Friday, May 24, 2024
spot_img

ആഗ്രഹ പൂർത്തീകരണത്തിനായി ഈ ഹനുമാൻ ക്ഷേത്രം

ആഗ്രഹ പൂർത്തീകരണത്തിനായി ഈ ഹനുമാൻ ക്ഷേത്രം

ഹൈന്ദവ വിശ്വാസമനുസരിച്ച് ഹനുമാനോളം ഭക്തിയുള്ള ഒരാളെ കണ്ടെത്തുക തീരെ പ്രയാസമാണ്. ശിവന്‍റെ അവതാരവും രാമന്‍റെ കടുത്ത വിശ്വാസിയുമായ ഹനുമാനെ ചിരജ്ഞീവിയായാണ് വിശ്വാസങ്ങളിൽ പറയുന്നത്. അസാധ്യ കാര്യങ്ങൾ സാധ്യമാക്കുവാൻ ഹനുമാനോട് പ്രാർഥിച്ചാൽ മതിയത്രെ. മാത്രമല്ല, രാമനാമം ജപിക്കുന്നിടത്ത് ഹനുമാന്റെ സാന്നിധ്യമുണ്ടാകുമെന്നും ശനിദോഷം വിശ്വാസികളെ ബാധിക്കില്ല എന്നുമൊരു വിശ്വാസം ഭക്തർക്കിടയിലുണ്ട്. ഇന്ത്യയിലെ പ്രധാനപ്പെട്ട ഹനുമാൻ ക്ഷേത്രങ്ങള്‍ നമുക്ക് പരിചയപ്പെടാം

ഹനുമാൻ പ്രതിഷ്ഠയുള്ള കേരളത്തിലെ പുരാതന ക്ഷേത്രങ്ങളിലൊന്നാണ് പാലക്കാട് ജില്ലയിലെ ആലത്തിയൂർ ഹനുമാൻ ക്ഷേത്രം. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ശ്രീരാമന്‍റെയാണെങ്കിലും ക്ഷേത്രം അറിയപ്പെടുന്നത് ഹനുമാന്‍റെ പേരിലാണ്. ലങ്കയിൽ രാവണന്റെ തടവിലാക്കപ്പെട്ട സീതയെ കാണാൻ പോകുന്നതിനു മുന്‍പായി രാമൻ ഹനുമാന് നിർദ്ദേശങ്ങളും ഉപദേശങ്ങളും നല്കിയത് ഈ ക്ഷേത്രത്തിനു സമീപത്തുവെച്ചായിരുന്നു എന്നാണ് വിശ്വാസം. ഇതിനെ സാധൂകരിക്കുന്നതിനായി ഹനുമാൻ കടൽകടന്ന് ലങ്കയിലേക്ക് ചാടിയതിനെ ഓർമ്മിപ്പിക്കുന്ന ഒരു തിട്ടയും ഇവിടെ കാണാം. ഇതിന്റെ ഒരു വശത്ത് ഒരു കരിങ്കല്ലും കാണാം. കടലിനെ പ്രതിനിധീകരിക്കുന്നതാണ് കല്ല്. വിശ്വാസികൾ സാധാരണയായി ഇതുവഴി തിട്ടയിലൂടെ ഓടി കരിങ്കല്ലിനു മുകളിലൂടെ ചാടുന്ന ഒരു പതിവുണ്ട്. ഇവിടെയെത്തി പ്രാർഥിച്ചാൽ ആഗ്രഹങ്ങളെല്ലാം സഫലമാകുമെന്നാണ് വിശ്വാസം.

ബാംഗ്ലൂരിലെ ഏറ്റവും പ്രസിദ്ധമായ ഹനുമാൻ ക്ഷേത്രമാണ് കാരാഞ്ജി ആജ്ഞനേയ സ്വാമി ക്ഷേത്രം. 18 അടി ഉയരത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ഇവിടുത്തെ ഹനുമാൻ പ്രതിഷ്ഠ ഏറെ പ്രസിദ്ധമാണ്. കാരാഞ്ചി തടാകത്തിനു സമീപം സ്ഥിതി ചെയ്യുന്ന ക്ഷേത്രമായതിനാലാണ് ഇത് കാരാഞ്ജി ആജ്ഞനേയ സ്വാമി ക്ഷേത്രം എന്നറിയപ്പെടുന്നത്. ബാംഗ്ലൂർ സിറ്റി റെയിൽവേ സ്റ്റേഷനിൽ നിന്നും നാലു കിലോമീറ്റർ അകലെയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

എന്താവശ്യത്തിലും പ്രാർഥിച്ചാൽ ഫലം കിട്ടുന്ന ക്ഷേത്രമാണ് സങ്കട് മോചൻ ഹനുമാൻ ക്ഷേത്രം. ഉത്തർ പ്രദേശിൽ വാരണാസിക്ക് സമീപം സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം അസി നദിയൊഴുക്കിനോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. ആയിരക്കണക്കിന് വിശ്വാസികൾ സന്ദർശിക്കുവാനെത്തുന്ന ക്ഷേത്രം 1900 കളിൽ നിർമ്മിച്ചതാണെന്നാണ് വിശ്വാസം.

സമുദ്ര നിരപ്പിൽ നിന്നും 8500 അടി ഉയരത്തിൽ ഷിലയിലെ മലമടക്കുകളിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് ജാക്കു ക്ഷേത്രം. രാമായണത്തിന്റ കാലം മുതൽ നിലനിന്നു പോരുന്ന ക്ഷേത്രം എന്നാണിത് അറിയപ്പെടുന്നത്. രാമനും രാവണനും തമ്മിലുള്ള ഭീകരമായ യുദ്ധം നടന്ന ഇടങ്ങളിലൊന്ന് ഈ ക്ഷേത്ര പരിസരമാണെന്നാണ് വിശ്വാസം. രണ്ടു കിലോമീറ്റർ ദൂരം കാട്ടിലൂടെ നടന്നു മാത്രമേ ഇവിടെ എത്തിച്ചേരുവാൻ സാധിക്കുകയുള്ളൂ.

കൊണാട്ട്പ്ലേസിലെ പ്രാചീൻ ഹനുമാൻ ക്ഷേത്രം ദില്ലിയിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണ്. മഹാഭാരതകാലത്ത് ഇവിടെയുണ്ടായിരുന്ന അഞ്ച് ക്ഷേത്രങ്ങളിലൊന്നാണ് ഇതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ബാലഹനുമാനെ ആരാധിക്കുന്ന ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ സ്വയംഭൂവാണ്.

കേരളത്തിലെ പേരുകേട്ട മറ്റൊരു ഹനുമാൻ ക്ഷേത്രമാണ് കവിയൂർ മഹാദേവ-ഹനുമാൻ ക്ഷേത്രം. പത്തനംതിട്ടയിലെ കവിയൂരിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം തൃക്കവിയൂർ മഹാദേവക്ഷേത്രം എന്നും അറിയപ്പെടുന്നു. രാമരാവണ യുദ്ധം കഴിഞ്ഞ് സീതയോടൊപ്പം മടങ്ങുന്ന വഴി സീതയുടെ ആവശ്യപ്രകാരം രാമൻ ഇവിടെ ശിലലിംഗം പ്രതിഷ്ഠിക്കുവാൻ തീരുമാനിച്ചു. അതിനായി ഹനുമാനെയാണ് രാമൻ നിയോഗിച്ചത്. എന്നാൽ സമയത്ത് പ്രതിഷ്ഠ നടത്തുവാൻ ഹനുമാന് സാധിക്കാതെ വന്നപ്പോൾ രാമൻ അവിടെ മണ്ണും ദർഭയും ഉപയോഗിച്ച് ശിവലിംഗം പ്രതിഷ്ഠിച്ചു. തിരിച്ചെത്തിയ ഹനുമാനോട് ആ പ്രതിഷ്ഠ മാറ്റി ഹനുമാൻ കൊണ്ടുവന്ന ശിവലിംഗം പ്രതിഷ്ഠിക്കുവാന്‍ രാമന്‍ അനുമതി നല്കിയെങ്കിലും അത് ഒന്നനക്കുവാൻ പോലും ഹനുമാന് കഴിഞ്ഞില്ല. ഒടുവിൽ രാമന്റെ അനുമതിയോടെ ഹനുമാൻ അവിടെ ആ ശിവലിംഗത്തിലു സമീപം താമസമാരംഭിച്ചുവെന്നാണ് വിശ്വാസം.

Related Articles

Latest Articles