24/7 rescue operation in inclement weather! Major General VT Mathew's return with satisfaction
വയനാട്: ചൂരല്‍ മലയിലും മുണ്ടക്കൈയിലും പരിസരപ്രദേശങ്ങളിലുമുണ്ടായ ദുരന്തത്തില്‍ ‘ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മേജര്‍ ജനറല്‍ വി.ടി മാത്യു നൂറുകണക്കിനാളുകൾക്ക് രക്ഷനേടാൻ വഴി തുറന്നതിൻ്റെ ചാരിതാർത്ഥ്യത്തിൽ മടങ്ങുന്നു. മേജർ ജനറലിന് നാടിൻ്റെ സ്നേഹവും ആദരവും അറിയിച്ച് ജില്ലാ കളക്ടര്‍ ഡി. ആര്‍. മേഘശ്രീ യാത്രയയപ്പ് നല്‍കി.
ബാംഗ്ലൂരിലുള്ള കേരള -കര്‍ണാടക ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് ജില്ലയിലെ രക്ഷാപ്രവര്‍ത്തനങ്ങളും തെരച്ചിലും അദ്ദേഹം നിരീക്ഷിക്കും. ചൂരല്‍മല, മുണ്ടക്കൈ ഭാഗങ്ങളില്‍ ഉരുള്‍പൊട്ടല്‍ നടന്ന ഉടന്‍ തന്നെ പോലീസ്, ഫയര്‍ഫോഴ്സ്, എന്‍.ഡി.ആര്‍.എഫ് തുടങ്ങി വിവിധ സേനാ വിഭാഗങ്ങള്‍ രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചു. ജൂലൈ 30ന് ഉച്ചയ്ക്ക് 12.30 നാണ് ഇന്ത്യന്‍ സേനാ വിഭാഗം എത്തുന്നത്. ആദ്യഘട്ടത്തില്‍ തന്നെ നിരവധി ആളുകളെ രക്ഷിച്ചു. ജൂലൈ 31 നാണ് കേരള കര്‍ണാടക ജി.ഒ.സി (ജനറല്‍ ഓഫീസര്‍ കമാന്‍ഡിങ്) മേജര്‍ ജനറല്‍ വി.ടി. മാത്യു വരുന്നതും രക്ഷാ ദൗത്യത്തിന്റെ നേതൃത്വം ഏറ്റെടുക്കുന്നതും. 500 ഓളം വരുന്ന സേനാംഗങ്ങളില്‍ മദ്രാസ് എഞ്ചിനീയറിങ് ഗ്രൂപ്പിലെ ബെയ്‌ലി പാലം നിര്‍മ്മിക്കുന്നതില്‍ അതിവിദഗ്ധരായ സൈനികരും ഉള്‍പ്പെട്ടിരുന്നു. ആദ്യദിനം മുന്നൂറോളം പേരെയാണ് ദുരന്തമുഖത്ത് നിന്ന് എല്ലാവരും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്. ഉടന്‍തന്നെ ബെയ്‌ലി പാല നിര്‍മ്മാണവും ആരംഭിച്ചു. ഇതോടൊപ്പം അടിയന്തിര രക്ഷാപ്രവര്‍ത്തനത്തിന് നടപ്പാലവും നിര്‍മ്മിച്ചു. അന്നുമുതല്‍ രക്ഷാപ്രവര്‍ത്തനത്തിന് മുമ്പില്‍ ഉണ്ടായിരുന്നത് മലയാളിയായ മേജര്‍ ജനറല്‍ വി.ടി മാത്യു ആയിരുന്നു. രാപകലില്ലാതെ മുഴുവന്‍ സേനാംഗങ്ങൾക്കൊപ്പം കഠിനപ്രയത്‌നം നടത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ പ്രവര്‍ത്തനത്തെ നേരിട്ട് അഭിനന്ദിച്ചു. ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനും മന്ത്രിമാരും ജനപ്രതിനിധികളും നാട്ടുകാരും ഒന്നങ്കം രക്ഷാപ്രവര്‍ത്തനത്തെ അഭിനന്ദിച്ചു. ഏകദേശം 500 പേരെയാണ് രണ്ട് ദിവസം കൊണ്ട് രക്ഷപ്പെടുത്തിയത്. 500 സൈനികർ ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
പ്രതികൂല കാലവസ്ഥയിൽ തീരെ പരിചയമില്ലാത്ത സ്ഥലമായിട്ടു കൂടി കൂടുതല്‍ പേരെ രക്ഷപ്പെടുത്തി വലിയ രക്ഷാദൗത്യം വിജയിപ്പിക്കാന്‍ സാധിച്ചതിൽ ഏറെ സംതൃപ്തിയുണ്ടെന്ന് വി.ടി മാത്യു പറഞ്ഞു. ദേശീയ ദുരന്തനിവാരണ സേന (എന്‍.ഡി.ആര്‍.എഫ്), സിവില്‍ ഡിഫന്‍സ് ഉള്‍പ്പെടെ ഫയര്‍ഫോഴ്സ്, പോലീസ് സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ്, ഇന്ത്യന്‍ സേനയുടെ വിവിധ വിഭാഗങ്ങളായ മിലിറ്ററി എന്‍ജിനീയറിങ് ഗ്രൂപ്പ്, ഇലക്ട്രോണിക്സ് ആന്‍ഡ് മെക്കാനിക്കല്‍ എന്‍ജിനീയേഴ്സ് ബ്രാഞ്ച്, ടെറിട്ടോറിയല്‍ ആര്‍മി, ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്സ്, നേവി, കോസ്റ്റ് ഗാര്‍ഡ്, തമിഴ്നാട് ഫയര്‍ഫോഴ്സ്, ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ ഡെല്‍റ്റ സ്‌ക്വാഡ്, കേരള പൊലീസിന്റെ ഇന്ത്യന്‍ റിസര്‍വ്ബറ്റാലിയന്‍, വനം വകുപ്പ്, നാട്ടുകാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ ഉൾപ്പെടെയുള്ളവർ നല്‍കിയ സേവനം രക്ഷാപ്രവര്‍ത്തനത്തിന് സഹായകമായി. സര്‍ക്കാരിന്റെ പ്രത്യേകിച്ച് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടേയും കേരള മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേരിട്ടുള്ള നിരീക്ഷണവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും രക്ഷാപ്രവര്‍ത്തനത്തിന് കരുത്തേകി. ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീയുടെ നേതൃത്വത്തിലുള്ള ജില്ലാ ഭരണകൂടത്തിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനവും ഏകോപനവും ഏറെ പ്രയോജനം ചെയ്തു. ആദ്യഘട്ടത്തില്‍ ജീവന്‍ പോലും പണയപ്പെടുത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ആവശ്യമുണ്ടെങ്കില്‍ വീണ്ടും ജില്ലയില്‍ എത്തുമെന്നും മേജര്‍ ജനറല്‍ പറഞ്ഞു. 1999 ൽ ഒറീസയിലുണ്ടായ ചുഴലിക്കാറ്റ് ദുരന്തത്തിനുശേഷം ഇത്രയും വലിയ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടില്ല എന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ വയനാട് ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു. കുട്ടികളും പ്രായമായവരും സ്ത്രീകളും യുവാക്കളും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ മരിച്ചതില്‍ ഏറെ ദുഃഖമുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ എല്ലാ സേനാംഗങ്ങളും പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇടുക്കി ജില്ലയിലെ തൊടുപുഴ ഏഴുമുട്ടത്താണ് വീ.ടി മാത്യുവിന്റെ ജനനം. മാതാപിതാക്കള്‍ പരേതനായ മാത്യു മാളിയേക്കല്‍, റോസക്കുട്ടി മാത്യു മാളിയേക്കല്‍. ഭാര്യ മിനി. മകള്‍ പിഫാനി സോഫ്റ്റ് വെയർ എന്‍ജിനീയറായി ജോലി ചെയ്യുന്നു. മകന്‍ മെവിന്‍ ഡല്‍ഹിയില്‍ ബി ടെക് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. പതിനൊന്നാം ക്ലാസ് വരെ(1985) തിരുവനന്തപുരം സൈനിക സ്‌കൂളിലായിരുന്നു പഠനം. പിന്നീട് നാഷണല്‍ ഡിഫന്‍സ് അക്കാദമി പൂനെയില്‍ പഠനവും പരിശീലനവും. തുടര്‍ന്ന് ഇന്ത്യന്‍ മിലിറ്ററി അക്കാദമിയില്‍ പരിശീലനം. മദ്രാസ് റെജിമെന്റിലാണ് ആദ്യമായി ജോലിയില്‍ പ്രവേശിക്കുന്നത്. പാക്കിസ്ഥാന്‍ അതിര്‍ത്തിയിലും (കാശ്മീരില്‍) ചൈന അതിര്‍ത്തിയിലും കമാന്‍ഡിങ് ഓഫീസറായി ജോലി ചെയ്തിട്ടുണ്ട്. 2021 ല്‍ രാഷ്ട്രപതിയുടെ യുദ്ധ സേവാ മെഡലും 2023 ല്‍ രാഷ്ട്രപതിയുടെ അതിവിശിഷ്ട സേവാ മെഡലും നേടിയിട്ടുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളായ സുഡാനിലും കോംഗോയിലും യു.എന്‍ സമാധാന സേനയുടെ ഭാഗമായി രണ്ടു വര്‍ഷം സേവനമനുഷ്ഠിച്ചിട്ടുണ്ട് രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട എല്ലാവർക്കും ഒരു ബിഗ്സല്യൂട്ട്……
രാഹുൽ ഈശ്വറിന് ജാമ്യം ലഭിച്ചെങ്കിലും, അതിന് പിന്നാലെ വ്യാജ പ്രചാരണങ്ങളും പരിഹാസപരമായ പ്രസ്താവനകളും തുടരുകയാണ്. #rahuleaswar #bailbutpropaganda #fakenarrative #mediabias…
ഇന്ത്യൻ റോഡുകളിലൂടെ കണ്ണോടിക്കുമ്പോൾ, രാജ്യത്തിൻ്റെ സാമ്പത്തിക ചലനങ്ങളെ തൻ്റെ ചെറിയ ശരീരത്തിൽ പേറി മുന്നോട്ട് കുതിക്കുന്ന ഒരു വാഹനത്തെ കാണാതിരിക്കില്ല—അതാണ്…
ഭൂമിയുടെ ഭ്രമണപഥത്തിൽ ഉപഗ്രഹങ്ങളുടെ എണ്ണം ക്രമാതീതമായി വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ, ബഹിരാകാശത്ത് സുരക്ഷിതമായ സഹവർത്തിത്വം ഉറപ്പാക്കുക എന്നത് ഒരു വലിയ…
മലപ്പുറം ജില്ലയിലെ തെന്നല പഞ്ചായത്ത് പരിധിയിൽ നടന്നതായി പറയുന്ന അലി മജീദ് നടത്തിയ സ്ത്രീദ്വേഷപരമായ (misogynistic) പ്രസ്താവന വലിയ വിവാദമായി…
ഭാരതത്തിന്റെ പ്രതിരോധ ശേഷിക്ക് വലിയ മുതൽക്കൂട്ട് നൽകിക്കൊണ്ട് തദ്ദേശീയമായി വികസിപ്പിച്ച ഓട്ടോമേറ്റഡ് എയർ ഡിഫൻസ് കൺട്രോൾ ആൻഡ് റിപ്പോർട്ടിങ് സിസ്റ്റമാണ്…
ലോക ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ കാലഘട്ടങ്ങളിലൊന്നായിരുന്നു ശീതയുദ്ധം. അക്കാലത്ത്, ശത്രു രാജ്യങ്ങളുടെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ രഹസ്യാന്വേഷണ ഏജൻസികൾ ഏതറ്റം…