Kerala

വിമാനത്തിലും വിമാനത്താവളത്തിലും സംസാരിക്കുമ്പോൾ ജാഗ്രത വേണം; നാക്കിനെല്ലില്ലാതെ സംസാരിച്ചത് കാരണം കൊച്ചി വിമാനത്താവളത്തിൽ ഒരു മാസം കൊണ്ട് പിടിയിലായത് 4 മലയാളികൾ; നൂറുകണക്കിന് യാത്രികരെ ബുദ്ധിമുട്ടിലാക്കിയ സംഭവങ്ങൾ ഇങ്ങനെ

കൊച്ചി: വ്യാജ ബോംബ് ഭീഷണിയുടെ പേരിൽ കൊച്ചി വിമാനത്താവളത്തിൽ വീണ്ടും ഒരാൾ പിടിയിൽ. 42 കാരനായ മനോജ് കുമാറാണ് ഞായറാഴ്ച്ച രാവിലെ സി ഐ എസ് എഫിന്റെ പിടിയിലായത്. കൊച്ചിയിൽ നിന്ന് മുംബൈയിലേക്കുള്ള വിമാനത്തിൽ യാത്രചെയ്യാനിരിക്കുകയായിരുന്നു മനോജ്‌കുമാർ. എക്സ്റേ ബാഗേജ് ഇൻസ്‌പെക്ഷൻ സിസ്റ്റം ചെക്ക് പോയിന്റിലെ ഒരു സി ഐ എസ് എഫ് ഉദ്യോഗസ്ഥനോടാണ് ഇയാൾ ‘എന്താ എന്റെ ബാഗിൽ ബോംബുണ്ടോ?’ എന്ന് ചോദിച്ചത്. ഭീഷണിപ്പെടുത്തുന്ന രീതിയിൽ സംസാരിച്ചതിന് സുരക്ഷാ ഉദ്യോഗസ്ഥർ ഇദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബോംബ് സ്‌ക്വാഡെത്തി പരിശോധന നടത്തിയ ശേഷം വിമാനം കൃത്യ സമയത്ത് പുറപ്പെട്ടു. മനോജ്‌കുമാറിനെ വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥർ പിന്നീട് പൊലീസിന് കൈമാറി.

എന്നാൽ യാത്രക്കാരുടെ ബോംബ് ഭീഷണി കൊച്ചി വിമാനത്താവളത്തിൽ കഴിഞ്ഞ ഒരു മാസം കൊണ്ട് ഉണ്ടായത് നാലുതവണയാണ്. സമാനമായ സംഭവങ്ങൾ കഴിഞ്ഞ ജൂലൈ 31 നും ആഗസ്റ്റ് 1 നും, ആഗസ്റ്റ് 7 നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജൂലൈ 31 ന് തൃക്കാക്കര സ്വദേശി സാബു വർഗീസാണ് (55) ബോംബ് ഭീഷണി മുഴക്കിയത്. ദുബായിലേക്ക് പോകാനായി വിമാനത്താവളത്തിലെത്തിയ വര്‍ഗീസ് സുരക്ഷാപരിശോധനയ്ക്കി‌ടെയാണ് ബോംബ് ഭീഷണി മുഴക്കിയത്. എയർപോർട്ടിൽ മറ്റൊരാളുടെ ബാഗ് പരിശോധന നടത്തുകയായിരുന്ന സ്പൈസ് ജെറ്റ് ജീവനക്കാരോട് അതിൽ ബോംബുണ്ടെന്ന് പറഞ്ഞ് ഭീതി പരത്തുകയായിരുന്നു. പരിശോധനകൾക്ക് വേണ്ടി കൂടുതൽ സമയം കാത്തിരുന്നതിലുള്ള അമർഷമാണ് ഭീഷണിക്ക് കാരണമെന്നാണ് അറസ്റ്റിലായ വര്‍ഗീസ് പൊലീസിനോട് പറഞ്ഞത്. തുടര്‍ന്ന് വര്‍ഗീസിനെ കോടതിയിൽ ഹാജരാക്കി. കൊച്ചി എയർ പോർട്ടിൽ സുരക്ഷ വാരാചരണം നടക്കുന്നതിനിടെയായിരുന്നു വര്‍ഗീസിന്‍റെ ബോംബ് ഭീഷണി.

ആഗസ്റ്റ് ഒന്നിന് ഇൻഡിഗോ വിമാനത്തിൽ മുംബൈയിലേക്ക് പോകാനെത്തിയ യുവതിയാണ് ബോംബ് ഭീഷണി മുഴക്കിയത്. സംഭവത്തെ തുടര്‍ന്ന് വിമാനത്തിൽ വീണ്ടും സുരക്ഷാപരിശോധന നടത്തിയെങ്കിലും ഭീഷണി വ്യാജമാണെന്ന് കണ്ടെത്തി. ഇതോടെ മുംബൈ വിമാനം പുറപ്പെടാൻ വൈകി. ബാഗേജിലെന്താണെന്ന സുരക്ഷ ഉദ്യോഗസ്ഥരുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തില്‍ പ്രകോപിതയായാണ് ബോംബാണെന്ന് യുവതി പറഞ്ഞത്. യുവതിയുടെ ഭീഷണി ഗൗരവമായെടുത്ത് സുരക്ഷാവിഭാഗം ഉദ്യോഗസ്ഥർ വിമാനത്തിൽ വിശദമായ പരിശോധന നടത്തുകയും യുവതിയെ നെടുമ്പാശ്ശേരി പൊലീസിന് കൈമാറിയത്. വിശദമായി ചോദ്യം ചെയ്‌തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി.

ആഗസ്റ്റ് ഏഴാംതീയതി ബുധനാഴ്ചയും സുരക്ഷാ പരിശോധനയ്ക്കിടെ ബാഗില്‍ ബോംബാണെന്ന് യാത്രക്കാരന്‍ പറഞ്ഞതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരിയില്‍ വിമാനം രണ്ടുമണിക്കൂറിലേറെ വൈകി. ബുധനാഴ്ച പുലര്‍ച്ചെ 2.10-ന് ബാങ്കോക്കിലേക്ക് പുറപ്പെടേണ്ടിയിരുന്ന തായ് ലയണ്‍ എയര്‍ വിമാനം, പരിശോധനയ്ക്ക് ശേഷം നാലരയ്ക്കാണ് പുറപ്പെട്ടത്. പരിശോധനയില്‍ ബോംബ് ഭീഷണി വ്യാജമാണെന്ന് വ്യക്തമായിരുന്നു. ബോംബ് ഭീഷണി മുഴക്കിയ തിരുവനന്തപുരം സ്വദേശി പ്രശാന്തിനെ നെടുമ്പാശ്ശേരി പോലീസ് അറസ്റ്റ് ചെയ്‌തു. ഭാര്യക്കും മകനുമൊപ്പമാണ് പ്രശാന്ത് യാത്രയ്ക്കായി എത്തിയിരുന്നത്. സുരക്ഷാ പരിശോധനയില്‍ അസ്വസ്ഥനായ ഇയാൾ ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് മറുപടിയായി ബാഗില്‍ ബോംബാണെന്ന് പറഞ്ഞെന്നാണ് വിവരം. മറ്റു പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം വിമാനത്തിലേക്ക് കയറുന്ന സമയത്ത് നടത്തുന്ന സെക്കന്‍ഡറി ലാഡര്‍ പോയിന്റ് സെക്യൂരിറ്റി (SLPC) പരിശോധനാ സമയത്തായിരുന്നു പ്രശാന്തിന്റെ ബോംബ് പരാമര്‍ശം. ഇതേത്തുടര്‍ന്ന് പ്രശാന്തിനൊപ്പം ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന മറ്റുള്ളവരുടെയും ലഗേജുകള്‍ വിമാനത്തില്‍ നിന്നിറക്കി പരിശോധിച്ചു. പ്രശാന്ത് അറസ്റ്റിലായതോടെ ഭാര്യയും മകനും യാത്ര വേണ്ടെന്നുവെച്ചു.

ഭീഷണിപെടുത്തുന്ന രീതിയിൽ വിമാനത്താവളത്തിലും വിമാന ജീവനക്കാരോടും സഹയാത്രികരോടും നിയന്ത്രണമില്ലാതെ സംസാരിക്കുന്നതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് ഈ സംഭവങ്ങൾ തെളിയിക്കുന്നു. കൊച്ചി വിമാനത്താവളത്തിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് ഗൗരവമായി കാണുകയാണ് അധികൃതർ

B4 Admin

Recent Posts

കൊൽക്കത്തയിൽ എബിവിപിയുടെ പുസ്തകസ്റ്റാളിന് നേരെ ആക്രമണമെന്ന് ആരോപണം: സ്വാമി വിവേകാനന്ദന്റെ പുസ്തകങ്ങൾ കീറിയതായി പരാതി, കർശന നടപടിയാവശ്യപ്പെട്ട് സംഘടന

കൊൽക്കത്തയിലെ കോളേജ് സ്ട്രീറ്റിലും കൊൽക്കത്ത മെഡിക്കൽ കോളേജിലും ഇടതുപക്ഷ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ അക്രമം നടന്നതായി ആരോപിച്ച് അഖില ഭാരതീയ…

20 minutes ago

റിയാദിലെ പിഐഎഫ് ടവറിന് നേരെ ഹൂത്തി മിസൈൽ ആക്രമണം: ഏഴ് നിലകളിലെ ജനാലകൾ തകർന്നു, ആളപായമില്ല

സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് (പിഐഎഫ്) ടവറിന് നേരെ നവംബർ…

23 minutes ago

മയിൽപ്പീലി യങ് സ്കോളർഷിപ്പ് പരീക്ഷ നടത്താം: അനുമതി റദ്ദാക്കിയ നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ നിന്ന് ആശ്വാസം!

മയിൽപ്പീലി യങ് സ്കോളർഷിപ്പ് പരീക്ഷയുമായി ബന്ധപ്പെട്ട വിവാദത്തിൽ നിർണായക വഴിത്തിരിവ്. പരീക്ഷ നടത്താനുള്ള അനുമതി പൊതുവിദ്യാഭ്യാസ വകുപ്പ് പിൻവലിച്ചതിനെതിരെ നൽകിയ…

23 minutes ago

മുസ്ലിം ബ്രദർഹുഡിനെ ഭീകരസംഘടനാ പട്ടികയിൽ സ്ഥിരമായി ഉൾപ്പെടുത്തി ഈജിപ്ത്: പ്രവർത്തനങ്ങൾക്കും സാമ്പത്തിക ഇടപാടുകൾക്കും സമ്പൂർണ വിലക്ക്

മുസ്ലിം ബ്രദർഹുഡിനെ ഭീകരസംഘടനകളുടെ പട്ടികയിൽ സ്ഥിരമായി ഉൾപ്പെടുത്തി ഈജിപ്ത്. നവംബർ 9-ന് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച പബ്ലിക് പ്രോസിക്യൂഷന്റെ ഉത്തരവിലൂടെയാണ്…

26 minutes ago

പി.ജെ. ജോസഫിനും മാണി സി. കാപ്പനും കാബിനറ്റ് പദവി: പുതിയ ചുമതലകളിൽ ധാരണ!

കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് പി.ജെ. ജോസഫിന് കാർഷിക വികസന സമിതി ചെയർമാൻ സ്ഥാനം നൽകാൻ ധാരണയായതായി റിപ്പോർട്ടുകൾ.…

34 minutes ago

ഐ.ടി. പാർക്കുകളിൽ മദ്യശാലകൾക്ക് തിരിച്ചടി: പഴയ എൽ.ഡി.എഫ് തീരുമാനത്തിന് തടയിട്ട് മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും

സംസ്ഥാനത്തെ ഐ.ടി. പാർക്കുകളിൽ പബ്ബുകൾ ആരംഭിക്കാനുള്ള മുൻ എൽ.ഡി.എഫ് സർക്കാരിന്റെ നീക്കത്തിന് താൽക്കാലിക തടയിട്ട് മുഖ്യമന്ത്രി വി.ഡി. സതീശനും എക്സൈസ്…

3 hours ago