Kerala

തുടർച്ചയായ രണ്ടാം നിയമസഭാ ഉപതിരഞ്ഞെടുപ്പിലും നിലം തൊടാതെയുള്ള കനത്ത പരാജയം !സർക്കാരിലും പാർട്ടിയിലും തിരുത്തൽ വേണമെന്ന ആവശ്യം സിപിഎമ്മിനുള്ളിൽ ആരംഭിച്ചതായി റിപ്പോർട്ട് ! പുതുപ്പള്ളിയിൽ തോറ്റത് ജെയ്ക്ക് ആണെങ്കിലും ഏറ്റത് പിണറായിക്ക്

തിരുവനന്തപുരം : തുടർച്ചയായ രണ്ടാം നിയമസഭാ ഉപതിരഞ്ഞെടുപ്പിലും നിലം തൊടാതെയുള്ള കനത്ത പരാജയം ഏറ്റുവാങ്ങിയതോടെ സർക്കാരിലും പാർട്ടിയിലും തിരുത്തൽ വേണമെന്ന ആവശ്യം സിപിഎമ്മിനുള്ളിൽ ആരംഭിച്ചതായി റിപ്പോർട്ട്. ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ പുതിയ വിവാദങ്ങൾ നാൾക്കുനാൾ തലപൊക്കുന്നത് അണികളെ അസ്വസ്ഥരാക്കുകയാണ്.

തൃക്കാക്കരയിലും പുതുപ്പള്ളിയിലും പാർട്ടിയുടെ കണക്കുകൂട്ടലുകൾ ഒന്നൊഴിവാകാതെ എല്ലാം പിഴച്ചു. തൃക്കാക്കരയിൽ സ്ഥാനാർഥിനിർണയം തൊട്ട് തെരഞ്ഞെടുപ്പ് പ്രവർത്തനം വരെ വിമർശന വിധേയമായതോടെ സംസ്ഥാന നേതൃത്വത്തിന് അന്വേഷണ കമ്മിഷനെ നിയോഗിക്കേണ്ടി വന്നിരുന്നു.

സർക്കാരിനും തനിക്കും എതിരെ ഉയരുന്ന ആക്ഷേപങ്ങളോടുള്ള മുഖ്യമന്ത്രിയുടെ മൗനം പാർട്ടിയിൽ ചർച്ചാവിഷയമായിരുന്നുവെങ്കിൽ, പുതുപ്പള്ളിയിലെ തോൽവിയോടെ അസംതൃപ്തി കനത്തു. മാദ്ധ്യമങ്ങളെ പിണറായി കണ്ടിട്ട് 200 ദിവസത്തിലേറെയായി. കേരളത്തിലെ ഒരു മുഖ്യമന്ത്രിയുടെ കാലത്തും ഇത്രയും ദീർ‍ഘമായ ഇടവേള ഉണ്ടായിട്ടില്ല. മാദ്ധ്യമപ്രവർത്തകരുമായി സംവദിക്കുന്നതു ജനങ്ങളുമായി സംവദിക്കുന്നതിന്റെ ഭാഗമായാണു മുഖ്യമന്ത്രിമാർ പൊതുവിൽ കണ്ടിരുന്നത്.

സഹതാപ തരംഗമാണ് തങ്ങളെ തോൽപ്പിച്ചതെന്ന് സിപിഎം നേതൃത്വം ആവർത്തിച്ച് പറയുമ്പോഴും ഉമ്മൻചാണ്ടി എന്ന വികാരത്തിനൊപ്പം ജനവിധിയെ സ്വാധീനിച്ച പല ഘടകങ്ങളും ഈ തെരഞ്ഞെടുപ്പ് സമയത്തുണ്ടായി. അവയിൽ പലതും മണ്ഡലത്തിൽ എൽഡിഎഫിന്റെ ശേഷിക്കുന്ന പിന്തുണയുടെ വേരറുക്കാൻ പര്യാപ്തമായിരുന്നു എന്നുവേണം കരുതാൻ.

ഉമ്മൻ ചാണ്ടിയുടെ വിയോഗവാർത്തയുടെ വേദന മാറും മുൻപേ ചികിത്സാവിവാദം ഉൾപ്പെടെ ഉയർത്തി സിപിഎം പ്രാദേശിക നേതൃത്വം കെ.അനിൽകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ ആരോപണങ്ങൾ മുതൽ, മകൾ ടി.വീണ ഉൾപ്പെട്ട മാസപ്പടി വിവാദം വരെയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ മൗനം വരെ എൽഡിഎഫിനെ മണ്ഡലത്തിൽ തോൽവിയുടെ പടുകുഴിയിൽ തള്ളിയിട്ടു എന്നു വേണം കരുതാൻ

സ്പീക്കർ എ.എൻ.ഷംസീർ കൊളുത്തിവിട്ട മിത്ത് വിവാദം, ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനെ ഉന്നമിട്ടുള്ള സൈബർ ആക്രമണം, സതിയമ്മയോടുള്ള സർക്കാർ ‘ചതി’, നടൻ ജയസൂര്യ ഉയർത്തിയ കൃഷിക്കാരുടെ പ്രതിസന്ധി, എ.സി.മൊയ്തീന്റെ വീട്ടിലെ ഇഡി റെയ്ഡ്, ഓണക്കിറ്റ് ഒരു വിഭാഗത്തിന് മാത്രമാക്കി ചുരുക്കിയത് എന്നിങ്ങനെ സർക്കാരിന് തൊട്ടതെല്ലാം പിഴച്ചപ്പോൾ അത് പുതുപ്പള്ളിയിലും പ്രതിഫലിച്ചു.

ഉമ്മൻ ചാണ്ടിയെയോ കുടുംബത്തെയോ ആക്ഷേപിക്കുന്ന പ്രചാരണത്തിനില്ലെന്നും അദ്ദേഹത്തിന് അർഹമായ ബഹുമാനം കൊടുത്തുതന്നെ ചാണ്ടി ഉമ്മനെ നേരിടുമെന്നുമുള്ള നിലപാടും സിപിഎം ഉന്നത നേതാക്കൾ കൈക്കൊണ്ടുവെങ്കിലും സിപിഎമ്മിലെ ഒരു വിഭാഗം ഉമ്മൻ ചാണ്ടിയുടെ ചികിത്സാ വിവാദം കൂടുതൽ ആളിക്കത്തിക്കാൻ ഒളിഞ്ഞും തെളിഞ്ഞും ശ്രമിച്ചു. വോട്ടെടുപ്പു ദിനം വരെ അതു തുടർന്നുവെന്നതും ശ്രദ്ധേയം. ഇടുക്കിയിൽനിന്ന് പ്രചാരണത്തിനെത്തിയ മുൻ മന്ത്രി എം.എം.മണി ഇതുമായി ബന്ധപ്പെട്ട് നടത്തിയ ചില കടുത്ത പരാമർശങ്ങൾ വിവാദമാകുകയും ചെയ്തു. ഉമ്മൻ ചാണ്ടി മരിക്കാനായി കോൺഗ്രസ് നേതൃത്വം കാത്തിരുന്നുവെന്നു പോലും മണി പ്രസംഗിച്ചു.

സ്പീക്കർ എ.എൻ.ഷംസീർ ഗണപതി ഭഗവാനെ അധിക്ഷേപിച്ചതിൽ നിന്നാരംഭിച്ച മിത്ത് വിവാദം കൊടുമ്പിരി കൊള്ളുന്ന ഘട്ടത്തിലാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് . പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദൻ ഉൾപ്പെടെയുള്ളവർ വിവാദത്തിൽ പ്രതികരണം നടത്തിയതോടെ എൻഎസ്എസ് ഉൾപ്പെടെയുള്ളവർ ഇടഞ്ഞു. പ്രസ്താവനയ്‌ക്കെതിരെ നടത്തിയ നാമജപ ഘോഷയാത്രയ്‌ക്കെതിരെ കേസെടുത്തതോടെ കാര്യങ്ങൾ എൽഡിഎഫിന്റെ കൈയ്യിൽ നിന്ന് പോയി.

മന്ത്രി വി.എൻ.വാസവനൊപ്പം ജെയ്ക് പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തെത്തി ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരെ കണ്ട് ചർച്ച നടത്തി. ഇതോടെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലും എൻഎസ്എസ് സമദൂര നിലപാട് തുടരുമെന്ന് സുകുമാരന‍് നായർ വ്യക്തമാക്കി.

സൈബറിടത്തെ തോന്ന്യാസങ്ങൾ പുതുപ്പള്ളിയിലും ചർച്ചയായി. ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരായ സൈബർ ആക്രമണമാണ് ആദ്യം ചർച്ചയായത്. മുഖമില്ലാത്തവർക്കെതിരെ കേസില്ലെന്ന് ആദ്യം നിലപാടെടുത്തെങ്കിലും, പിന്നീട് അച്ചു ഉമ്മൻ നൽകിയ പരാതിയിൽ ഇടതു സംഘടനാ നേതാവിനെതിരെ കേസെടുത്തു. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാന നിമിഷം വരെ സജീവമായി ഉണ്ടായിരുന്നു.

പ്രചരണം അവസാന ലാപ്പിലെത്തിയ സമയത്ത് ഇടതു സ്ഥാനാർത്ഥി ജെയ്ക്കിന്റെ ഭാര്യ ഗീതു തോമസാണ് സൈബർ ആക്രമണത്തിനെതിരെ രംഗത്തെത്തിയത്. ഗർഭിണിയായ തനിക്കെതിരെ നടക്കുന്ന ആക്രമണങ്ങൾക്കെതിരെ അവർ പരാതി നൽകി. വീണുകിട്ടിയ അവസരം യുഡിഎഫിനെതിരെ സിപിഎം പ്രചാരണായുധമാക്കിയെങ്കിലും ഒന്നും ഫലവത്തായില്ല എന്ന് വേണം കരുതാൻ.

ഉമ്മൻ ചാണ്ടിയെപ്പറ്റി വാഴ്ത്തി പറഞ്ഞതിനു തൊട്ട് പിന്നാലെ മൃഗാശുപത്രി ജീവനക്കാരി പി.ഒ.സതിയമ്മയെ പിരിച്ചുവിട്ടതും വിവാദമായി. സതിയമ്മയ്ക്ക് പിന്തുണയുമായി കോൺഗ്രസ് നേതാക്കൾ എത്തിയതോടെ വിവാദം ആളിക്കത്തി. മറ്റൊരാളുടെ ജോലി തട്ടിയെടുത്തയാളെന്ന ആരോപണവുമായി സിപിഎം പ്രാദേശിക നേതൃത്വം വിവാദത്തെ പ്രതിരോധിക്കാൻ ശ്രമിച്ചു. സതിയമ്മയെ ജോലിയിൽ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് അഖില കേരള വിശ്വകർമ മഹാസഭ രംഗത്തെത്തി. കോൺഗ്രസ് നേതാവു കൂടിയായ പള്ളിക്കത്തോട് അഞ്ചാനി സിനിമാസ് ഉടമ ജിജി അഞ്ചാനി സതിയമ്മയ്ക്കു ജോലി വാഗ്ദാനം ചെയ്തു. ഇവർക്കു ജോലി കിട്ടുംവരെ എല്ലാ മാസവും 8000 രൂപ നൽകാൻ സൗദിയിലുള്ള മലയാളി വ്യവസായി സൗകര്യമൊരുക്കി.

മാസപ്പടി വിവാദവും തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് തിരിച്ചടിയായി. മുഖ്യമന്ത്രിയുടെ മകൾ സ്വകാര്യ കമ്പനിയിൽനിന്ന് മാസപ്പടി വാങ്ങിയെന്ന ഗുരുതര ആരോപണം ഉയർന്നിട്ടും മുഖ്യമന്ത്രിയോ വീണയോ പ്രതികരിക്കാതിരുന്നത് കൂനിന്മേൽ കുരുവായി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും പ്രതികരിച്ചുവെങ്കിലും അതൊന്നും ഫലം കണ്ടില്ല. വീണയുടെ ഭർത്താവു കൂടിയായ മന്ത്രി മുഹമ്മദ് റിയാസും ഇത്തവണ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിച്ചു.

മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ നടത്തിയ ആരോപണങ്ങളും പലപ്പോഴും സിപിഎമ്മിനെ തളർത്തി. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ മാദ്ധ്യമങ്ങൾക്കു മുന്നിലെത്താതെ മാറി നടക്കുമ്പോഴും, വിമർശനങ്ങൾക്ക് എണ്ണിയെണ്ണി മറുപടി പറയുന്ന കുഴൽനാടനും ജനങ്ങളെ സ്വാധീനിച്ചുവെന്നുവേണം കരുതാൻ.

സിപിഎം ഒരിക്കൽക്കൂടി അധികാരത്തിലെത്താതിരിക്കാൻ പ്രാർഥിക്കണമെന്ന ഇടതു സഹയാത്രികനായ സാഹിത്യകാരൻ കെ.സച്ചിദാനന്ദന്റെ പ്രസ്താവനയും പ്രചാരണ കാലത്തായിരുന്നു. രണ്ടുതവണ ഭരണം കിട്ടുന്നതു പ്രസ്ഥാനത്തിന് അഹങ്കാരം നൽകുമെന്നും മൂന്നുതവണ കിട്ടുന്നതു പ്രസ്ഥാനത്തെ നശിപ്പിക്കുമെന്നും കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കൂടിയായ സച്ചിദാനന്ദൻ പറഞ്ഞു. തന്റെ വാക്കുകളെ ദുർവ്യാഖ്യാനം ചെയ്തെന്നു പറഞ്ഞ് പിറ്റേന്ന് അദ്ദേഹം നിലപാട് മാറ്റിയെങ്കിലും , പ്രസ്താവന അപ്പോഴേക്കും ചർച്ചയായി.

കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുൻ മന്ത്രി കൂടിയായ സിപിഎം നേതാവ് എ.സി.മൊയ്തീന്റെ വീട്ടിൽ റെയ്ഡ് നടത്തിയതും പ്രചാരണ കാലത്തായിരുന്നു. ഓഗസ്റ്റ് 31ന് ഇഡി ഓഫിസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടിസ് നൽകി. എന്നാൽ മൊയ്തീൻ അസൗകര്യം പറഞ്ഞ് ഒഴിഞ്ഞതോടെ സെപ്റ്റംബർ നാലിന്, പുതുപ്പള്ളിയിലെ വോട്ടെടുപ്പിന്റെ തലേന്ന് വരാൻ വീണ്ടും നോട്ടിസ് നൽകി. എന്നാൽ അന്നും മൊയ്തീൻ ഹാജരായില്ല.

മന്ത്രിമാർ ഇരുന്ന വേദിയിൽ ചലച്ചിത്ര താരം ജയസൂര്യ നെൽക്കർഷകർക്കായി നടത്തിയ പ്രസംഗവും എൽഡിഎഫിന്റെ ശക്തി ചോർത്തി. നെൽക്കർഷകരിൽനിന്ന് നെല്ലു സംഭരിക്കുന്ന സപ്ലൈകോ അവർക്ക് പണം നൽകുന്നില്ലെന്ന കാര്യം ജയസൂര്യയുടെ പ്രസംഗത്തോടെ പൊതുസമൂഹത്തിനു മുന്നിലെത്തി. കേന്ദ്രം പണം നൽകിയില്ലെന്ന പതിവ് വാദം മന്ത്രിമാർ ഉയർത്തിയെങ്കിലും കേരളം നൽകിയ കണക്കുകൾ അനുസരിച്ച് കേന്ദ്രം പണം നൽകിയിട്ടുണ്ടെന്ന് തെളിഞ്ഞു.

എല്ലാവർക്കും കിറ്റു നൽകി തുടർ ഭരണം സാധ്യമാക്കിയ പിണറായി വിജയൻ സർക്കാർ, ഇത്തവണ ഓണ കിറ്റ് മഞ്ഞ റേഷൻ കാർഡ് ഉടമകളിലെ ഒരു വിഭാഗത്തിനു മാത്രമാക്കി ചുരുക്കി. ഇതിനിടെ, എംപിമാരും എംഎൽഎമാരും ഉൾപ്പെടെയുള്ളവർക്ക് ഓണക്കിറ്റ് നൽകാനുള്ള സർക്കാർ നീക്കവും വാർത്തകളിൽ ഇടംപിടിച്ചു.കേരളത്തിലെ ബഹുഭൂരിപക്ഷത്തിനും ലഭിക്കാത്ത കിറ്റ് തങ്ങൾക്കും വേണ്ടെന്ന് യുഡിഎഫ് ജനപ്രതിനിധികൾ നിലപാടെടുത്തു. സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് പറയുമ്പോഴും മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി 80 ലക്ഷം രൂപ പ്രതിമാസ വാടകയിൽ ഹെലികോപ്റ്റർ വാങ്ങാനുള്ള നീക്കവും ചർച്ചയായി.

ഇടുക്കി ജില്ലയിലെ ശാന്തൻപാറയിലെ സിപിഎം ഓഫിസ് നിർമാണങ്ങൾക്കെതിരെ ഹൈക്കോടതി ഉത്തരവു വന്നിട്ടും നിർമാണം തുടർന്ന് വിവാദത്തിൽ ചാടിയതും ഇക്കാലളവിൽ കണ്ടു. ചുരുക്കത്തിൽ സഹതാപ തരംഗത്തിനുമപ്പുറം സിപിഎം കുഴിച്ച കുഴികളുടെ ആകെ തുകയാണ് പുതുപ്പള്ളിയിലെ വൻ തോൽവി

Anandhu Ajitha

Recent Posts

യാത്രക്കാരനെ മർദിച്ചതായി പരാതി ! എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെ സസ്‌പെൻഡ് ചെയ്തു ; ആഭ്യന്തര അന്വേഷണം തുടരുകയാണെന്ന് വിമാനക്കമ്പനി

ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…

11 minutes ago

പോളണ്ടിൽ ഭീകരാക്രമണ പദ്ധതി തകർത്ത് സുരക്ഷാ ഏജൻസി !പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥി പിടിയിൽ; ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയിൽ ചേരാനും നഗരത്തിൽ സ്ഫോടനം നടത്താനും പദ്ധതിയിട്ടിരുന്നതായി കണ്ടെത്തൽ ; യൂറോപ്പ് കടുത്ത ജാഗ്രതയിൽ

വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…

54 minutes ago

മെറ്റാ ഗ്ലാസ് ധരിച്ച് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ കയറി ! ശ്രീലങ്കൻ പൗരൻ കസ്റ്റഡിയിൽ ! ചോദ്യം ചെയ്യൽ തുടരുന്നു

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…

58 minutes ago

വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്ക് പുത്തൻ വ്യോമ കവാടം! ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…

2 hours ago

തോഷഖാന അഴിമതിക്കേസ് !ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും17 വർഷം തടവ്: വിധി പ്രഖ്യാപിച്ച് പാകിസ്ഥാൻ കോടതി

തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…

2 hours ago

സിഡ്‌നി ആക്രമണം: ഭീകരന്റെ യാത്രാ വിവരങ്ങൾ പുറത്ത് ! SIDNEY ATTACK

കഴിഞ്ഞ 20 വർഷത്തിനിടെ ഭീകരൻ ഇന്ത്യയിൽ എത്തിയത് ആറ് തവണ ! സന്ദർശനത്തിന്റെ ലക്ഷ്യങ്ങൾ ചികഞ്ഞെടുത്ത് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ…

4 hours ago