Kerala

കടുവ ആക്രമണത്തിൽ കർഷകൻ മരിച്ച സംഭവം ;കയ്യൊഴിഞ്ഞ് ആരോഗ്യവകുപ്പ് , ചികിത്സാപിഴവ് സംഭവിച്ചെന്ന തോമസിന്റെ കുടുംബത്തിന്റെ ആരോപണം തള്ളി മന്ത്രി വീണാജോർജ്ജ്

മാനന്തവാടി : കടുവയുടെ ആക്രമണത്തെത്തുടർന്ന് കർഷകൻ മരിച്ച സംഭവത്തിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാജോർജ്ജ്.തോമസിന്റെ കുടുംബത്തിന്റേത് തെറ്റായ ആരോപണമാണെന്നും തോമസിന് ചികിത്സ നൽകുന്നതിൽ കാലതാമസമോ ചികിത്സയിൽ വീഴ്ചയോ സംഭവിച്ചിട്ടില്ലെന്നും മന്ത്രി ആവർത്തിച്ച് പറഞ്ഞ് കുടുംബത്തെ കയ്യൊഴിയുകയാണ്.തോമസിനെ കൊണ്ടുപോയ ആംബുലൻസിൽ പരിശീലനം ലഭിച്ച നഴ്സിന്‍റെ സേവനം ലഭ്യമായിരുന്നുവെന്നും മരണ കാരണം അമിത രക്തസ്രാവം ആണെന്നും ആണ് ആരോഗ്യമന്ത്രി പറയുന്നത് .കടുവയുടെ ആക്രമണം ഉണ്ടായ ശേഷം രണ്ട് മണിക്കൂറിനോട് അടുത്ത് 11.50ഓടെയാണ് തോമസിനെ വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്.

ആ സമയം തന്നെ രക്തം ഒരുപാട് വാർന്നുപോയ നിലയിലായിരുന്നു.രക്തം വാർന്നുപോകുന്ന സാഹചര്യത്തിൽ വാസ്കുലർ സർജൻ കാണണമെന്ന് മനസിലാക്കിയാണ് തോമസിനെ സ്റ്റെബിലൈസ് ചെയ്ത ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
തോമസിനെ ആശുപത്രിയിലെത്തിച്ചപ്പോൾ മികച്ച ചികിൽസ കിട്ടിയില്ലെന്നും വിദഗ്ധ ഡോക്ടർമാർ ആശുപത്രിയിൽ ഉണ്ടായിരുന്നില്ലെന്നും തോമസിന്‍റെ ബന്ധുക്കൾ ആരോപണം ഉന്നയിച്ചിരുന്നു. തുടർന്ന് ഇതേക്കുറിച്ച് അന്വേഷിക്കാൻ ആരോഗ്യമന്ത്രി ഡിഎംഇയെ ചുമതലപ്പെടുത്തിയിരുന്നു. ഈ റിപ്പോർട്ടിന്‍റെ കൂടി അടിസ്ഥാനത്തിലായിരുന്നു ആരോഗ്യമന്ത്രിയുടെ പ്രതികരണം.

Anusha PV

Recent Posts