Archives

ഇന്ന് ജനുവരി 12 ഭാസ്കർ റാവുജി സ്മൃതി ദിനം…അഡ്വ.സി.കെ.സജി നാരായണൻ എഴുതിയ ലേഖനം

ഭാസ്കർ റാവു എന്ന സംഘടനാ മാന്ത്രികൻ

രാഷ്ട്രീയ സ്വയംസേവക സംഘത്തിനു കേരളത്തില്‍ ശക്തമായ കാഡര്‍ അടിത്തറ പാകിയ അദ്‌ഭുത സംഘാടകനായിരുന്നു ഭാസ്കര്‍ റാവുജി എന്നു സ്നേഹപൂര്‍വം വിളിക്കപ്പെട്ടിരുന്ന ഭാസ്കര്‍ റാവു കളമ്പി. കേരളത്തിലെ ഓരോ മൂക്കും മൂലയും, ഏറ്റവും താഴെത്തട്ടിലുള്ള ഓരോ പ്രവര്‍ത്തകനെയും അടുത്തറിഞ്ഞു മനസ്സിലാക്കുന്നതില്‍ ഏതൊരു മലയാളിയെക്കാളും ഏറെ മുന്നിലായിരുന്നു ബോംബെക്കാരനായ ഭാസ്കര്‍ റാവു കളമ്പി എന്ന ഈ അത്ഭുത മനുഷ്യന്‍. അദ്ദേഹം എത്തിച്ചേരാത്ത ഗ്രാമങ്ങള്‍ കേരളത്തില്‍ വിരളമായിരുന്നു. അതുകൊണ്ടാണ് അടിയന്തിരാവസ്ഥ കാലത്ത് പോലീസ് പഠിച്ച പണി മുഴുവന്‍ പ്രയോഗിച്ച് ശ്രമിച്ചിട്ടും ഭാസ്കര്‍ റാവുജിയെ പിടികൂടാന്‍ കഴിയാതിരുന്നത്. ഇന്നും മുതിര്‍ന്ന തലമുറയിലെ ഓരോ പ്രവര്‍ത്തകന്റെയും മനസ്സില്‍ മറക്കാവാനകാത്ത ഓര്‍മകളാണ് അദ്ദേഹം ബാക്കി വച്ചിട്ടുള്ളത്.

ഇന്നത്തെ മ്യാന്മാറിലെ പ്രശസ്തമായ യാംഗൺ നഗരത്തിലാണു ഭാസ്കര്‍ റാവു കളമ്പി ജനിച്ചത്. ഹിന്ദു സംസ്കാരിക മൂല്യങ്ങളുടെ ആദ്യ പാഠങ്ങള്‍ അദ്ദേഹം സ്വന്തം അമ്മയില്‍ നിന്നാണ് സ്വായത്തമാക്കിയത്. നിര്‍ഭാഗ്യവശാല്‍ ചെറുപ്പത്തില്‍ തന്നെ അദ്ദേഹത്തിന്റെ മാതാ പിതാക്കള്‍ മരണപ്പെടുകയും തുടര്‍ന്ന് ബന്ധുക്കളോടൊപ്പം 1931 ല്‍ ബോംബെയിലെത്തുകയും ചെയ്തു. അവിടെ വച്ചാണ് 1936ല്‍ രാഷ്ട്രീയ സ്വയംസേവക സംഘവുമായി ബന്ധപ്പെടുന്നത്. നിയമ ബിരുദം നേടിയ ശേഷം ബോംബെ ഹൈക്കോടതിയിൽ അഭിഭാഷക വൃത്തി സ്വീകരിക്കാനോ, വിവാഹ ജീവിതം നയിക്കാനോ തയ്യാറാകാതെ യുവത്വവും സമ്പൂർണ്ണജീവിതവും രാഷ്ട്രത്തിനു സമർപ്പിക്കാനുള്ള തീരുമാനം അദ്ദേഹം എടുത്തു. 1946ല്‍ സംഘത്തിന്റെ പ്രചാരകന്‍ (മുഴുവന്‍ സമയ പ്രവര്‍ത്തകന്‍) ആയപ്പോൾ നേരെ എറണാകുളത്തേക്കാണ് നിയോഗിക്കപ്പെട്ടത്.

പരശുരാമക്ഷേത്രത്തിന്റെ സാഹചര്യങ്ങളും ഭാഷ പോലും തികച്ചും അപരിചിതമായിരുന്നുവെങ്കിലും വളരെ വേഗം അദ്ദേഹം കേരളവുമായി ഇണങ്ങി ചേര്‍ന്നു. 1948ല്‍ സംഘത്തിന്റെ നിരോധന സമയത്ത് ഒളിവില്‍ കഴിഞ്ഞു കൊണ്ടാണ് സംഘത്തിന്റെ പ്രവര്‍ത്തനം നടത്തിയത്. 1964ല്‍ കേരളത്തിന്റെ പ്രവര്‍ത്തനത്തിന് പ്രത്യേക സംസ്ഥാനത്തിന്റെ രൂപം നൽകിയപ്പോൾ മലയാളഭാഷ വശമാക്കി കഴിഞ്ഞിരുന്ന അദ്ദേഹം അതിന്റെ പ്രാന്ത പ്രചാരകനായി നിയമിതനായി. അതിനു മുമ്പു തന്നെ കേരളം ഉൾക്കൊള്ളുന്ന പ്രദേശത്തിന്റെ സംഭാഗ് പ്രചാരകനായിരുന്നു അദ്ദേഹം.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വാര്‍ഡ് തലത്തില്‍ വരെ കാഡര്‍ സംവിധാനം നില നില്‍ക്കുന്ന കേരളത്തില്‍ അതുയര്‍ത്തിയെ വെല്ലുവിളികളെ അതിജീവിക്കാന്‍ ഭാസ്കര്‍ റാവുജിയുടെ സംഘടനാ പാടവത്തിന് അതി വേഗം സാധിച്ചു. കടലോരങ്ങളിലും, വനപ്രദേശങ്ങളിലും ഗ്രാമങ്ങളിലും നഗരങ്ങളിലുമൊക്കെ ഒരു പോലെ സംഘ പ്രവര്‍ത്തനം എത്തിക്കാനുള്ള ശാസ്ത്രീയ പ്രവർത്തന ശൈലി അദ്ദേഹത്തിന്നുണ്ടായിരുന്നു. ആര്‍ എസ്സ് എസ്സിന്റെ അനുസ്യൂതമായ വളര്‍ച്ചയില്‍ ഏറ്റവും ഭീതി പൂണ്ടത് കമ്മ്യൂണിസ്റ്റ് പാർട്ടി തന്നെയായിരുന്നു. അതിന്റെ ഫലമായി നൂറു കണക്കിനു പ്രവര്‍ത്തകരുടെ ജീവത്യാഗത്തിന്റെ നടുവിലും സംഘ പ്രവര്‍ത്തനത്തെ ഭാസ്കര്‍ റാവുജി അതിവേഗം മുന്നോട്ട് കൊണ്ട് പോയി.

അടിയന്തിരാവസ്ഥക്ക് തൊട്ട് മുമ്പ് തൃശ്ശൂരില്‍ വച്ച് നടന്ന ഏതാണ്ട് രണ്ടായിരത്തിലധികം വരുന്ന മുഖ്യ ശിക്ഷകര്‍ ഉപരി പ്രവര്‍ത്തകരുടെ മൂന്നു ദിവസത്തെ ക്യാമ്പിലാണ് കേരളത്തിലെ സംഘപ്രവര്‍ത്തനം ഇത്രയധികം വ്യാപിച്ച് കഴിഞ്ഞ വിവരം എല്ലാവരും അനുഭവിച്ചറിഞ്ഞത്.

അടിയന്തിരാവസ്ഥ കാലത്ത് വീണ്ടും ഒളിവില്‍ കഴിഞ്ഞു കൊണ്ട് അദ്ദേഹം സംഘ പ്രവര്‍ത്തനവും, സത്യാഗ്രഹ പരിപാടികളും ഏകോപിപ്പിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവര്‍ത്തകര്‍ അടിയന്തിരാവസ്ഥക്കെതിരെ പോരാടാന്‍ മടിച്ച് നിന്നപ്പോള്‍ പോരാട്ടത്തിന്റെ മുന്‍നിരയില്‍ പോലിസിന്റെ ക്രൂരമായ പീഡനങ്ങള്‍ സഹിച്ചുകൊണ്ടു അസംഖ്യം സ്വയംസേവകര്‍ സത്യാഗ്രഹ സമരം നടത്താൻ മുന്നോട്ടു വന്നു. ജയില്‍ വാസമനുഭവിച്ചിരുന്ന പ്രവര്‍ത്തകരുടെ കുടുംബങ്ങളെ സഹായിക്കുന്നതില്‍ ഭാസ്കർ റാവുജി ബദ്ധശ്രദ്ധനായിരുന്നു.

അടിയന്തിരാവസ്ഥക്ക് ശേഷം ആര്‍ എസ്സ് എസ്സിലേക്കുണ്ടായ വൻഒഴുക്കിനെ വളരെ വേഗം കാഡര്‍ സ്വഭാവത്തിലേക്ക് രൂപാന്തരം ചെയ്യുന്നതില്‍ അനിതരസാധാരണമായ കഴിവാണ് അദ്ദേഹം പ്രകടിപ്പിച്ചത്. സംഘ പ്രവര്‍ത്തനത്തോടൊപ്പം വിവിധ സാമൂഹ്യ മേഖലകളിൽ പ്രവർത്തിക്കുന്ന വിവിധക്ഷേത്ര പ്രവര്‍ത്തനങ്ങളും വ്യാപിപ്പിക്കുവാന്‍ അദ്ദേഹം ശ്രദ്ധിച്ചു. കേരളത്തില്‍ ആരംഭിച്ച തപസ്യ, വിചാര കേന്ദ്രം, ബാലഗോകുലം, ക്ഷേത്ര സംരക്ഷണ സമിതി, മത്സ്യപ്രവര്‍ത്തക സംഘം തുടങിയവയില്‍ പലതും പിന്നീട് അഖില ഭാരതീയ തലത്തില്‍ വ്യാപിച്ചു.

കേരളത്തിൽ എത്തുമ്പോൾ കഷ്ടിച്ച് 20 ശാഖകളുള്ള സംഘത്തെ തന്റെ ആസൂത്രണ മികവിലൂടെ ആയിരക്കണക്കിന് ശാഖകളുള്ള പ്രസ്ഥാനമായി അദ്ദേഹം മാറ്റിയെടുത്തു. സ്വയം സേവകരുടെയും, ശാഖകളുടെയും എണ്ണം വര്‍ദ്ധിപ്പിക്കുന്നതിലും, മണ്ഡല്‍ ഉപരി പ്രവര്‍ത്തകരെ നിരന്തരമായ പ്രവാസത്തിന് പ്രേരിപ്പിക്കുന്നതിലും വിജയം വരിച്ചതോടെ അഖില ഭാരതീയ പ്രതിനിധി സഭയിലെ റിപ്പോർട്ടിങ്ങില്‍ ഭാരതത്തിലെ ഏറ്റവും കൂടുതല്‍ ശാഖകളും, പ്രവര്‍ത്തക നിരയുമുള്ള സംസ്ഥാനമായി കേരളം മാറി. കേരളത്തിന്റെ ഈ അഭൂത പൂര്‍വമായ നേട്ടത്തിന്റെ ക്രെഡിറ്റ് സ്വയം ഏറ്റെടുക്കുന്നതില്‍ നിന്നും ഒഴിഞ്ഞു മാറി അദ്ദേഹം പറഞ്ഞത് ഏറെ പ്രശസ്തമാണ്: “മണ്ഡല്‍ ഉപരി കാര്യകര്‍ത്താക്കളുടെ നിരന്തര പ്രവാസമാണ് കേരളത്തിലെ സംഘ വ്യാപ്തിയുടെ കാരണം”.

ഒന്നിച്ചു പ്രവര്‍ത്തിച്ചവരെല്ലാം തന്നെ അദ്ദേഹത്തില്‍ നിന്നും അനുസ്യൂതമായി പ്രവഹിച്ചിരുന്ന പിതൃതുല്യമായ സ്നേഹ വാല്‍സല്യങ്ങളുടെ മാധുര്യം അനുഭവിച്ചവരാണ്. ഒരിക്കല്‍ പോലും ആരോടെങ്കിലും അദ്ദേഹം ദേഷ്യപ്പെടുന്നതായി കണ്ടിട്ടില്ല. മറിച്ച് സ്നേഹത്തിലൂടെ ആയിരങ്ങള്‍ക്ക് പ്രേരണ നല്കി സംഘ പ്രവർത്തനത്തിൽ സക്രിയരാക്കി. ലളിതമായ ജീവിത ശൈലിയും, നിഷ്കളങ്കമായ സംഭാഷണ രീതികളും, സന്ന്യാസി തുല്യമായ ജീവിതവും, മറ്റു സവിശേഷതകളും പ്രവർത്തകർക്ക് മാതൃകയായി. വിദ്യാർത്ഥികളായ പ്രവര്‍ത്തകരുടെ പഠന കാര്യത്തിലും, കാര്യകര്‍ത്താക്കളുടെ ജോലിയിലെ ബുദ്ധിമുട്ടുകളുടെ കാര്യത്തിലും, ഗൃഹസ്ഥരുടെ വീട്ടു കാര്യത്തിലുമൊക്കെ ഒരുപോലെ അദ്ദേഹത്തിന്റെ ശ്രദ്ധ ചെന്നെത്തിയിരുന്നു. അടിയന്തിരാവസ്ഥ കഴിഞ്ഞ ശേഷം ഞാന്‍ എറണാകുളം ലോ കോളേജില്‍ പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ വിദ്യാര്‍ഥി പരിഷത്തിന്റെ പ്രവര്‍ത്തനത്തിനായി പലപ്പോഴും എറണാകുളം കാര്യാലയത്തിലാണ് താമസിച്ചിരുന്നത്. അന്നൊക്കെ ഭാസ്കര്‍ റാവുജിയുടെ മഹത്തായ സംഘടനാ ശൈലി അടുത്തറിയാനുള്ള ഭാഗ്യമുണ്ടായി. അത്രയധികം ശ്രദ്ധ ഓരോ പ്രവര്‍ത്തകനിലും അദ്ദേഹത്തിന്നുണ്ടായിരുന്നു. പഠനം കഴിഞ്ഞ ശേഷം പ്രചാരകനാകാനാണ് ആഗ്രഹം എന്ന് ഞാൻ അദ്ദേഹത്തോട് നേരിട്ട് പറഞ്ഞു. പക്ഷെ കമ്മ്യുണിസ്റ് പാർട്ടിയുമായി നിരന്തര സംഘർഷത്തിന്റെ കേന്ദ്രമായിരുന്ന തൃശ്ശൂരിൽ ഒരു അഭിഭാഷകനായി പ്രവർത്തിക്കുന്നതാണ് സംഘത്തിന് കൂടുതൽ സഹായകരമെന്നദ്ദേഹം നിർദ്ദേശിച്ചു. ഒരു വർഷത്തിനു ശേഷം ഏതെങ്കിലും കാരണവശാൽ അഭിഭാഷക വൃത്തി അനുയോജ്യമല്ലെന്ന് തോന്നിയാൽ പ്രചാരകജീവിതത്തിലേക്ക് പ്രവേശിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്റെ പഠനത്തെക്കുറിച്ച് കാണിച്ച അതേ ആകാംക്ഷ ഞാന്‍ അഭിഭാഷകനായ ശേഷം അതില്‍ ഞാന്‍ ശോഭിക്കുന്നുണ്ടോ എന്നറിയാനും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. അങ്ങിനെയാണ് അഭിഭാഷകവൃത്തി ജീവിതത്തിന്റെ പ്രധാന ഭാഗമായത്.

ആ മഹാ വൃക്ഷത്തിന്റെ തണലില്‍ സര്‍വവും സമര്‍പ്പിക്കാന്‍ തയ്യാറായ പതിനായിരക്കണക്കിന് പ്രവര്‍ത്തകരാണ് വിവിധ തലങ്ങളില്‍ സംഘ പ്രവര്‍ത്തനത്തിന്റെ നിറസാന്നിധ്യമായത്. ഒരു പ്രചാരകന്റെ ജീവിത മാതൃക എങ്ങിനെയാകണം എന്നതിന്റെ പൂര്‍ണ രൂപം ഭാസ്കര്‍ റാവുജിയിയില്‍ ദര്‍ശിക്കാന്‍ കഴിഞ്ഞിരുന്നു. പ്രസിദ്ധിയുടെ എല്ലാ സാധ്യതകളില്‍ നിന്നും അകന്നു നിന്നുകൊണ്ടു നിശ്ശബ്ദമായി സംഘപ്രവര്‍ത്തനത്തിന്റെ ആധാരശിലയാകാന്‍ സ്വന്തം ജീവിത മാതൃകയിലൂടെയാണ് അദ്ദേഹം സ്വയംസേവകരെ പഠിപ്പിച്ചത്. ആകസ്മികമായിട്ടല്ലാത അദ്ദേഹം ക്യാമറക്ക് മുമ്പില്‍ എത്തിപ്പെട്ടിരുന്നില്ല. ഡോക്ടര്‍ജി കാണിച്ചു തന്ന പാത കടുകിട വിടാതെ, കഴിവും സൌശീല്യവുമുള്ള സ്വയംസേവകരെ വാര്‍ത്തെടുത്ത് അവരിലൂടെ പ്രവര്‍ത്തനം വളര്‍ത്തിയെടുക്കലായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തന ശൈലി. അദ്ദേഹത്തിന്റെ മാന്ത്രിക സ്പർശത്തിൽ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളില്‍ നിന്നും കാര്യകര്‍ത്താക്കള്‍ വളര്‍ന്ന് വന്നു.

ഭാസ്കര്‍ റാവുജി നൂറു ശതമാനവും കേവലം സംഘാടകനായിരുന്നു. അദ്ദേഹം നല്ലൊരു പ്രാസംഗികനായിരുന്നില്ല, വാഗ്മിയായിരുന്നില്ല, എഴുത്തുകാരനായിരുന്നില്ല, ഗണഗീതത്തിലും, സംഘത്തിന്റെ ശാരീരിക പരിപാടികളിലും അദ്ദേഹം നിപുണനായി കണ്ടിരുന്നില്ല. എന്നാല്‍ ഇവയിലൊക്കെ മിടുക്കുള്ളവരെ കണ്ടെത്തി പ്രോത്സാഹിപ്പിച്ചു അവരുടെ കഴിവുകള്‍ സംഘപ്രവര്‍ത്തനത്തിന് ഉപയോഗപ്പെടുത്താനുള്ള ചാരുത അദ്ദേഹത്തിന്നുണ്ടായിരുന്നു. നിരവധി പ്രതിഭകള്‍ കേരളത്തില്‍ അങ്ങുനിന്നിങ്ങോളം സംഘത്തിന്റെ നേരിട്ടുള്ള പ്രവര്‍ത്തനത്തില്‍ നിരതരായി. ഇതിനിടയില്‍ അദ്ദേഹത്തില്‍ കണ്ട ഒരേ ഒരു ഹോബി ക്രിക്കറ്റ് കമന്‍റ്റി കേള്‍ക്കുന്നതില്‍ കാണിച്ച താല്‍പ്പര്യമാണ്.

ഭാസ്കര്‍ റാവുജി യുടെ സംഘടനാമികവിന്റെ ഏറ്റവും ജ്വലിക്കുന്ന ഉദാഹരണമാണ് 1982-ല്‍ എറണാകുളത്ത് നടന്ന, കേരള ചരിത്രത്തില്‍ ഇടം നേടിയ, വിശാല ഹിന്ദു സമ്മേളനം. ഹിന്ദുവാണെന്ന് ഉറക്കെ പറയാന്‍ മലയാളി മടിച്ചിരുന്ന ഒരു കാലഘട്ടത്തിൽ “ഹിന്ദുക്കള്‍ നാമൊന്നാണേ” എന്ന മുദ്രാവാക്യം അവർ എറ്റു വാങ്ങി. വിശാല ഹിന്ദു സമ്മേളനത്തിന്റെ തയ്യാറെടുപ്പിൽ പ്രവര്‍ത്തകര്‍ക്ക് എക്കാലവും മനസ്സില്‍ ഓര്‍ക്കാനുള്ള മൂന്നു മഹാരഥന്മാരെ ഭാസ്കര്‍ റാവുജി ഈ ചരിത്ര സംഭവത്തെ ചിട്ടപ്പെടുത്താനുള്ള ചുമതല ഏല്‍പ്പിച്ചു- മാധവ്ജി, പരമേശ്വര്‍ജി, ഹരിയേട്ടന്‍. അവരുടെ നേതൃത്വത്തില്‍ കേരളത്തിലെ ഹിന്ദു നേതാക്കള്‍ എല്ലാ വ്യത്യാസങ്ങളും മറന്നു എറണാകുളം മഹാരാജാസ് കോളേജ് മൈതാനിയില്‍ ഒത്തു കൂടിയ ജനസാഗരത്തെ അഭിസംബോധന ചെയ്തു.

1983ല്‍ ഹൃദയ ശസ്ത്രക്രിയക്കു ശേഷം അദ്ദേഹം സംഘത്തിന്റെ നേരിട്ടുള്ള പ്രവര്‍ത്തനത്തില്‍ നിന്നു മാറി ബോംബെ ആസ്ഥാനമാക്കി വനവാസി കല്യാണ്‍ ആശ്രമത്തിന്റെ സംഘാടകനായി. അദ്ദേഹത്തിന്റെ സംഘടനാ പാടവത്തിന്റെ ഗുണം അനുഭവിക്കാന്‍ ആ സംഘടനക്കും ഭാഗ്യം സിദ്ധിച്ചു. ചുരുങ്ങിയ കാലത്തിനുള്ളില്‍ കാഠിന്യമേറിയ വനവാസി മേഖലയില്‍ നിരന്തരം യാത്ര ചെയ്ത് നിരവധി പ്രവര്‍ത്തകരുടെയും, ഏതാണ്ട് 1200 ഓളം മുഴുവന്‍ സമയ പ്രവര്‍ത്തകരുടെയും നീണ്ട നിര സൃഷ്ടിച്ചു കൊണ്ട് ആ പ്രസ്ഥാനത്തിലും അഭൂത പൂര്‍വമായ വളര്‍ച്ച കാഴ്ച വച്ചു. അസംഖ്യം സേവന പ്രോജക്ടുകളും, വനവാസി ഹോസ്റ്റലുകളും, ചികിത്സാ കേന്ദ്രങ്ങളും, സ്‌കൂളുകളും, കർഷകർക്കുള്ള സാക്ഷരതാ ക്ലാസ്സുകളും അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ വനവാസി കല്യാൺ ആശ്രമത്തിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി.

1998 ആയപ്പോഴേക്കും അര്‍ബുദ രോഗബാധ മൂലം തീവ്രമായ സംഘടനാ യാത്ര അസാധ്യമായി. തുടര്‍ന്ന് ഏതാണ്ട് 14 വര്‍ഷക്കാലം അര്‍ബുദ രോഗവുമായി ഏറ്റുമുട്ടിക്കൊണ്ട് സംഘടനക്ക് മാര്‍ഗ ദർശനം നല്‍കി പ്രവര്‍ത്തകരുടെ പ്രേരണാ സ്രോതസ്സായി അദ്ദേഹം പ്രവര്‍ത്തിച്ചു വന്നു. 2001 ല്‍ കേരളത്തില്‍ വിശ്രമത്തിനായി വരികയും ഒരു വര്‍ഷത്തിന് ശേഷം 2002 ജനുവരി 12 ന് ആ മാരക രോഗത്തിന് കീഴടങ്ങുകയും ചെയ്തു. അന്ത്യ നാളുകളില്‍ ആലുവ മണപ്പുറത്ത് നടന്ന പൂജനിയ സര്‍ സംഘചാലകന്റെ പ്രണാമ പരിപാടിയില്‍ പങ്കെടുക്കണമെന്ന വാശിയോടെ കാൻസര്‍ രോഗം ശരീരം കാര്‍ന്ന് തിന്നുന്ന വേദന കടിച്ചമര്‍ത്തിക്കൊണ്ട് അദ്ദേഹം ആംബുലൻസില്‍ അവിടെ എത്തി പ്രണാമം അര്‍പ്പിക്കുന്നത് ഏവരുടെയും കരളലിലിയിപ്പിക്കുന്ന ദൃശ്യമായിരുന്നു. അദ്ദേഹം കാഴ്ച വച്ച സംഘാദര്‍ശം അടിമുടി ജ്വലിച്ചു നിൽക്കുന്ന മാതൃക എക്കാലവും ഓര്‍മ്മിക്കപ്പെടുന്ന ഒന്നായി നിലകൊള്ളുന്നു.

ഭാസ്കര്‍ റാവുജി കേരളത്തിന്റെ പ്രവർത്തനത്തിൽ നിന്നും മാറിയിട്ട് നാല് പതിറ്റാണ്ട് കഴിഞ്ഞിട്ടും അദ്ദേഹം വാർത്തെടുത്ത അസംഖ്യം പ്രവർത്തകരുടെ ഓര്‍മ്മകളിലൂടെ ഇന്നും ജീവിക്കുന്നു. രാഷ്ട്രത്തിനു സർവവും സമർപ്പിക്കാൻ തയ്യാറായ പ്രവർത്തകനിര വാർത്തെടുക്കുക എന്ന സംഘത്തിന്റെ അടിസ്ഥാന ദൗത്യം അദ്ദേഹം ഒരു തപസ്യയാക്കി. ഡോക്ടർ ഹെഡ്ഗേവാർ നിരവിധി പേർക്ക് പകർന്നു നൽകിയ ഒരു സവിശേഷ സിദ്ധിയാണിത്. പലര്‍ക്കും അദ്ദേഹം സംഘ സ്ഥാപകനായിരുന്ന ഡോ ഹെഡ്ഗേവാറിന്റെ പ്രത്യക്ഷ രൂപമായിരുന്നു, ഡോ ഹെഡ്ഗേവാർ എന്ന മഹാ യോഗിയുടെ പാദസ്പര്‍ശമേല്‍ക്കാന്‍ ഭാഗ്യം സിദ്ധിക്കാത്ത കേരളത്തിലെ ഡോക്ടര്‍ജി ആയിരുന്നു പ്രവർത്തകർക്ക് ഭാസ്കര്‍ റാവുജി.

അഡ്വ. സജി നാരായണൻ
(ബി.എം. എസ് മുൻ ദേശീയ പ്രസിഡൻ്റ്.)

Anandhu Ajitha

Recent Posts

കമ്മ്യുണിസ്റ്റ് പച്ചയെന്ന അപകടകാരി ! ഈ വിദേശി എങ്ങനെയാണ് കേരളത്തിന്റെ പരിസ്ഥിതിയെ മുടിപ്പിച്ചത് ?

കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…

6 hours ago

കണ്ണൂർ പാനൂരിൽ സിപിഎമ്മിന്റെ വടി വാൾ ആക്രമണം ! യുഡിഎഫ് പ്രകടനത്തിന് നേരെ സ്ഫോടകവസ്തു വെറിഞ്ഞു !അക്രമികളെത്തിയത് സിപിഎം പതാക മുഖത്ത് കെട്ടി

കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…

6 hours ago

ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ട്രാക്ടർ പാഞ്ഞുകയറി! 2 കുട്ടികൾ ഉൾപ്പെടെ 9 പേർക്ക് പരിക്ക്, 2 പേരുടെ നില അതീവ ഗുരുതരം

പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…

7 hours ago

കേരള രാഷ്ട്രീയത്തിലെ വഴിത്തിരിവ് !!!നഗരസഭയിലെ വമ്പൻ വിജയത്തിന് തിരുവനന്തപുരത്തെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…

7 hours ago

തിരുവനന്തപുരത്ത് കണ്ടത് ജനാധിപത്യത്തിന്റെ സൗന്ദര്യം ! നഗരസഭ ബിജെപി പിടിച്ചതിൽ പ്രതികരിച്ച് ശശി തരൂർ

കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ്‌ നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…

9 hours ago

‘ക്ഷേമപെൻഷൻ വാങ്ങി ശാപ്പാടടിച്ചിട്ട് നമ്മക്കിട്ട് വെച്ചു!! ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വോട്ടർമാർക്കെതിരെ അധിക്ഷേപ പരാമർശവുമായി എം.എം മണി

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…

12 hours ago