കിഴക്കമ്പലത്ത് ക്രിസ്തുമസ് രാത്രിയിൽ അരങ്ങേറിയ ആൾക്കൂട്ട അതിക്രമങ്ങൾ ഒട്ടും നീതീകരിയ്ക്കാവുന്നതല്ല. മാത്രമല്ല ഇക്കാര്യത്തിൽ മലയാളികളുടെ ഒരു പുനർ വിചിന്തനം വാക്കുകളിലും പ്രവൃത്തിയിലും ഉണ്ടാകേണ്ടിയിരിയ്ക്കുന്നു.
അതിഥി തൊഴിലാളി എന്ന വാക്കുകൊണ്ടുള്ള ഭാഷാ പ്രയോഗം തന്നെ തിരുത്തപ്പെടണം. അതിഥിയും ആതിഥേയരും ഒരേ രാജ്യത്തെ പൗരനെ സംബന്ധിച്ച് എത്ര വിവേചനപരവും മണ്ണിൻ്റെ മക്കൾ വാദം പോലെ പ്രാദേശിക ബോധത്തെ ഉത്തേജിപ്പിക്കുന്നതും വംശീയ ചിന്ത വളർത്തുന്നതുമാണെന്നും അത് ഉപേക്ഷിക്കപ്പെടേണ്ട മനോഭാവമാണെന്നുമുള്ള വിശാലമായ ഏകാത്മക മാനവ വാദത്തിലൂന്നിയ കാഴ്ചപ്പാട് ഉയർന്നു വരേണ്ടിയിരിയ്ക്കുന്നു.
അതിഥി തൊഴിലാളി എന്ന പ്രയോഗത്തിലൂടെ സൃഷ്ടിയ്ക്കപ്പെടുന്ന മനോഭാവം ഇതര സംസ്ഥാന ഇന്ത്യൻ പൗരന്മാരെ ഇന്ത്യയുടെ അതിർത്തികൾക്കുള്ളിൽ അപരവത്കരണത്തിൻ്റെ പടുകുഴിയിൽ ചാടിച്ചതിൻ്റെ ഉപോത്പന്നമായിരുന്നു കിഴക്കമ്പലം സംഭവം എന്ന് വിലയിരുത്തിയാലും അപാകതയില്ല. മലയാള ഭാഷയെ വികലമാക്കി ഇങ്ങനൊരു ഭാഷാ പ്രയോഗം കണ്ടെത്തിയ പിണറായിക്കാലം ഇനിയെന്തൊക്കെ കരുതി വച്ചിരിയ്ക്കുന്നു എന്ന് കണ്ടു മനസിലാക്കണം.
‘അന്യസംസ്ഥാനം’ എന്ന പരാമർശം പോലും രാഷ്ട്രീയമായി ശരിയല്ല. ഇതര സംസ്ഥാനം എന്ന പ്രയോഗം അംഗീകരിയ്ക്കാം. കാരണം ഭാരതത്തിലെ ഭാരതീയർ ആരും ആർക്കും അന്യരല്ല. എൻ്റെ പൗരത്വം ഭാരതീയൻ എന്നതായതു കൊണ്ടു ഭാരതത്തിലെ ഏതൊരു ഭൂപ്രദേശവും എനിക്ക് കൂടി അവകാശപ്പെട്ടതാണ്. അവിടെ യാതൊരു വിവേചനവും കൂടാതെ ജീവിക്കാനും ജോലി ചെയ്യാനും എനിക്ക് അവകാശമുണ്ട്. അവിടുത്തെ സർക്കാർ എന്നെ അതിഥിയായാണ് കാണുന്നതെങ്കിൽ എനിക്കാ മണ്ണിൽ അവകാശമില്ലെന്നാണ് അർത്ഥം.
കിഴക്കമ്പലം സംഭവത്തിൻ്റെ വീഡിയോകൾ പ്രചരിച്ചത് നാം പലരും കണ്ടിരുന്നു. അതിൽ ഒരു ഹിന്ദിക്കാരൻ പോലീസ് ജീപ്പിന് മുകളിൽ കയറി ചവിട്ടി നിൽക്കുന്നത് ശ്രദ്ധയിൽ പെട്ടിരിയ്ക്കും. പോലീസ് വാഹനങ്ങൾക്ക് മുകളിൽ കയറുന്ന ഈ കലാപരിപാടി ഇതിന് മുമ്പ് നമ്മൾ കണ്ടത് ഹൈക്കോടതി വിധിയ്‌ക്കെതിരെ ഒരു ഭീകരപ്രസ്ഥാനം നടത്തിയ മാർച്ചിനിടെ പോലീസ് വാഹനത്തിന് മുകളിൽ കയറി നടത്തിയ പ്രസംഗത്തിലാണ്. ഇതിൻ്റെ തനിയാവർത്തനം സംഭവിയ്ക്കുമ്പോഴാണ് ഇവർ ബംഗാളികളാണോ അതോ ബംഗ്ലാദേശികളാണോ റോഹിൻഗ്യകളാണോ എന്നൊക്കെ പൊതുജനം സംശയിക്കുന്നത്.
ഇന്ത്യാ മഹാരാജ്യത്തിൻ്റെ താത്പര്യങ്ങൾ നേടിയെടുക്കാനുള്ള ഏറ്റവും ഒടുവിലത്തെ മാർഗ്ഗമാണ് നമ്മുടെ പട്ടാളം. രാഷ്ട്രരക്ഷ ചെയ്യുന്ന സൈന്യം ഭയന്നാൽ അതിനർത്ഥം 130 കോടി ജനം ഭയന്നു എന്നുതന്നെയാണ്. അതൊരിയ്ക്കലും സംഭവിയ്ക്കില്ല എന്ന ബോദ്ധ്യം നമുക്കുണ്ട്. അതേപോലെ തന്നെ രാഷ്ട്രത്തിനകത്തുള്ള ക്രമസമാധാന പ്രശ്നങ്ങളും മറ്റും ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്യാൻ ഇന്ത്യൻ ഭരണഘടന ചുമതല നല്കിയിരിയ്ക്കുന്നത് പോലീസിനും ജുഡീഷ്യറിയ്ക്കും (സിബിഐ, എൻഐഎ എന്നിവയും ഇതിൽപ്പെടും) മറ്റുള്ള സംവിധാനങ്ങൾക്കുമാണ്.
പോലീസിനും പട്ടാളത്തിനും ഒരു ഘട്ടത്തിൽ പോലും ഭയമുണ്ടാകാൻ പാടില്ല. അവരുടെ ജോലി മറ്റേതൊരു ജോലിയും പോലെയല്ല. ഉദാഹരണത്തിന് നമ്മുടെ ജീവൻ പണയപ്പെടുത്തി മറ്റൊരാളുടെ ജീവൻ രക്ഷിക്കേണ്ട ഉത്തരവാദിത്തം നിയമപരമായി നമുക്കില്ല. നമ്മുടെ ജീവിതം ബുദ്ധിമുട്ടിലാകുമെന്ന് തോന്നിയാൽ ആ ജോലി ഉപേക്ഷിച്ച് പോരുന്നതിന് നമുക്ക് നിയമപരമായ ഒരു വിലക്കുമില്ല.
പക്ഷെ പട്ടാളക്കാരൻ്റെയോ പോലീസുകാരൻ്റെയോ നില അങ്ങനെയല്ല. “താൻ ആരെയാണോ സംരക്ഷിക്കാൻ നിയോഗിതാനായത് അഥവാ എന്തിനെയാണോ സംരക്ഷിക്കാൻ നിയോഗിക്കപ്പെട്ടിരിക്കുന്നത്, അതാണ് സ്വന്തം ജീവനേക്കാൾ വലുത്” എന്നതാണ് സുരക്ഷാ ജോലിയുടെ അടിസ്ഥാന നിയമം. തനിക്ക് ഇഷ്ടമില്ലാത്ത അഥവാ അപകട സാധ്യതയുള്ള ജോലിക്ക് നിയോഗിക്കപ്പെടുമ്പോൾ രാജിവെച്ച് പോരാൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് അവകാശവുമില്ല.
ഇന്ത്യയുടെ അതിർത്തിയ്ക്കുള്ളിൽ ഒരു മനുഷ്യനെതിരെ ബലപ്രയോഗം നടത്തേണ്ട ആവശ്യം വന്നാൽ അതിന് അധികാരമുള്ള ഒരേയൊരാൾ കാക്കിയിട്ട് വ്യവസ്ഥാപിതമായി പ്രവർത്തിയ്ക്കുന്ന ഇന്ത്യയിലെ പോലീസുകാരൻ മാത്രമാണ്. പോലീസ് എന്ന സംവിധാനമാണ് അരാജകത്വത്തിൽ നിന്നും നാടിനെ രക്ഷിയ്ക്കേണ്ടത്. ഭരണകൂടത്തിൻ്റെ പ്രകടിത രൂപമാണ് പോലിസ്. പട്ടാളത്തിനുള്ളിലെ നീതി നടപ്പാക്കുന്ന സംവിധാനത്തിനുള്ള പേരും മിലിട്ടറി പോലീസ് എന്നതാണ്.
ഇന്ത്യയുടെ ഒരു ഭരണഘടനാ സ്ഥാപനമായ പൊലീസിനെതിരായ ഒരു വെല്ലുവിളികളും ചോദ്യം ചെയ്യപ്പെടാതെയോ അടിച്ചമർത്താതെയോ പോകുന്നത് കേരളത്തിന് ഭൂഷണമല്ല. ആയുധവും താൻപോരിമയും പോലീസിൽ മാത്രം നിക്ഷിപ്തമായിരിയ്ക്കുന്നതാണ് സമാജത്തിന് നല്ലത്. പോലീസ് സംവിധാനത്തെ ദുർബലപ്പെടുത്താനും ഭയപ്പെടുത്താനുമുള്ള ശ്രമങ്ങളെ സഹിഷ്ണുതയോടെ നേരിടാൻ പാടുള്ളതല്ല. സിസ്റ്റം ഭയപ്പെടാൻ പാടില്ല.
കല്ലമ്പലത്ത് പൊലീസുകാരെ ആക്രമിച്ചപ്പോൾ തോക്കെടുത്ത് വെടിവയ്ക്കാൻ പൊലീസിന് സാധിയ്ക്കാതിരുന്നത്, ഭരണ വർഗം പിന്തുണയ്ക്കില്ല എന്ന ഉത്തമ ബോദ്ധ്യം ഉള്ളതിനാലാണ്. ബീമാരി സ്റ്റേറ്റ് എന്നറിയപ്പെട്ടിരുന്ന ഉത്തർപ്രദേശിലെ ക്രമസമാധാന രംഗം ഇന്നത്തെ നിലയിലെ പോലെയെങ്കിലും മെച്ചപ്പെട്ടിരിയ്ക്കുന്നതിൻ്റെ കാരണം ഭരണാധികാരിയുടെ ശക്തമായ പിന്തുണകൊണ്ട് മാത്രമാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ ഭരണത്തിൽ ഉത്തർപ്രദേശിലെ ക്രിമിനലുകൾ പോലീസിൻ്റെ വെടിയേറ്റ് മരണപ്പെട്ടത് നാമെല്ലാം അറിഞ്ഞ വസ്തുതകളാണ്.
നീതിബോധമുള്ള ആർക്കും നിയമ വാഴ്ചയ്‌ക്കെതിരെ ആയുധമെടുക്കാനോ പോലീസിനെ ആക്രമിയ്ക്കാനോ സാധിയ്ക്കില്ല. അത്തരം ആളുകളോട് ജനാധിപത്യ മര്യാദകൾ കാണിയ്ക്കേണ്ട ആവശ്യം പോലീസിനില്ല. അങ്ങനെയൊരു ദുസ്ഥിതിയിലേക്ക് പോലീസിനെ തള്ളിയിടുന്നത് സിസ്റ്റം പരാജയപ്പെടാൻ മാത്രമേ ഇടവരുത്തൂ.
പോലീസുകാരുടെ തോന്നിവാസത്തെക്കുറിച്ചുള്ള പരാതികൾ പരിഹരിയ്ക്കാൻ അതിൻ്റെതായ സംവിധാനങ്ങളുണ്ട്. അതിനുള്ള അവസരമല്ലിത്. കേരളാ പോലീസ് നമ്മുടെ പൊലീസാണ്. പോലീസിനുള്ള ശക്തിയും ധൈര്യവും മറ്റാർക്കുണ്ടാകാൻ പാടില്ല. അങ്ങനെ സംഭവിച്ചാൽ അത് അട്ടിമറിയിലേക്ക് നാടിനെ എത്തിയ്ക്കും.
സുരക്ഷാ സേനകൾ ആക്രമിയ്ക്കപ്പെടുമ്പോഴും ക്രമസമാധാനം തകരുമ്പോഴും ഇൻ്റലിജൻസിൻ്റെ പിടിപ്പുകേടാണെന്നോ സർക്കാരിൻ്റെ പ്രാപ്തി കുറവാണെന്നോ ഒക്കെ പറയാൻ എളുപ്പമാണ്. തുടർച്ചയായി സംഭവിച്ചാൽ ഇങ്ങനെയൊക്കെയാണെന്ന് വിലയിരുത്തുന്നതിൽ അപാകതയുമില്ല. മാത്രമല്ല ഭരണകൂടത്തിൻ്റെ മൗനാനുവാദം പോലും സംശയിക്കേണ്ടി വരും.
ഇതിലെ മറ്റൊരു വശം എന്തെന്നു വച്ചാൽ ആക്രമണങ്ങൾ ഉണ്ടായാൽ മാത്രമേ വാർത്തയുണ്ടാകുന്നുള്ളു എന്നതാണ്. നടക്കാത്ത അക്രമത്തെത്തെക്കുറിച്ച് വാർത്തയില്ല. 99 ആക്രമണ ശ്രമങ്ങൾ ഫലപ്രദമായി തടഞ്ഞ സുരക്ഷാസേന പഴി കേൾക്കുന്നത് 100ആമത്തെ ആക്രമണ ശ്രമം വിജയിക്കുമ്പോഴായിരിയ്ക്കും. 99 ശ്രമങ്ങളും പരാജയപ്പെട്ട ഭീകര പ്രസ്ഥാനം ഹീറോകളാകുന്നത് അവരുടെ 100ആമത്തെ പരിശ്രമം വിജയിക്കുമ്പോഴായിരിയ്ക്കും. ഇത് തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്.
ചുറ്റിനും സംഭവിയ്ക്കുന്നതിനെക്കുറിച്ച് ജാഗ്രതയുള്ളവരായിരിയ്ക്കണം നമ്മൾ. ‘സംസ്കാര ഹീനമായ ശക്തി വിനാശകരമാണ്. ശക്തി എപ്പൊഴും സംസ്കാര യുക്തമായിരിക്കണം’. സംസ്കാരയുക്തമായ ശക്തി പ്രകടനം പോലീസിൽ നിന്നു മാത്രമേ ലഭിയ്ക്കൂ.
ശബരിമലയിൽ സ്വീകരിച്ച നടപടികളിലടക്കം പല കാര്യങ്ങളിലും പോലീസ് പ്രവർത്തനങ്ങളോട് എതിർപ്പുള്ളവരാണ് കേരള സമൂഹം. എന്നാൽ ഈ ഘട്ടത്തിൽ പോലീസിനെ പിന്തുണയ്‌ക്കേണ്ടത് ഇന്ത്യയുടെ നിയമ വാഴ്ച ആഗ്രഹിയ്ക്കുന്ന പൗരൻ്റെ കടമയാണ്.
ഹെൽമെറ്റില്ലാതെ ബൈക്കിൽ യാത്രചെയ്തപ്പോൾ പിടികൂടി വഴക്ക് പറയുകയും ഫൈനടിയ്ക്കുകയും ചെയ്യുന്ന പോലീസുകാരോട് നമുക്ക് ദേഷ്യമുണ്ടാകുക സ്വാഭാവികമാണ് (നമ്മുടെ പക്ഷത്ത് ന്യായമില്ലെങ്കിൽ പോലും) പക്ഷെ ഒരു കാര്യം ഓർത്തുകൊളളൂ., നിങ്ങളുടെ വീടിൻ്റെ പരിസരത്ത് നിറതോക്കുമായി ഒരാൾ കറങ്ങി നടക്കുന്നത് നിങ്ങളുടെ ശ്രദ്ധയിൽ പെട്ടാൽ എന്തായിരിയ്ക്കും നിങ്ങൾ ആഗ്രഹിയ്ക്കുക. അയാൾ ഒരു ക്രിമിനൽ ആയിരിയ്ക്കണമെന്നോ അതോ ഒരു പോലീസ് ഉദ്യോഗസ്ഥനായിരിയ്ക്കണമെന്നോ..? ഇതിനുള്ള ഉത്തരമാണ് സ്വൈര്യ ജീവിതം കാംക്ഷിയ്ക്കുന്ന ജനത പോലീസിനെ പിന്തുണയ്‌ക്കേണ്ടതിൻ്റെ ആവശ്യം.
കേരളാ പോലീസ് കാക്കിയുടെ പവർ കാണിയ്ക്കേണ്ട അവസരം എത്തിയിരിയ്ക്കുന്നു. നിങ്ങളുടെ കൈകളിൽ ഇരിയ്ക്കുന്ന തോക്കുകൾ കൊക്കുമുണ്ടിയെ വെടിവയ്ക്കാനുള്ളതല്ല എന്ന് പൊതുജനത്തിൻ്റെ ഭാഗമായി പറയാൻ ആഗ്രഹിയ്ക്കുന്നു. വെറും തൊലിപ്പുറത്തെ ചികിത്സകൊണ്ട് നമുക്ക് എന്ത് നേടാൻ സാധിയ്ക്കും സാറന്മാരെ.
ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…
‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…
കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…