ചെന്നൈ: ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണ പദ്ധതി ചന്ദ്രയാൻ-2 ന്‍റെ വിക്ഷേപണം ഈ മാസം 31-ന് മുന്‍പ് നടത്താന്‍ സാധ്യത. നേരത്തെ വിക്ഷേപണം മാറ്റിവെച്ചതിനു പിന്നിൽ ഹീലിയം ടാങ്കിലെ ചോർച്ചയാണെന്നും വിവരമുണ്ട്. വിക്ഷേപണ വാഹനമായ ജി എസ് എൽ വി മാർക്ക്-മൂന്നിലെ ഹീലിയം ടാങ്കിലാണ് ചോർച്ച കണ്ടെത്തിയത്. ഹീലിയം ടാങ്കിലെ ചോർച്ച ക്രയോജനിക് എൻജിനിലേക്ക് ഇന്ധനം കൃത്യമായി എത്താതിരിക്കാൻ കാരണമാകും. ഇക്കാര്യം ഫെയിലിയർ അസിസ്റ്റന്‍റ് കമ്മിറ്റി വിശദമായി വിലയിരുത്തിവരികയാണ്.
അനുയോജ്യ സമയമായതിനാൽ ഈ മാസം 31-ന് മുമ്പായി ചന്ദ്രയാൻ-രണ്ട് വിക്ഷേപിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ഐ എസ് ആർ ഒ വിക്ഷേപണ തീയതി ഉടൻ പ്രഖ്യാപിച്ചേക്കും. ഈ മാസം 22-ന് വിക്ഷേപിക്കാൻ സാധ്യതയുള്ളതായി അനൗദ്യോഗിക വിവരമുണ്ട്.
ഹീലിയം ചോർച്ച അടയ്ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. സാധാരണഗതിയില്‍ വിക്ഷേപണ വാഹനം മുഴുവനായും അഴിച്ചാണ് ചോർച്ച പരിഹരിക്കാറ്. എന്നാൽ, ഇപ്പോള്‍ കണ്ടെത്തിയ തകരാർ പരിഹരിക്കാൻ വിക്ഷേപണ വാഹനം അഴിക്കേണ്ടി വരില്ലെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. ദ്രവഎൻജിൻ ടാങ്കിന്‍യും ക്രയോജനിക് എൻജിന്‍റെയും ഇടയിലുള്ള വിടവിലൂടെ തകരാർ പരിഹരിക്കാനാകുമെന്നാണ് കരുതുന്നത്. ഇതിന് അധികംസമയം വേണ്ടിവരില്ല.
ഐ എസ് ആർ ഒ യുടെ കണക്കുകൂട്ടൽ അനുസരിച്ച് ഈ മാസം 31 വരെ മികച്ച ലോഞ്ച് വിൻഡോയാണുള്ളത്. ചന്ദ്രനിലെ പര്യവേക്ഷണത്തിന് പരമാവധി പകലുകൾ ലഭിക്കുക ഈ മാസമാണ്. ഇതിനൊപ്പം വിക്ഷേപണ പാതയിലെ തടസ്സങ്ങളും പരിഗണിച്ചാണ് ലോഞ്ച് വിൻഡോ കണക്കാക്കുന്നത്. ഈ മാസം 31 കഴിഞ്ഞാൽ 15 ദിവസം കൂടുമ്പോൾ ലോഞ്ച് വിൻഡോ ലഭിക്കും. എന്നാല്‍ ഏറ്റവും മികച്ച സമയം പിന്നീട് സെപ്റ്റംബറിൽ മാത്രമേയുള്ളൂവെന്ന് ഐ എസ് ആർ ഒ വൃത്തങ്ങൾ വ്യക്തമാക്കി.
ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാൻ ബഹിരാകാശ നിലയത്തിൽനിന്ന് തിങ്കളാഴ്ച പുലർച്ചെ 2.51-നായിരുന്നു ചന്ദ്രയാൻ-രണ്ട് വിക്ഷേപിക്കാനിരുന്നത്. 56 മിനിറ്റും 24 സെക്കൻഡും ബാക്കിയിരിക്കെയാണ് വിക്ഷേപണം മാറ്റിയത്. റോക്കറ്റിന്റെ ക്രയോജനിക് ഘട്ടത്തിൽ ദ്രവ ഹൈഡ്രജനും ദ്രവ ഓക്‌സിജനും നിറച്ചതായി അറിയിപ്പു വന്നതിനുപിന്നാലെയാണ്, കൗണ്ട്ഡൗൺ നിർത്തിവെച്ച് ദൗത്യം നീട്ടിയ അറിയിപ്പുണ്ടായത്.
അതീവ മുൻകരുതൽ എന്ന നിലയിലാണ് വിക്ഷേപണം മാറ്റിവെക്കാൻ തീരുമാനിച്ചത്.ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ചാന്ദ്രദൗത്യം വീക്ഷിക്കാൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉൾപ്പെടെയുള്ള പ്രമുഖർ ശ്രീഹരിക്കോട്ടയിൽ എത്തിയിരുന്നു.
ഉചിതസമയത്ത് വിക്ഷേപണം നിർത്തിവെച്ച നടപടിയെ മുതിർന്ന ബഹിരാകാശ ശാസ്ത്രജ്ഞർ സ്വാഗതം ചെയ്തു. വിക്ഷേപണത്തിനു ശേഷമാണ് സാങ്കേതിക തടസ്സമുണ്ടായിരുന്നതെങ്കിൽ ഇന്ത്യയുടെ അഭിമാനം തകരുന്ന സംഭവമായി മാറുമായിരുന്നുവെന്നാണ് ഇതിനെ ശാസ്ത്ര സമൂഹം വിലയിരുത്തിയത്
ചന്ദ്രനിലെ ഹീലിയത്തിന്റെ അളവ്, വെള്ളം, ടൈറ്റാനിയം, കാത്സ്യം, മഗ്നീഷ്യം, അലുമിനിയം, ഇരുമ്പ് എന്നിവയുടെ സാന്നിധ്യം തുടങ്ങിയവയെക്കുറിച്ചുള്ള പഠനമാണ് ചന്ദ്രയാൻ-രണ്ടിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്. ചന്ദ്രനെ വലംവെക്കുന്ന ഓർബിറ്റർ, ചന്ദ്രോപരിതലത്തിൽ സഞ്ചരിച്ച് പര്യവേക്ഷണം നടത്തുന്ന റോബോട്ടിക് റോവർ, ഇതിനെ സുരക്ഷിതമായി ചന്ദ്രനിലിറക്കാനുള്ള ലാൻഡർ എന്നിവയടങ്ങിയതാണ് ചന്ദ്രയാൻ-2.
കഴിഞ്ഞ മേയിലാണ് വിക്ഷേപണം നിശ്ചയിച്ചിരുന്നത്. എന്നാൽ, ഇസ്രയേലിന്‍റെ ഫാൽകൺ ദൗത്യം ചന്ദ്രനിൽ ഇടിച്ചിറങ്ങി പരാജയപ്പെട്ടിരുന്നു. ഇത് വിലയിരുത്തി കൂടുതൽ പ്രതിസന്ധി നേരിടാനുള്ള മാർഗങ്ങൾ പഠിച്ചശേഷമാണ് ചന്ദ്രയാൻ-2 വിക്ഷേപണത്തിന് തയ്യാറെടുത്തത്. 978 കോടി രൂപയാണ് ദൗത്യത്തിന്റെ ചെലവ്.
ഭാരതത്തിന്റെ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ആദിത്യ-L1 ദൗത്യം സൂര്യനെക്കുറിച്ചും ബഹിരാകാശ കാലാവസ്ഥയെക്കുറിച്ചും വിപ്ലവകരമായ പുതിയ കണ്ടെത്തലുകൾ പുറത്തുവിട്ടിരിക്കുകയാണ്.…
ഭൂമിയിലെ രാഷ്ട്രീയ മാറ്റങ്ങൾ ബഹിരാകാശത്ത് ഒരാളെ എങ്ങനെ ബാധിക്കും എന്നതിന്റെ വിസ്മയിപ്പിക്കുന്ന ഉദാഹരണമാണ് സോവിയറ്റ് യൂണിയന്റെ അവസാനത്തെ പൗരൻ എന്നറിയപ്പെടുന്ന…
100 കണക്കിന് ഭക്തർ പങ്കെടുക്കുന്ന തിരുവാഭരണ യാത്രയിലെ ഗുരുതര അനാസ്ഥ #KeralaSecurity #TerrorThreat #ISIS #Sabarimala #TempleSecurity #NationalSecurity #KeralaPolice…
ലക്ഷദ്വീപ് ഇന്ന് ഇന്ത്യയുടെ അഭിഭാജ്യഘടകമായി നിലകൊള്ളുന്നത് ദീർഘവീക്ഷണമുള്ള ഒരു ഭരണാധികാരിയുടെ സമയോചിതമായ ഇടപെടൽ കൊണ്ടുമാത്രമാണ്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച 1947-ലെ…
നമ്മുടെ സൗരയൂഥത്തിലെ അത്ഭുതങ്ങളെയും നിഗൂഢതകളെയും പറ്റി ശാസ്ത്രലോകത്തിന് എക്കാലത്തും ഏറെ കൗതുകങ്ങളുണ്ട്. എന്നാൽ ചിലിയിലെ വേര സി. റൂബിൻ ഒബ്സർവേറ്ററിയിൽ…
നമ്മുടെ ചുറ്റുമുള്ള ഭൂരിഭാഗം ആളുകളും സാമ്പത്തികമായും മാനസികമായും സമൃദ്ധി കൈവരിക്കാൻ ആഗ്രഹിക്കുന്നവരാണ്. എന്നാൽ കേവലം 1% ആളുകൾ മാത്രം ആ…