ശ്രീ ദക്ഷിണമുഖ നന്ദി തീര്‍ഥ കല്യാണി ക്ഷേത്രം ബെംഗളുരു നിവാസികള്‍ക്ക് അത്രയൊന്നും പരിചിതമായ ഒരിടമല്ല. മല്ലേശ്വരപുരം വെസ്റ്റില്‍ കോദണ്ഡരാമപുരത്തിനു സമീപമുള്ള കടു മല്ലേശ്വര ക്ഷേത്രത്തിനു എതിര്‍വശത്താണ് ശ്രീ ദക്ഷിണമുഖ നന്ദി തീര്‍ഥ കല്യാണി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇതിനു തൊട്ടടുത്തായാണ് ഗംഗാമ്മ ക്ഷേത്രവും സ്ഥിതി ചെയ്യുന്നത്.
മലയാളികള്‍ക്ക് ഏറെ പരിചിതമായ കോറമംഗലയില്‍ നിന്നും 14 കിലോമീറ്റര്‍ അകലെയാണ് ക്ഷേത്രമുള്ളത്.
7000 വര്‍ഷം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ശീ ദക്ഷിണമുഖ നന്ദി തീര്‍ഥ കല്യാണി ക്ഷേത്രം ഏകദേശം 18 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് കണ്ടെത്തുന്നത്. അതും തികച്ചും അവിചാരിതമായി. കടു ക്ഷേത്രത്തിനു സമീപമുള്ള ആളൊഴിഞ്ഞ പറമ്പില്‍ 1997 ല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോഴാണ് മണ്ണില്‍ പുതഞ്ഞ നിലയില്‍ ക്ഷേത്രത്തിന്റെ ഗോപുരത്തിന്റെ ഒരു ഭാഗം കാണപ്പെടുന്നത്. പിന്നീട് കൂടുതല്‍ കുഴിച്ചപ്പോഴാണ് മണ്ണിനടില്‍ ഒരു ക്ഷേത്രം തന്നെയുണ്ടെന്ന് മനസ്സിലാകുന്നത്.
പിന്നീട് ഇവിടെ നടന്ന ഖനനങ്ങള്‍ പൂര്‍ത്തിയാക്കിയത് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടം നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു. ഈ ഖനനത്തിലാണ് വളരെ നല്ല രീതിയില്‍ സംരക്ഷിച്ചിരിക്കുന്ന ഒരു ക്ഷേത്രക്കുളവും അതിനോട് ചുറ്റും കല്‍പ്പടവുകളും കൂടാതെ ധാരാളം തൂണുകളുള്ള മണ്ഡപങ്ങളുമുണ്ടെന്ന് മനസ്സിലാക്കുന്നത്.
ഖനനം പൂര്‍ത്തിയാകുമ്പോഴെക്കും ധാരാളം നിഗൂഡതകള്‍ ഇവിടെ കാണാന്‍ സാധിച്ചു. മുഴുവന്‍ സമയവും ജലം വന്നുവീണുകൊണ്ടിരിക്കുന്ന ശിവലിംഗമായിരുന്നു ആദ്യത്തെ വിസ്മയം. തൊട്ടു മുകളിലത്തെ നിലയില്‍ കല്ലില്‍ തീര്‍ത്തിരിക്കുന്ന നന്ദിയുടെ പ്രതിമയില്‍ നിന്നുമായിരുന്നു ശിവലിംഗത്തിലേക്ക് ജലം പ്രവഹിച്ചുകൊണ്ടിരുന്നത്. കല്ലില്‍ നിര്‍മ്മിച്ചിരിക്കുന്ന നന്ദി പ്രതിമയുടെ വായില്‍ നിന്നും ജലം പ്രവഹിച്ച് ശിവലിംഗത്തില്‍ പതിക്കുന്നതായിട്ടാണ് കാണാന്‍ സാധിക്കുന്നത്. നന്ദിയുടെ വായഭാഗം വൃത്തിയാക്കിയപ്പോള്‍ അതിന്റെ ഉള്ളില്‍ ഒരു ചെറിയ ഉറവ തന്നെ കണ്ടെത്തിയത്രെ. എന്നാല്‍ ഇതില്‍ എവിടെ നിന്നാണ് ജലം നിറയുന്നതെന്ന് ഇനിയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
ഖനനത്തില്‍ കണ്ടെത്തിയ സ്ഥലങ്ങള്‍ പൂര്‍ണ്ണമായും വൃത്തിയാക്കിയപ്പോള്‍ ക്ഷേത്രക്കുളവും ശിവലിംഗവും തമ്മില്‍ ക്ഷേത്രസമുച്ചയത്തിന്റെ നടുവില്‍ വെച്ച് യോജിക്കുന്നു എന്നു കണ്ടെത്തുകയുണ്ടായി. നന്ദിയില്‍ നിന്നും ശിവലിംഗത്തിലെത്തുന്ന വെള്ളം ക്ഷേത്രക്കുളത്തിലേക്കാണ് തിരികെ പോകുന്നത്.
ശ്രീ ദക്ഷിണമുഖ നന്ദി തീര്‍ഥ കല്യാണി ക്ഷേത്രത്തിന് ഈ പേരു വന്നിതിനു പിന്നില്‍ ഒരു കാര്യമുണ്ട്. ഈ ക്ഷേത്രത്തിന്റെ പ്രധാന ആകര്‍ഷണം എന്നു പറയുന്നത് ഇവിടുത്തെ നന്ദിയുടെ പ്രതിമയാണ്. സാധാരണ ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ദക്ഷിണ ദിക്കിനെ അഭിമുഖീകരിച്ചാണ് ഇവിടെ നന്ദി ഉള്ളത്. അതിനാലാണ് ക്ഷേത്രത്തിന് ശ്രീ ദക്ഷിണമുഖ നന്ദി തീര്‍ഥ കല്യാണി ക്ഷേത്രം എന്ന പേരു ലഭിച്ചത്.
ക്ഷേത്രത്തിന്റെ പഴക്കത്തിനെക്കുറിച്ച് വ്യക്തമാക്കുന്ന യാതൊരു രേഖകളും ചരിത്രങ്ങളും ലഭ്യമല്ലെങ്കിലും ഏഴായിരം വര്‍ഷം പഴക്കമുണ്ടെന്നാണ് ഇവിടെയുള്ളവര്‍ പറയുന്നത്. എന്നാല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ നടത്തിയ കാര്‍ബണ്‍ ഡേറ്റിങ്ങില്‍ 400 വര്‍ഷം പഴക്കമുണ്ട് ഈ ക്ഷേത്രത്തിനെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
തൂണുകളില്‍ നിര്‍മ്മിച്ചിരിക്കുന്ന ശ്രീ ദക്ഷിണമുഖ നന്ദി തീര്‍ഥ കല്യാണി ക്ഷേത്രത്തിന് മറ്റുള്ള ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ നിര്‍മ്മാണ ശൈലിയാണ് കാണാന്‍ സാധിക്കുന്നത്. ക്ഷേത്രക്കുളത്തിനു ചുറ്റുമായി തൂണുകളാല്‍ മറച്ച വരാന്തയാണ് പ്രധാന ആകര്‍ഷണം. കൂടാതെ സാധാരണ ശിവക്ഷേത്രങ്ങളില്‍ ശിവന്റെ വാഹനമായ നന്ദി ക്ഷേത്രത്തിനു മുന്നിലായാണ് സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ഇവിടെ ശിവലിംഗം സൂക്ഷിച്ചിരിക്കുന്ന മണ്ഡപത്തിനു മുകളിലായാണ് നന്ദിയെ കാണാന്‍ സാധിക്കുക.
ക്ഷേത്രക്കുളവും ശിവലിംഗവും നന്ദിയും മാത്രമാണ് ശ്രീ ദക്ഷിണമുഖ നന്ദി തീര്‍ഥ കല്യാണി ക്ഷേത്രത്തില്‍ കാണാന്‍ സാധിക്കുന്നത്. അതുകൊണ്ടു തന്നെ ഇത് തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന
കടു മല്ലീശ്വര ക്ഷേത്രത്തിന്റെ ഭാഗമാണെന്നും ആളുകൾ വിശ്വസിക്കുന്നു. മല്ലീശ്വര ക്ഷേത്രത്തിന്റെ ക്ഷേത്രക്കുളമാണിതെന്നാണ് കരുതുന്നത്.
ശ്രീ ദക്ഷിണമുഖ നന്ദി തീര്‍ഥ കല്യാണി ക്ഷേത്രം കടു മല്ലീശ്വര ക്ഷേത്രത്തിനു എതിര്‍വശത്തായാണ് സ്ഥിതി ചെയ്യുന്നത്. 17-ാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടുവെന്ന് വിശ്വസിക്കപ്പെടുന്ന ക്ഷേത്രം ദ്രാവിഡ ശൈലിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ശിവനെ മല്ലികാര്‍ജ്ജുനായിട്ടാണ് ഇവിടെ ആരാധിക്കുന്നത്. ശിവരാത്രിയാണ് ഇവിടുത്തെ പ്രധാന ആഘോഷം.
ശ്രീ ദക്ഷിണമുഖ നന്ദി തീര്‍ഥ കല്യാണി ക്ഷേത്രത്തില്‍ ശിവന്‍ മുഖ്യ പ്രതിഷ്ഠ ആയതിനാല്‍ ശിവനുമായി ബന്ധപ്പെട്ട മിക്ക കാര്യങ്ങളും ഇവിടെ ആഘോഷിക്കാറുണ്ട്. മഹാശിവരാത്രി ദിവസമാണ് ഇവിടെ ഏറ്റവുമധികം ആളുകള്‍ എത്തുന്ന ദിവസം.
ശിവലിംഗം സ്ഥിതി ചെയ്യുന്ന വരാന്തയ്ക്കു സമീപത്തായി ഗണേശനു സമര്‍പ്പിച്ചിരിക്കുന്ന ചെറിയൊരു കോവില്‍ കാണാന്‍ സാധിക്കും. കൂടാതെ ഇവിടെ നവഗ്രഹങ്ങളെയും ആരാധിക്കുന്നുണ്ട്. സാധാരണ ദിവസങ്ങളില്‍ രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയും വൈകിട്ട് അഞ്ച് മണി മുതല്‍ 8.30 വരെയുമാണ് ക്ഷേത്രം പ്രവര്‍ത്തിക്കുക.
അനുദിനം പുതിയ വിവരങ്ങൾ മാദ്ധ്യമങ്ങളിലൂടെ പുറത്തു വരുന്ന ശബരിമല സ്വർണ്ണക്കൊള്ള സംബന്ധിച്ച പുതിയ വിവരങ്ങൾ അന്വേഷണത്തിലും , സ്വർണ്ണക്കൊള്ളയുടെ വ്യാപ്തിയിലേക്ക്,…
ആദ്യം പറഞ്ഞ ആരോപണങ്ങളിൽ നിന്ന് രമേശ് ചെന്നിത്തല പിന്മാറി ! സോണിയ ഗാന്ധിയുടെ ബന്ധുവിന് വിഗ്രഹകള്ളക്കടത്ത് സ്ഥാപനമുണ്ട് ! അന്വേഷണം…
ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖയ്‌ക്കെതിരെ കള്ളക്കേസ് . എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫീസ് കയ്യേറിയെന്ന പേരിലാണ് കേസ്. ഇതിന് പിന്നാലെ,…
പുതുവത്സരത്തലേന്നു 105 കോടി രൂപയ്ക്കു മുകളിൽ മദ്യം കുടിച്ചു വറ്റിച്ച മലയാളിയെ തേടി പുതിയൊരു ബ്രാൻഡ് മദ്യം കൂടി എത്തുന്നു…
ഇറാനിൽ വരും ദിവസങ്ങളിൽ സംഭവിക്കാൻ പോകുന്ന രാഷ്ട്രീയ മാറ്റങ്ങൾ ദക്ഷിണേഷ്യയുടെയും പശ്ചിമേഷ്യയുടെയും സമാധാനത്തെ എങ്ങനെ ബാധിക്കുമെന്നത് ആഗോള രാഷ്ട്രീയത്തിലെ ഏറ്റവും…
അന്താരാഷ്ട്ര ബഹിരാകാശ നിലയം (International Space Station) എന്ന മനുഷ്യനിർമ്മിത അത്ഭുതം ബഹിരാകാശത്തെ അതിൻ്റെ ദീർഘകാലത്തെ ദൗത്യം പൂർത്തിയാക്കി വിരമിക്കാനൊരുങ്ങുകയാണ്.…