് തന്റെ രക്ഷപെടലിനു വേണ്ടി സ്പാഗിയേരി വിദഗ്ദമായി പ്ലാൻ ചെയ്ത ഒന്നായിരുന്നു. വിചാരണ വേളയിൽ ഇത് വായിച്ച് കൊണ്ടിരിക്കുകയായിരുന്ന ജഡ്ജിയേയും പോലീസ് ഉധ്യോഗസ്ഥരേയും പൊടുന്നനെ അസ്ത്രപ്രജ്ഞരാക്കിക്കൊണ്ട് ഒരു ഹോളിവുഡ് ഹീറോയെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ അയാൾ രണ്ടാം നിലയിലെ ജനാലയിലൂടെ താഴേക്ക് ചാടി. പാർക്ക് ചെയ്തിരുന്ന ഒരു കാറിന്റെ മേലേക്കാണയാൾ ചാടി വീണത്. നിമിഷം കൊണ്ട് പാർക്കിങ്ങ് ഏരിയയിലെ ഒരു മോട്ടോർ സൈക്കിളിന്റെ പിന്നിലിരുന്ന് അജ്ഞാതമായ ഒരിടത്തേക്ക് അയാൾ പാഞ്ഞു പോയി.

ചില റിപ്പോർട്ടുകൾ പ്രകാരം, ആ കാറിന്റെ ഉടമ പിന്നീട് തന്റെ വാഹനത്തിന്റെ കേടുപാടുകൾ തീർക്കാൻ വേണ്ടി ഒരു 5000 ഫ്രാങ്ക്സ് ചെക്ക് തപാൽ വഴി ലഭിച്ചു എന്നവകാശപ്പെടുകയുണ്ടായി. സ്പാഗിയേരിയെ മോട്ടോർ സൈക്കിളിൽ രക്ഷപെടുത്തിയത് ഒരു ഫ്രെഞ്ച് പൊളിറ്റിക്കൽ നേതാവാണെന്ന് കിംവദന്തിയും അഭ്യൂഹവും പരക്കുകയുണ്ടായി. പിന്നീട് ഒരിക്കലും ആൽബേർട്ട് സ്പാഗിയേരി എന്ന റോബറി മാസ്റ്റർ മൈന്റിനെ ആരും കണ്ടില്ല.
തുടർന്ന് കേട്ടതൊക്കേയും അഭ്യൂഹങ്ങൾ മാത്രമായിരുന്നു. സ്പാഗിയേരി അർജന്റീനയിലേക്ക് കടക്കുകയും അവിടെ വെച്ച് മുഖം പ്ലാസ്റ്റിക് സർജറി ചെയ്ത് തിരിച്ചറിയപ്പെടാതെ ജീവിക്കുകയും ചെയ്തു എന്ന് ചിലർ പറയുന്നുണ്ട്. ഒരു പൊളിറ്റിക്കൽ കൊലപാതകവുമായി ആൽബർട്ടോ സ്പാഗിയേരിയുടെ പേരിനെ CIA ഒരിക്കൽ ബന്ധപ്പെടുത്തുകയുണ്ടായി. അമ്മയേയും ഭാര്യയേയും കാണാൻ അയാൾ പലതവണെ ഫ്രാൻസിലെത്തിയെന്ന് ഉറപ്പില്ലാത്ത ചില കിംവദന്തികളും അക്കാലത്ത് പരന്നു. ചില ഫ്രെഞ്ച് പത്രങ്ങളാകട്ടെ, ത്രോട്ട് കാൻസറിനെ തുടർന്ന് 1989 ജൂൺ 10 ന് അമ്മയുടെ വീടിനോട് ചേർന്ന് ആൽബേർട്ട് സ്പാഗിയേരിയുടെ ഡെഡ്ബോഡി കണ്ടെത്തി എന്ന അവിശ്വാസനീയമായ റിപ്പോർട്ടുകൾ പുറത്ത് വിട്ടു.

പക്ഷെ വാസ്തവം ഇന്നും അജ്ഞാതമാണ്. ഈ മോഷണത്തെ ആസ്പദമാക്കി നിരവധി സിനിമകൾ പിന്നീട് പുറത്തിറങ്ങി. എന്തു തന്നെയായാലും ഒരു കാലത്ത് ലോകം കണ്ട ഏറ്റവും ബ്രില്യന്റ് ബാങ്ക് കവർച്ചയുടെ സൂത്രധാരനേയും, അന്ന് കവർച്ച ചെയ്യപ്പെട്ട വലിയ സ്വത്തുക്കളും പിന്നീട് ഒരിക്കലും കണ്ടെത്തുകയേ ഉണ്ടായില്ല.

Anandhu Ajitha

Recent Posts

ബംഗ്ലാദേശിൽ വീണ്ടും ഹൈന്ദവ വേട്ട !!ഹിന്ദു യുവാവിനെ മർദിച്ചവശനാക്കിയ ശേഷം ജീവനോടെ തീകൊളുത്തി ഇസ്‌ലാമിസ്റ്റുകൾ !!

ധാക്ക: ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരായ അക്രമങ്ങൾ തുടരുന്നു. ശരത്പൂർ ജില്ലയിൽ ഖോകൻ ദാസ് എന്ന അൻപതുകാരനെ ഇസ്‌ലാമിസ്റ്റുകൾ ക്രൂരമായി മർദ്ദിച്ച…

27 minutes ago

പുകയില ഉൽപ്പന്നങ്ങൾക്ക് അധിക നികുതി!!വിജ്ഞാപനമിറക്കി കേന്ദ്രം, വർധന ഫെബ്രുവരി 1 മുതൽ

ദില്ലി : സിഗരറ്റ് ഉൾപ്പെടെയുള്ള പുകയില ഉൽപ്പന്നങ്ങൾക്കും പാൻ മസാലയ്ക്കും അധിക എക്സൈസ് ഡ്യൂട്ടി ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. 2026…

35 minutes ago

2025 ൽ ഇന്ത്യ നേരിട്ട സുരക്ഷാ വെല്ലുവിളികൾ എന്തൊക്കെ ? | SECURITY NEWS

ഓപ്പറേഷൻ സിന്ദൂർ അടക്കം സംഭവബഹുലമായ വർഷം കടന്നുപോകുന്നു ! ഭീകരർക്ക് പുത്തൻ രീതിയും സാങ്കേതിക വിദ്യയും ! പ്രതിരോധം തീർത്ത്…

38 minutes ago

പ്രഭാമണ്ഡലവും അടിച്ചുമാറ്റി ! തത്ത്വമയി വാർത്ത സ്ഥിരീകരിച്ച് കസ്റ്റഡി അപേക്ഷ പുറത്ത്

ശബരിമല സ്വർണ്ണക്കൊള്ളയിൽ കൂടുതൽ വിവരങ്ങൾ പുറത്ത് ! പ്രഭാമണ്ഡലം ഉൾപ്പെടെ അടിച്ചുമാറ്റി ! സ്വർണ്ണം വേർതിരിച്ചെടുത്തത് സ്മാർട്ട് ക്രിയേഷൻസ് !…

1 hour ago

പ്രഭാമണ്ഡലത്തിലെയും ശിവ, വ്യാളീ രൂപങ്ങളിലെയും സ്വർണം കവർന്നുവെന്ന് എസ്ഐടി !ശബരിമലയിൽ നടന്നത് തീവെട്ടിക്കൊള്ള !

കൊച്ചി: ദ്വാരപാളികളിലെയും കട്ടിളപ്പാളികളിലെയും കൂടാതെ പ്രഭാമണ്ഡലത്തിലെ സ്വര്‍ണവും കട്ടിള പാളികള്‍ക്ക് മുകളിലുള്ള ശിവരൂപം, വ്യാളീ രൂപം എന്നിവയിൽ പൊതിഞ്ഞ സ്വര്‍ണവും…

2 hours ago

പ്രവാസലോകത്തിന്റെ മഹാസംഗമം !!! വേൾഡ് മലയാളി ഫെഡറേഷൻ അഞ്ചാമത് ഗ്ലോബൽ കൺവെൻഷൻ പ്രഖ്യാപനം നാളെ

ലോകമെമ്പാടുമുള്ള മലയാളികളുടെ ക്ഷേമത്തിനും സാംസ്കാരിക ഐക്യത്തിനുമായി നിലകൊള്ളുന്ന പ്രമുഖ ആഗോള സംഘടനയായ വേൾഡ് മലയാളി ഫെഡറേഷൻ (WMF) തങ്ങളുടെ അഞ്ചാമത്…

2 hours ago