ഹൈഫ നഗരത്തിൽ ഇന്ത്യൻ സൈനികർ എത്തിയപ്പോൾ
ഒന്നാം ലോകമഹായുദ്ധത്തിൽ ജൂത ജനതയ്ക്ക് രക്ഷകരായ ഇന്ത്യൻ സൈനികരെ ആദരിച്ച് ഇസ്രായേൽ. ഹൈഫ നഗരത്തിലെ ഇന്ത്യൻ സൈനികരുടെ സെമിത്തേരിയിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികരെ ആദരിച്ചു.1918-ൽ, ഒന്നാം ലോകമഹായുദ്ധത്തിൻ്റെ അന്ത്യത്തിൽ, ഓട്ടോമൻ ഭരണത്തിൽ നിന്ന് നഗരത്തെ മോചിപ്പിച്ചത് ബ്രിട്ടീഷ് സൈനികരല്ല, മറിച്ച് ഇന്ത്യൻ സൈനികരായിരുന്നു എന്ന സത്യം ഇനി അവിടത്തെ സ്കൂൾ പാഠപുസ്തകങ്ങളിൽ ഇടംനേടും. ഹൈഫാ നഗരത്തിന്റെ മേയർ യോന യാഹവ് ആണ് ഈ സുപ്രധാന തീരുമാനം ലോകത്തെ അറിയിച്ചത്. ഇന്ത്യൻ സൈനികരുടെ വീര്യവും ത്യാഗവും അംഗീകരിക്കാനുള്ള ഇസ്രായേലിൻ്റെ തീരുമാനത്തെ ചരിത്രപരമായ നീതിയായാണ് ലോകം നോക്കിക്കാണുന്നത്.
1918-ൽ ഓട്ടോമൻ ഭരണത്തിൽ നിന്ന് ഹൈഫ നഗരത്തെ മോചിപ്പിച്ചത് ബ്രിട്ടീഷുകാർ ആണെന്നായിരുന്നു ഏറെക്കാലമായി കരുതപ്പെട്ടിരുന്നത്. എന്നാൽ നിരവധി ഗവേഷണങ്ങളിലൂടെ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് ഇന്ത്യൻ സൈനികരായിരുന്നു അന്ന് ഹൈഫ നഗരത്തെ ഓട്ടോമൻ ഭരണത്തിൽ നിന്നും മോചിപ്പിച്ചത് എന്നാണ്. ഈ പുതിയ കണ്ടെത്തൽ കണക്കിലെടുത്ത് ഇന്ത്യൻ സൈനികർക്കുള്ള ആദരവായി പുതിയ ചരിത്രപാഠപുസ്തകത്തിൽ ഈ അധ്യായം ഉൾപ്പെടുത്തും എന്നാണ് ഇസ്രായേൽ വ്യക്തമാക്കിയിരിക്കുന്നത്. ഒന്നാം ലോകമഹായുദ്ധകാലത്ത് പശ്ചിമേഷ്യൻ യുദ്ധരംഗത്ത് ഇന്ത്യൻ സൈന്യം അവിസ്മരണീയമായ പങ്കുവഹിച്ചിരുന്നു. 1918 സെപ്റ്റംബർ 23-ന് നടന്ന ഹൈഫാ യുദ്ധം, ചരിത്രത്തിലെ അവസാനത്തെ മഹത്തായ കുതിരപ്പട ആക്രമണം എന്നാണ് പല യുദ്ധ ചരിത്രകാരന്മാരും വിശേഷിപ്പിക്കുന്നത്. ഓട്ടോമൻ സൈന്യത്തെ തുരത്തുക എന്ന ലക്ഷ്യത്തോടെ, കുന്നുകളും പാറക്കെട്ടുകളും നിറഞ്ഞ മൗണ്ട് കാർമലിൻ്റെ ചരിവുകളിലൂടെ ഇന്ത്യൻ കുതിരപ്പടയാളികൾ കുതിച്ചുകയറി.
ഈ ആക്രമണത്തിൽ മുന്നിട്ടുനിന്നത് 15-ാമത് ഇംപീരിയൽ സർവീസ് കാവൽറി ബ്രിഗേഡിലെ മൈസൂർ ലാൻസേഴ്സ്, ഹൈദരാബാദ് ലാൻസേഴ്സ്, ജോധ്പൂർ ലാൻസേഴ്സ് എന്നീ ഇന്ത്യൻ കുതിരപ്പട റെജിമെൻ്റുകളാണ്. കുന്തങ്ങളും വാളുകളുമായി (കുതിരപ്പുറത്ത് പാഞ്ഞെത്തിയ ഇന്ത്യൻ സൈനികർ , ഓട്ടോമൻ്റെ യന്ത്രത്തോക്കുകൾ ഉപയോഗിച്ചുള്ള പ്രതിരോധത്തെ ഭേദിച്ച് മുന്നേറി.
ജോധ്പൂർ ലാൻസേഴ്സ് റെജിമെൻ്റിനാണ് ഈ ആക്രമണത്തിൽ ഏറ്റവും നിർണ്ണായക പങ്കുവഹിച്ചത്. എട്ട് സൈനികരെ നഷ്ടപ്പെടുകയും 34 പേർക്ക് പരിക്കേൽക്കുകയും ചെയ്തെങ്കിലും, അവർ 700-ൽ അധികം തടവുകാരെയും, 17 ഫീൽഡ് ഗണ്ണുകളും 11 യന്ത്രത്തോക്കുകളും പിടിച്ചെടുത്തു.
‘ഹൈഫയുടെ നായകൻ’ എന്നറിയപ്പെടുന്ന മേജർ ദൽപത് സിംഗ്, ധീരതയ്ക്ക് മരണാനന്തരം ആദരിക്കപ്പെട്ടു. ഇന്ത്യ എല്ലാ വർഷവും സെപ്റ്റംബർ 23 ഹൈഫ ദിനമായി ആചരിക്കുന്നു.ഹൈഫ, ജറുസലേം, റാംലെ എന്നിവയുൾപ്പെടെ ഇസ്രായേലിലുടനീളമുള്ള യുദ്ധ സെമിത്തേരികളിൽ നിരവധി ഇന്ത്യൻ സൈനികരുടെ ശവകുടീരങ്ങൾ ഇപ്പോഴും സംരക്ഷിക്കപ്പെടുന്നുണ്ട്.
ഹൈഫായുടെ സ്വാതന്ത്ര്യം ബ്രിട്ടീഷുകാരാണ് നേടിയതെന്നാണ് നഗരത്തിലെ സ്കൂളുകളിൽ ഇതുവരെ പഠിപ്പിച്ചിരുന്നത്. മേയർ യാഹവിൻ്റെ വാക്കുകൾ ശ്രദ്ധേയമാണ്: “ഞാൻ ഈ നഗരത്തിൽ ജനിച്ചതും ഇവിടെ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയതുമാണ്. ഈ നഗരത്തെ മോചിപ്പിച്ചത് ബ്രിട്ടീഷുകാരാണെന്ന് ഞങ്ങൾ നിരന്തരം പഠിപ്പിക്കപ്പെട്ടു. എന്നാൽ ഒരു ദിവസം, ഹിസ്റ്റോറിക്കൽ സൊസൈറ്റിയിൽ നിന്നുള്ള ഒരാൾ എന്നെ സമീപിക്കുകയും, വിശദമായ ഗവേഷണങ്ങൾക്കൊടുവിൽ നഗരം മോചിപ്പിച്ചത് ബ്രിട്ടീഷുകാരല്ല, ഇന്ത്യക്കാരാണെന്ന് കണ്ടെത്തുകയും ചെയ്തു. ഈ പ്രഖ്യാപനത്തിന് പിന്നാലെ, ഹൈഫയിലെ എല്ലാ സ്കൂളുകളിലും പാഠ്യപദ്ധതികൾ മാറ്റിയെഴുതാൻ തീരുമാനിച്ചു. നിലവിൽ 3 മുതൽ 5 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികളെ ഇന്ത്യൻ സൈനികരുടെ ഈ വീരചരിത്രം പഠിപ്പിക്കുന്നുണ്ട്. കൂടാതെ, ഹൈഫാ ഹിസ്റ്റോറിക്കൽ സൊസൈറ്റി സ്കൂളുകളിൽ നേരിട്ടെത്തി ഈ കഥകൾ കുട്ടികൾക്ക് പറഞ്ഞുകൊടുക്കുന്നുമുണ്ട്.
ഈ ധീരമായ പോരാട്ടത്തെ ഇന്ത്യയും ഇസ്രായേലും ഒരേപോലെ ആദരിക്കുന്നുണ്ട്.
ഇന്ത്യൻ കരസേന എല്ലാ വർഷവും സെപ്റ്റംബർ 23 ഹൈഫാ ദിനമായി ആചരിക്കുന്നു. ഈ ദിനത്തിൽ ഹൈഫാ നഗരത്തിലെ സൈനിക ശ്മശാനത്തിൽ ഇന്ത്യൻ എംബസിയും മുനിസിപ്പാലിറ്റിയും ചേർന്ന് അനുസ്മരണ ചടങ്ങുകൾ നടത്തുന്നു.
ഹൈഫാ, ജറുസലേം, റാംലെ എന്നിവിടങ്ങളിലെ ശ്മശാനങ്ങളിലായി 900-ഓളം ഇന്ത്യൻ സൈനികരാണ് അന്ത്യവിശ്രമം കൊള്ളുന്നത്. ഇതിൽ ജൂത വംശജരായ ഇന്ത്യൻ സൈനികരുമുണ്ട്. ഇന്ത്യൻ എംബസിയും ഇസ്രായേലി അധികാരികളും ചേർന്ന് ഈ വിശുദ്ധ ഭൂമിയിൽ ഇന്ത്യൻ സൈനികരുടെ ത്യാഗത്തെ ആദരിച്ചുകൊണ്ട് ഇന്ത്യൻ ട്രെയിൽ സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്.
2018 ജനുവരിയിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്ത്യ സന്ദർശിച്ചപ്പോൾ, ദില്ലിയിലെ തീൻ മൂർത്തി ചൗക്കിന് തീൻ മൂർത്തി ഹൈഫാ ചൗക്ക് എന്ന് പുനർനാമകരണം ചെയ്തുകൊണ്ട് ഭാരതം ഈ വീരഗാഥയെ ആദരിച്ചു.
2017 ജൂലൈയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹൈഫാ സെമിത്തേരി സന്ദർശിക്കുകയും മേജർ ദൽപത് സിംഗിൻ്റെ സ്മരണയ്ക്കായി പുഷ്പചക്രം അർപ്പിക്കുകയും ഫലകം അനാച്ഛാദനം ചെയ്യുകയും ചെയ്തു. “ഒന്നാം ലോകമഹായുദ്ധകാലത്ത് ഹൈഫായുടെ വിമോചനത്തിനായി ജീവൻ ബലിയർപ്പിച്ച ധീരരായ ഇന്ത്യൻ സൈനികർക്ക് സല്യൂട്ട് നൽകാൻ ഇന്ന് ഇവിടെ നിൽക്കുന്നതിൽ ഞാൻ അതീവ ബഹുമാനിതനാണ്,” അദ്ദേഹം സന്ദർശക ഡയറിയിൽ കുറിച്ചു.
ഹൈഫാ യുദ്ധത്തിൻ്റെ ശതാബ്ദി വർഷമായ 2018-ൽ ഇസ്രായേൽ പോസ്റ്റ് ഇന്ത്യൻ സൈനികരുടെ പങ്ക് ആദരിച്ചുകൊണ്ട് ഒരു പ്രത്യേക അനുസ്മരണ സ്റ്റാമ്പ് പുറത്തിറക്കിയിരുന്നു. സ്വാതന്ത്ര്യാനന്തരം ലയിപ്പിച്ച മൂന്ന് കുതിരപ്പട റെജിമെൻ്റുകൾ ഉൾപ്പെടുന്ന 61-ാമത് കാവൽറി യൂനിറ്റ് അനുസ്മരണ ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി ഇസ്രായേലിലേക്ക് യാത്ര ചെയ്യുകയും ചെയ്തു.
ഒന്നാം ലോകമഹായുദ്ധത്തിൽ 74,000-ത്തിലധികം ഇന്ത്യൻ സൈനികരാണ് മരിച്ചത്, അതിൽ 4,000-ത്തിലധികം പേർ പശ്ചിമേഷ്യയിൽ വീരമൃത്യു വരിച്ചു. ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിന് മുമ്പ് പോരാടി വീണവരാണ് അവരെങ്കിലും, ലോകമെമ്പാടുമുള്ള യുദ്ധഭൂമികളിൽ അവർ പ്രകടിപ്പിച്ച ധീരത ആർക്കും നിഷേധിക്കാനാവില്ല. ഹൈഫായുടെ ചരിത്രപുസ്തകങ്ങളിലെ തിരുത്തിയെഴുത്ത്, കാലത്തിൻ്റെ മറവിക്കുള്ളിൽ നിന്ന് സത്യം പുറത്തുവരുന്നതിൻ്റെയും, ത്യാഗങ്ങൾ അംഗീകരിക്കപ്പെടുന്നതിൻ്റെയും ഉത്തമ ഉദാഹരണമാണ്. ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ബന്ധത്തിൻ്റെ ആഴവും ഈ ചരിത്രപരമായ അംഗീകാരം വർദ്ധിപ്പിക്കുന്നു. ഹൈഫായുടെ കുന്നുകളിൽ മുഴങ്ങിയ ഇന്ത്യൻ കുതിരപ്പടയുടെ കുളമ്പടി ശബ്ദം, വീരമൃത്യു വരിച്ചവരുടെ ഓർമ്മകൾക്ക് ഇന്നും അഭിമാനം നൽകുന്നു.
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…
ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…