ആക്രമണത്തിനിരയായ കെഎസ്ആർടിസി ബസ്
തിരുവനന്തപുരം: സംസ്ഥാനത്തെ ഞെട്ടിച്ച ബെംഗളൂരു-മൈസൂർ ദേശീയപാതയിലെ ബിഡദി കെഎസ്ആർടിസി അപകടത്തിന് പിന്നിൽ കവർച്ചാ സംഘങ്ങളുടെ ആസൂത്രിത നീക്കമെന്ന് സംശയം. ബസ് ഡിവൈഡറിലിടിച്ച് കെഎസ്ആർടിസി ഡ്രൈവറും കണ്ടക്ടറും ദാരുണമായി കൊല്ലപ്പെടുകയും ഇരുപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ദുരന്തത്തിന് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്താൻ സമഗ്രമായ ഫൊറൻസിക് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മന്ത്രി സി.പി. ജോൺ കർണാടക സർക്കാരിന് ഔദ്യോഗികമായി കത്തയച്ചു.
യാത്രക്കാരുടെ ജീവനെടുക്കുന്ന തരത്തിൽ ഹൈവേകളിൽ പുതിയ തന്ത്രങ്ങളുമായി ഇറങ്ങിയിരിക്കുന്ന മാഫിയാ സംഘങ്ങളെ നിയമത്തിന് മുന്നിൽ കൊണ്ടവരണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി മാനേജ്‌മെന്റും കർണാടക പോലീസിൽ പരാതി നൽകിയിട്ടുണ്ട്. രാത്രികാലങ്ങളിൽ സർവീസ് നടത്തുന്ന വാഹനങ്ങളുടെ മുൻവശത്തെ ചില്ലിലേക്ക് മുട്ടയോ മറ്റ് രാസവസ്തുക്കളോ എറിഞ്ഞ് കാഴ്ച മറച്ച ശേഷം വാഹനം നിർത്താൻ നിർബന്ധിതരാക്കി കൊള്ളയടിക്കുന്ന ക്രിമിനൽ സംഘങ്ങളാണ് ഇതിന് പിന്നിലെന്നാണ് ലഭിക്കുന്ന സൂചനകൾ.
കഴിഞ്ഞ ദിവസം കാസർഗോട്ടേക്ക് പുറപ്പെട്ട കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസ് ആക്രമിക്കപ്പെട്ടതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നത്. നേരത്തെ അപകടം നടന്ന അതേ ആവരഗെരെ റെയിൽവേ മേൽപ്പാലത്തിന് സമീപത്തുവെച്ച് രാത്രി ഒൻപതരയോടെയാണ് ഈ ബസിന് നേരെയും മുട്ടയേറുണ്ടായത്. വിജനവും ഇരുണ്ടതുമായ പ്രദേശത്ത് വെച്ച് സർവീസ് റോഡിൽ നിലയുറപ്പിച്ച അക്രമികൾ ബസിന്റെ വിൻഷീൽഡിലേക്ക് ലക്ഷ്യം വെച്ച് മുട്ടയെറിയുകയായിരുന്നു. ഗ്ലാസിൽ തട്ടി മുട്ട ചിതറിയതോടെ ഡ്രൈവറുടെ കാഴ്ച പൂർണ്ണമായും തടസ്സപ്പെട്ടു.
അഞ്ച് പേരടങ്ങുന്ന സംഘമാണ് ആക്രമണത്തിന് പിന്നിലെന്നും എന്നാൽ തക്കസമയത്ത് ജാഗ്രത പാലിച്ച ഡ്രൈവർ ബി. സുരേഷ് വാഹനം നിർത്താതെ മുന്നോട്ട് ഓടിച്ച് വെളിച്ചമുള്ള സ്ഥലത്തെത്തിക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ബസ് നിർത്തിയിരുന്നെങ്കിൽ വൻ ദുരന്തം ആവർത്തിക്കുമായിരുന്നു. പിന്നീട് ഗ്ലാസ് കഴുകി വൃത്തിയാക്കിയ ശേഷമാണ് യാത്ര തുടർന്ന് ബിഡദി പോലീസിൽ പരാതി നൽകിയത്.
മൈസൂർ -ബെംഗളൂരു റൂട്ടിലും കേരളത്തിലേക്ക് വരുന്ന മാനന്തവാടി, സുൽത്താൻബത്തേരി പാതകളിലും മലയാളികളെ ലക്ഷ്യമിട്ട് ഇത്തരം ഹൈവേ കൊള്ളക്കാർ സജീവമാണെന്നാണ് റിപ്പോർട്ട് . വാഹനങ്ങളുടെ വശങ്ങളിൽ മനപ്പൂർവ്വം ഉരസി അപകടം സൃഷ്ടിക്കുകയും, തുടർന്ന് തർക്കമുണ്ടാക്കി പണം തട്ടിയെടുക്കുകയും ചെയ്യുന്ന ക്രിമിനൽ രീതികളും ഈ പാതകളിൽ പതിവാണ്. സംഭവത്തിന്റെ ഗൗരവം ഉൾക്കൊണ്ട് കർണാടക പോലീസ് ശക്തമായ പട്രോളിംഗും പ്രത്യേക അന്വേഷണവും ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാഹനങ്ങളുടെ മുൻവശത്തെ ചില്ലിൽ മുട്ടയോ എണ്ണയോ മറ്റ് അവശിഷ്ടങ്ങളോ എറിഞ്ഞ് കാഴ്ച മറച്ചുകൊണ്ട് ഹൈവേകളിൽ നടത്തുന്ന കവർച്ചാ രീതികളും അതിനെതിരെയുള്ള പോലീസ് നടപടികളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മുമ്പും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഉത്തർപ്രദേശിലെ ഗാസിയാബാദിൽ യാത്രക്കാരുടെ കാറുകളുടെ വിൻഷീൽഡിലേക്ക് മുട്ടയും മാന്യമായ രീതിയിലുള്ള രാസവസ്തുക്കളും എറിഞ്ഞ് വഴിയിൽ തടഞ്ഞുനിർത്തി കവർച്ച നടത്തിവന്ന ഒരു സംഘത്തെ പോലീസ് പിടികൂടിയിട്ടുണ്ട്. സ്ത്രീയടക്കമുള്ള നാലംഗ സംഘമാണ് അന്ന് പിടിയിലായത്. ഡൽഹി-ഉത്തർപ്രദേശ് അതിർത്തികളിലെയും പ്രധാന ദേശീയപാതകളിലെയും വിജനമായ റോഡുകൾ കേന്ദ്രീകരിച്ച് ഇവർ ഇത്തരം നിരവധി മോഷണങ്ങൾ നടത്തിയിരുന്നതായി പോലീസിന്റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു. വാഹനമോടിക്കുന്നവരുടെ ശ്രദ്ധ തിരിക്കാനും പെട്ടെന്ന് വാഹനം നിർത്താൻ നിർബന്ധിതരാക്കാനും വേണ്ടിയാണ് അക്രമികൾ ഈ മാർഗ്ഗം ഉപയോഗിച്ചിരുന്നത്.
അതുപോലെതന്നെ, അസമിലെ തിൻസു ജില്ലയിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ദൂംഡൂമ-കകോപത്താർ ബൈപ്പാസിൽ യാത്രാ വാഹനങ്ങൾക്ക് നേരെ മുട്ടയെറിഞ്ഞ് കാഴ്ച തടസ്സപ്പെടുത്തിയ ശേഷം തോക്കും വടിവാളും കാണിച്ച് പണവും വിലപിടിപ്പുള്ള സാധനങ്ങളും കവർന്ന സംഭവത്തിൽ പോലീസ് ശക്തമായ അന്വേഷണം നടത്തുകയും സമാന കുറ്റകൃത്യങ്ങൾ തടയാൻ ഹൈവേകളിൽ പെട്രോളിങ് ശക്തമാക്കുകയും ചെയ്തിരുന്നു. രാത്രികാലങ്ങളിൽ യാത്രാവേളകളിൽ ഇത്തരം ആക്രമണങ്ങൾ ഉണ്ടായാൽ വാഹനങ്ങൾ വിജനമായ സ്ഥലങ്ങളിൽ നിർത്തിക്കൊടുക്കരുതെന്നും വെളിച്ചമുള്ള സ്ഥലങ്ങൾ നോക്കി പോകണമെന്നും പോലീസും ഗതാഗത വകുപ്പും നിരന്തരം മുന്നറിയിപ്പ് നൽകുന്നുണ്ട്.
മൈസൂർ -ബെംഗളൂരു ദേശീയപാതയിലും സമാനമായ രീതിയിലുള്ള കുറ്റകൃത്യങ്ങൾ വർദ്ധിച്ചുവരുന്നത് വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. KSRTC ബസിന് നേരെണ്ടായ മുട്ടയേറും തുടർന്ന് ജീവനക്കാരുടെ ജീവൻ നഷ്ടപ്പെട്ട സംഭവവും ഇതിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. ഹൈവേകളിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും ഇത്തരം സംഘങ്ങളെ വേരോടെ പിഴുതെറിയാനും കർണാടക-കേരളാ പോലീസ് സംയുക്തമായി കർശന നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിക്കഴിഞ്ഞു. യാത്രക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ഇത്തരം കൊള്ളസംഘങ്ങൾക്കെതിരെ ജാഗ്രതയോടെയുള്ള നിരീക്ഷണവും ശക്തമായ പോലീസ് പട്രോളിങ്ങും അത്യാവശ്യമാണ്
തിരുവനന്തപുരം: സമരപ്പന്തൽ പൊളിച്ചുനീക്കിയാലും യുവാക്കളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. സെക്രട്ടേറിയറ്റിന് മുന്നിൽ…
പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…
വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…
ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…
കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…