ഷാങ് ഷാൻ
ബെയ്ജിംഗ്: കോവിഡ്-19 മഹാമാരിയുടെ ആദ്യഘട്ടത്തിൽ ചൈനയിലെ വുഹാനിൽ നിന്നുള്ള യഥാർത്ഥ വിവരങ്ങൾ ലോകത്തിന് മുന്നിലെത്തിച്ച മാദ്ധ്യമപ്രവർത്തക ഷാങ് ഷാനെ വീണ്ടും തടവിലാക്കി ചൈന. “കലാപം സൃഷ്ടിക്കുകയും പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്തു” എന്ന കുറ്റം ചുമത്തിയാണ് 42 വയസ്സുകാരിയായ ഷാങ് ഷാനെ ചൈനീസ് ഭരണകൂടം വീണ്ടും നാല് വർഷത്തേക്ക് കൂടി ജയിലിലടച്ചത്. നേരത്തെ 2020 ഡിസംബറിൽ ഇതേ കുറ്റം ചുമത്തി ഷാങ്ങിന് നാല് വർഷത്തെ തടവ് ശിക്ഷ ലഭിച്ചിരുന്നു. പിന്നീട് 2024 മെയ് മാസത്തിൽ ജയിൽ മോചിതയായെങ്കിലും മൂന്ന് മാസങ്ങൾക്ക് ശേഷം വീണ്ടും തടവിലാക്കുകയായിരുന്നു.
അന്താരാഷ്ട്ര പത്രസ്വാതന്ത്ര്യ സംഘടനയായ ‘റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ്’ (RSF) ആണ് ഷാങ് ഷാന്റെ പുതിയ തടവ് ശിക്ഷ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ചൈനയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ഷാങ് നടത്തിയ റിപ്പോർട്ടിംഗാണ് പുതിയ ശിക്ഷയ്ക്ക് കാരണമായതെന്നും RSF വ്യക്തമാക്കി.
കൊറോണ വൈറസ് വുഹാനിൽ പടർന്നുപിടിച്ച ആദ്യ നാളുകളിൽ സർക്കാർ പുറത്തുവിട്ട ഔദ്യോഗിക വിവരങ്ങളേക്കാൾ ഭീകരമായ ചിത്രമാണ് ഷാങ് ഷാൻ ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത്. ആശുപത്രികളിലെ തിരക്ക്, വിജനമായ തെരുവുകൾ എന്നിവയെല്ലാം ഉൾപ്പെടുത്തിക്കൊണ്ടുള്ള വീഡിയോകളും റിപ്പോർട്ടുകളും അവർ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചു. ഇത് ചൈനീസ് ഭരണകൂടത്തിന്റെ ഔദ്യോഗിക വിവരണത്തിന് വിരുദ്ധമായിരുന്നു.
ഇതിനെ തുടർന്ന് അറസ്റ്റിലായ ഷാങ്, തനിക്ക് ലഭിച്ച ശിക്ഷ അഭിപ്രായ സ്വാതന്ത്ര്യം വിനിയോഗിച്ചതിനുള്ള പീഡനമാണെന്ന് അന്ന് അഭിഭാഷകനായിരുന്ന റെൻ ക്വാന്നിയുവിനോട് പറഞ്ഞിരുന്നു. ജയിലിൽ വെച്ച് അവർ നടത്തിയ നിരാഹാര സമരം അധികൃതരെ ചൊടിപ്പിച്ചു. കൈകൾ ബന്ധിച്ച് ട്യൂബുകളിലൂടെ ഭക്ഷണം നിർബന്ധിച്ച് നൽകിയും അവർ പീഡിപ്പിക്കപ്പെട്ടു.
2024 മെയ് മാസത്തിൽ നാല് വർഷത്തെ തടവ് പൂർത്തിയാക്കി പുറത്തിറങ്ങിയ ഷാങ് ഷാൻ, മൂന്ന് മാസങ്ങൾക്ക് ശേഷം വീണ്ടും അറസ്റ്റ് ചെയ്യപ്പെടുകയും ഷാങ്ഹായിലെ പുഡോംഗ് തടങ്കൽ കേന്ദ്രത്തിൽ പാർപ്പിക്കപ്പെടുകയും ചെയ്തു. വെള്ളിയാഴ്ച നടന്ന വിചാരണയിലാണ് പുതിയ ശിക്ഷാവിധി വന്നത്. വിദേശ വെബ്സൈറ്റുകളിലെ ഷാങ്ങിന്റെ ചില അഭിപ്രായങ്ങളാണ് പുതിയ കുറ്റങ്ങൾക്ക് ആധാരമെന്ന് അവരുടെ മുൻ അഭിഭാഷകൻ റെൻ ട്വിറ്ററിൽ കുറിച്ചു. പുതിയ കുറ്റങ്ങളെക്കുറിച്ച് ചൈനീസ് അധികൃതർ പരസ്യമായി വിശദീകരണമൊന്നും നൽകിയിട്ടില്ല.
ഷാങ് ഷാന്റെ ദുരിതങ്ങൾ അവസാനിക്കണമെന്നും അവരുടെ മോചനത്തിനായി അന്താരാഷ്ട്ര സമൂഹം ചൈനയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തണമെന്നും RSF ഏഷ്യ-പസഫിക് അഡ്വക്കസി മാനേജർ അലക്സാന്ദ്ര ബിയെലകോവ്സ്ക പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ചൈനീസ് ഭരണകൂടം അടിസ്ഥാനരഹിതമായ കുറ്റങ്ങൾ ചുമത്തി പത്രപ്രവർത്തകരെ വേട്ടയാടുകയാണെന്നും ഷാങ് ഷാന്റെ തടങ്കൽ ഉടൻ അവസാനിപ്പിക്കണമെന്നും ന്യൂയോർക്ക് ആസ്ഥാനമായുള്ള കമ്മിറ്റി ടു പ്രൊട്ടക്ട് ജേണലിസ്റ്റ്സ് (CPJ) ഏഷ്യാ-പസഫിക് ഡയറക്ടർ ബെഹ് ലിഹ് യി പറഞ്ഞു.
ലോകത്ത് ഏറ്റവും കൂടുതൽ മാദ്ധ്യമപ്രവർത്തകരെ തടവിലാക്കിയിട്ടുള്ള രാജ്യങ്ങളിലൊന്നാണ് ചൈന. RSF-ന്റെ 2025-ലെ ലോക പത്രസ്വാതന്ത്ര്യ സൂചികയിൽ 180 രാജ്യങ്ങളിൽ ചൈനയുടെ സ്ഥാനം 178-ാം സ്ഥാനത്താണ്.
ഇത്തവണയും സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്‌ത് ബിജെപി കൗൺസിലർ കരമന അജിത്ത് I BJP COUNCILOR KARAMANA AJITH TOOK OATH…
തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യ യോഗം തുടങ്ങുന്നതിന് മുമ്പ് ഗണഗീതം പാടി ബിജെപി പ്രവർത്തകർ ! BJP WORKERS SINGS RSS…
തിരുവനന്തപുരത്ത് പകൽപ്പൂരം ! ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ബിജെപിയുടെ നിയുക്ത കൗൺസിലർമാർ തുടങ്ങി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ…
ഏഴര വർഷത്തെ പോരാട്ടത്തിന് ശേഷം കോടതി ദിലീപിനെ കുറ്റവിമുക്തനാക്കി—പക്ഷേ മാധ്യമ ന്യായാധിപന്മാരും സോഷ്യൽ പ്രമുഖരും തുടരുന്ന വേട്ടയാടൽ സമൂഹത്തിന്റെ ന്യായബോധത്തെ…
നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…
ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…