Kerala

ഗ്രീഷ്മയുടെ വീട് സീൽ ചെയ്തു; മുഖ്യപ്രതി ഇല്ലാത്തതിനാൽ വീടിനകത്ത് തെളിവെടുപ്പ് നടത്തിയില്ല, വീടിന് പിന്നിൽ പച്ചനിറത്തിലുള്ള ദ്രാവകം, കുപ്പികളും; ക്രൂരകൊലപാതകത്തിന് പിന്നിൽ പ്രവൃത്തിച്ചവരെ കാണാൻ തടിച്ചുകൂടി നാട്ടുകാർ

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ കൊലക്കേസില്‍ രണ്ട് പ്രതികളുമായി പോലീസിന്റെ തെളിവെടുപ്പ് നടത്തി. കേസിലെ മുഖ്യപ്രതിയായ ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മല്‍ കുമാര്‍ എന്നിവരെയാണ് ഇന്ന് ഉച്ചയോടെ തെളിവെടുപ്പിന് എത്തിച്ചത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് കന്യാകുമാരി ജില്ലയിലെ രാമവര്‍മന്‍ചിറയിലെ ഗ്രീഷ്മയുടെ വീടിന് സമീപം തെളിവെടുപ്പ് നടത്തിയത്. രണ്ട് പ്രതികളെയും കൊണ്ടുവരുന്നതറിഞ്ഞ് വന്‍ ജനക്കൂട്ടം ഇവിടെ തടിച്ചുകൂടിയിരുന്നു.

സ്ഥലത്ത് എത്തിയ പോലീസ് സംഘം പ്രതിയായ നിര്‍മല്‍കുമാറുമായി ഗ്രീഷ്മയുടെ വീടിന് സമീപത്തെ കുളത്തിന് സമീപത്തേക്കായിരുന്നു ആദ്യം പോയത്. ഗ്രീഷ്മ ഷാരോണിന് കഷായത്തില്‍ കലര്‍ത്തിനല്‍കിയ കളനാശിനിയുടെ കുപ്പി ഇവിടെ ഉപേക്ഷിച്ചെന്നായിരുന്നു ഇയാളുടെ മൊഴി. കുപ്പി ഉപേക്ഷിച്ച സ്ഥലം പ്രതി കാണിച്ചുനല്‍കി. കുപ്പി ഉപേക്ഷിച്ചത് എങ്ങനെയാണെന്നും വിശദീകരിച്ചു. തുടര്‍ന്ന് കുളത്തിന് സമീപത്തെ കാട്ടില്‍നിന്ന് കളനാശിനിയുടെ കുപ്പി പോലീസ് സംഘം കണ്ടെടുക്കുകയും ചെയ്തു.

വിഷക്കുപ്പി കണ്ടെടുത്തതിന് പിന്നാലെ ഗ്രീഷ്മയുടെ വീട്ടിലായിരുന്നു തെളിവെടുപ്പിന്റെ രണ്ടാംഘട്ടം. മുഖ്യപ്രതി ഇല്ലാത്തതിനാല്‍ വീട് തുറന്നുള്ള തെളിവെടുപ്പും പരിശോധനയും ചൊവ്വാഴ്ച ഉണ്ടാകില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് സിന്ധുവിനെയും നിര്‍മല്‍കുമാറിനെയും വീട്ടുവളപ്പില്‍ എത്തിച്ചു.

വീടിന്റെ പുറകുഭാഗത്തേക്കാണ് പ്രതികളെ കൊണ്ടുപോയത്. കളനാശിനി കുപ്പിയുടെ ലേബല്‍ ഇവിടെനിന്ന് കണ്ടെത്തി. കുപ്പി ഉപേക്ഷിക്കുന്നതിന് മുമ്പ് കുപ്പിക്ക് പുറത്തെ ലേബല്‍ വലിച്ചുകീറി ഇവിടെ ഉപേക്ഷിക്കുകയായിരുന്നു.

വീടിന് പുറകിലുള്ള ഷെഡ്ഡിലും തെളിവെടുപ്പ് നടന്നു. കളനാശിനി കുപ്പി നേരത്തെ സൂക്ഷിച്ചിരുന്ന സ്ഥലം പ്രതികള്‍ കാണിച്ചുനല്‍കി. ഇവിടെനിന്ന് മറ്റുചില പ്ലാസ്റ്റിക് കുപ്പികളും കണ്ടെടുത്തു. ഈ കുപ്പികളില്‍ പച്ചനിറത്തിലുള്ള ദ്രാവകത്തിന്റെ അവശിഷ്ടങ്ങളുണ്ടായിരുന്നു. ഇത് പരിശോധനയ്ക്ക് വിധേയമാക്കും.

മൂന്നുമണിയോടെ വീട്ടുവളപ്പിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ അന്വേഷണസംഘം ഗ്രീഷ്മയുടെ വീട് സീല്‍ ചെയ്തു. കഴിഞ്ഞദിവസം വരെ ഇവിടെ ബന്ധുക്കളടക്കം എത്തിയിരുന്നു. തെളിവെടുപ്പിനിടെ പ്രതികളുടെ വിരലടയാളവും പോലീസ് സംഘം ശേഖരിച്ചു.

ചൊവ്വാഴ്ച രാവിലെ പ്രതികളുമായി തിരുവനന്തപുരത്തുനിന്ന് യാത്രതിരിച്ച പോലീസ് സംഘം ആദ്യം പാറശ്ശാല പോലീസ് സ്റ്റേഷനിലേക്കാണ് പോയത്. പിന്നീട് ഇവിടെനിന്ന് തമിഴ്നാട്ടിലെ പളുകല്‍ പോലീസ് സ്റ്റേഷനില്‍ പ്രതികളെ എത്തിച്ചു.

കുറ്റകൃത്യം നടന്ന ഗ്രീഷ്മയുടെ വീട് തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയില്‍ ഉള്‍പ്പെട്ട രാമവര്‍മന്‍ചിറയിലാണ്. അതിനാലാണ് പോലീസ് സംഘം പ്രതികളുമായി തമിഴ്നാട്ടിലെ പോലീസ് സ്റ്റേഷനിലെത്തിയത്. ഇവിടെ കേസിന്റെ കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തശേഷം കേരള പോലീസ് സംഘം പ്രതികളുമായി ഗ്രീഷ്മയുടെ വീട് സ്ഥിതിചെയ്യുന്ന രാമവര്‍മന്‍ചിറയിലേക്ക് പോവുകയായിരുന്നു.

admin

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

10 hours ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

10 hours ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

10 hours ago