Featured

മസാല ബോണ്ടിൽ ഗുരുതരമായ ചട്ടലംഘനവും ക്രമക്കേടും, കിഫ്‌ബി യുടെ ഇടപാടുകളെ ഇ ഡി നിരീക്ഷിച്ചത് 3 വർഷം, ഒടുവിൽ തോമസ് ഐസക്കിനെ തേടി ഇ ഡി നോട്ടീസ്! കുരുക്ക് മുറുകുന്നോ?

മുൻ ധനകാര്യ മന്ത്രി തോമസ് ഐസക്ക് കൂടി കേന്ദ്ര അന്വേഷണ ഏജൻസികളുടെ പരിധിയിൽ വരികയാണ്. കേന്ദ്രാനുമതിയില്ലാതെ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് എന്ന കിഫ്‌ബി വഴി വിദേശ നിക്ഷേപം സ്വീകരിച്ച കേസിൽ തോമസ് ഐസക്കിനോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം നോട്ടിസ് നല്‍കിയാണ് ചോദ്യം ചെയ്യുന്നതിനായി തോമസ് ഐസക്കിനെ വിളിപ്പിച്ചിരിക്കുന്നത്. മറ്റെന്നാള്‍ ചോദ്യം ചെയ്യലിന് ഇഡിയുടെ കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. കിഫ്ബിയുടെ ‘മസാല ബോണ്ട്’ നിക്ഷേപ സമാഹരണം വിദേശനാണ്യ വിനിമയ ചട്ടമായ ഫെമയുടെ ലംഘനമാണെന്ന ആരോപണത്തിനു തുടക്കമിട്ടത് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ്. ബഡ്ജറ്റിന് പുറത്തുള്ള കിഫ്‌ബിയിലൂടെയുള്ള കടമെടുപ്പ് ഭരണഘടനാ വിരുദ്ധമെന്നായിരുന്നു അന്ന് സി എ ജി കണ്ടെത്തിയിരുന്നത്. കൂടാതെ മസാലാ ബോണ്ട്‌ വിദേശ വായ്പ്പയായാണ് പരിഗണിക്കപ്പെടുന്നത്. അതിന് കേന്ദ്ര സർക്കാരിന്റെ അനുമതി ആവശ്യമുണ്ട്. കേന്ദ്രസർക്കാറിന്റെ അറിവോ അനുവാദമോ ഇല്ലാതെയാണ് തോമസ് ഐസക്ക് ധനകാര്യമന്ത്രിയായിരുന്ന സമയത്ത് 2150 കോടി രൂപ അസാധാരമായ പലിശക്ക് കേരളം മസാല ബോണ്ടിലൂടെ കടമെടുത്തത്. ഇത് ഗുരുതരമായ ചട്ടലംഘനവും ഭരണഘടനാ വിരുദ്ധ നടപടിയുമെന്നാണ് സിഎജി അന്ന് കണ്ടെത്തിയത്. സി എ ജി യുടെ റിപ്പോർട്ട് നിയമസഭയിൽ സമർപ്പിക്കുന്നതിന് മുമ്പ് ധനമന്ത്രി ചോർത്തിയതും വിവാദമായിരുന്നു സിഎജി റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം കിഫ്ബിയുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ തേടി ഇഡി 2020 നവംബര്‍ 20നു റിസര്‍വ് ബാങ്കിനു കത്ത് നല്‍കിയിരുന്നു. ആ വിശദാംശങ്ങളുടെയും പ്രാഥമിക അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലാണ് ഗുരുതരമായ ചട്ടലംഘനത്തിന് രാജ്യത്തിന്റെ സാമ്പത്തിക കുറ്റാന്വേഷണ ഏജൻസി ഇപ്പോൾ മുൻ ധനകാര്യമന്ത്രിക്കെതിരെ കേസ്സെടുത്തിരിക്കുന്നത്.

കിഫ്ബിയുടെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിനു താങ്ങാന്‍ കഴിയാത്ത സാമ്പത്തിക ബാധ്യതയുണ്ടാക്കിയെന്ന സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഫെമ നിയമലംഘനം സംബന്ധിച്ച അന്വേഷണം ഇഡി ആരംഭിച്ചത്. സത്യത്തിൽ ‘മസാല ബോണ്ട്’ വഴി വിദേശനിക്ഷേപം സ്വീകരിക്കാന്‍ കിഫ്ബി ശ്രമം തുടങ്ങിയ 2019 മാര്‍ച്ച് മുതല്‍ തന്നെ കിഫ്ബിയുടെ നീക്കങ്ങള്‍ കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലായിരുന്നു. ഗുരുതരമായ റവന്യു കമ്മിയും സാമ്പത്തിക പ്രതിസന്ധിയും കാരണം നട്ടം തിരിയുന്ന ഒരു സംസ്ഥാനം ഇത്രയും ഉയർന്ന പലിശക്ക് വിദേശവായ്പ്പയെടുത്തത് അന്ന് തന്നെ വലിയ വിവാദമായിരുന്നു. വിദേശനാണയ വിനിമയവുമായി ബന്ധപ്പെട്ട് വലിയ ക്രമക്കേടുകൾക്കും അഴിമതിക്കും സാധ്യതയുള്ളതാണ് ഇത്തരം സാമ്പത്തിക ഇടപാടുകൾ. അത് നിലവിൽ രാജ്യത്തെ നിയമങ്ങൾ ലംഘിച്ചുകൊണ്ട് കേന്ദ്രസർക്കാറിന്റെ അവശ്യം വേണ്ട അനുമതി പോലുമില്ലാതെയാണ് തോമസ് ഐസക്ക് ധനകാര്യമന്ത്രിയെന്ന നിലയിൽ ഇത്തരം ഇടപാടുകൾ നടത്തിയിരിക്കുന്നത് എന്നത് അത്യന്തം ദുരൂഹമാണ്. സി എ ജി പോലുള്ള ഭരണഘടനാ സ്ഥാപനങ്ങൾ ഇത്തരം ക്രമക്കേടുകൾ ചൂണ്ടിക്കാട്ടുമ്പോൾ RSS നേയും സംഘ്പരിവാറിനെയും വിമർശിച്ചുകൊണ്ട് വസ്തുതകളുമായി പുലബന്ധം പോലുമില്ലാത്ത ന്യായീകരണങ്ങൾ പറഞ്ഞ് അന്നത്തെ ധനമന്ത്രി പ്രതിരോധിക്കുകയായിരുന്നു. എന്നാൽ അത്തരം പ്രതിരോധങ്ങൾ കടന്ന് ഈ രാജ്യത്ത് നിയമം അതിന്റെ വഴിക്ക് നീങ്ങുക തന്നെ ചെയ്യുമെന്നതിന്റെ ഉദാഹരണമാണ് ഈ ഇ ഡി നോട്ടീസ്. പക്ഷെ അതിനോട് പോലും അദ്ദേഹത്തിന്റെ പ്രതികരണം നിഷേധാത്മകമാണ്. തനിക്ക് വേറെ പല ജോലികളുമുണ്ടെന്നും ഹാജരാകാൻ സമയമില്ലെന്നുമാണ് അദ്ദേഹത്തിന്റെ പ്രാഥമിക പ്രതികരണം. പക്ഷെ സി എ ജി യും ഇ ഡി യുമെല്ലാം ഉയർത്തുന്നത് വളരെ ഗുരുതരമായ ചട്ടലംഘനവും ക്രമക്കെടുമാണ്. ആ അന്വേഷണത്തോടെ സഹകരിക്കേണ്ടത് തോമസ് ഐസക്കിന്റെ ബാധ്യതയുമാണ്.

Meera Hari

Recent Posts

ഓരോ രാശിക്കാരും ഈ ആഴ്ച ശ്രദ്ധിക്കേണ്ടത് ഇതെല്ലാം…|CHAITHANYAM|

ഓരോ രാശിക്കാരും ഈ ആഴ്ച ശ്രദ്ധിക്കേണ്ടത് ഇതെല്ലാം...|CHAITHANYAM|

5 mins ago

മോടിയോടെ മൂന്നാം ഊഴത്തിന് മോദി; 8000ലധികം പേർ പങ്കെടുക്കുന്ന എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന്; അതീവ ജാ​ഗ്രതയിൽ രാജ്യത‌ലസ്ഥാനം

ദില്ലി: മുന്നാം എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന്. വൈകുന്നേരം 7.15-ന് രാഷ്‍ട്രപതി ഭവനിലാണ് ചടങ്ങ് നടക്കുക. വിദേശനേതാക്കളും രാജ്യത്തെ പ്രത്യേക…

7 mins ago