Kerala

കെഎസ്ആർടിസിക്ക് പുതിയ എംഡി !സ്ഥാനമൊഴിഞ്ഞ ബിജു പ്രഭാകറിന് പകരക്കാരനായി പ്രമോജ് ശങ്കർ

തിരുവനന്തപുരം : സ്ഥാനമൊഴിഞ്ഞ ബിജു പ്രഭാകറിന് പകരക്കാരനായി അഡീഷനൽ ഗതാഗത കമ്മിഷണറും കെഎസ്ആർടിസി ജോയിന്റ് മാനേജിങ് ഡയറക്ടറുമായ പ്രമോജ് ശങ്കറിന് കെഎസ്ആർടിസി എംഡിയുടെ ചുമതല നൽകി. ഇതിനൊപ്പം കെഎസ്ആർടിസി – സ്വിഫ്റ്റിന്റെ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറുടെ അധിക ചുമതലയും അദ്ദേഹത്തിന് നൽകി.

ബിജു പ്രഭാകർ ഒഴിഞ്ഞ ഗതാഗത സെക്രട്ടറി ചുമതല ലേബർ കമ്മിഷണറും സെക്രട്ടറിയുമായ കെ.വാസുകിക്ക് നൽകിയിരുന്നു. ഗതാഗതമന്ത്രി മന്ത്രി ഗണേഷ് കുമാറുമായുള്ള സ്വരച്ചേർച്ചയെ തുടർന്ന് വകുപ്പുമാറ്റം വേണമെന്ന് ആദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി ആന്റണി രാജുവിന്റെ പകരക്കാരനായി ഗതാഗതമന്ത്രി സ്ഥാനത്ത് കെ.ബി. ഗണേഷ് കുമാർ എത്തിയപ്പോൾ മുതൽ ബിജു പ്രഭാകറുമായി നയപരമായ വിഷയങ്ങളിൽ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. ഇലക്ട്രിക് ബസ് വിഷയം ഭിന്നത കൂടുതൽ രൂക്ഷമാക്കി. ഇലക്ട്രിക് ബസുമായി ബന്ധപ്പെട്ട് മന്ത്രി ആവശ്യപ്പെട്ട റിപ്പോർട്ട് മാദ്ധ്യമങ്ങൾക്ക് ചോർന്നതും മന്ത്രിയെ അസ്വസ്ഥനാക്കി.

വ്യവസായ വകുപ്പിൽ മൈനിങ് ജിയോളജി, പ്ലാന്റേഷൻ, കയർ, ഹാൻഡ്‌ലൂം, കാഷ്യൂ വകുപ്പുകൾക്കു പുറമേ ഗതാഗതവകുപ്പിൽനിന്ന് റെയിൽവേ, മെട്രോ, ഏവിയേഷൻ എന്നിവയുടെ ചുമതലയും ഗുരുവായൂർ ദേവസ്വം കമ്മിഷണറുടെയും കൂടൽമാണിക്യം ദേവസ്വത്തിന്റെയും ചുമതലയുമാണ് ബിജു പ്രഭാകർ ഇനി വഹിക്കുക.

Anandhu Ajitha

Recent Posts