Kerala

“അതീഖിനെ വെടിവെച്ച് കൊന്നവർ അമിത് ഷാക്കെതിരേ ഏതുതരം നീതിനടപ്പാക്കും?”; കേന്ദ്ര പ്രതിരോധ മന്ത്രിക്കെതിരെ പ്രകോപനപരമായ പരാമർശവുമായി കെ ടി ജലീൽ

കേന്ദ്രപ്രതിരോധ മന്ത്രി അമിത് ഷായ്‌ക്കെതിരെ പ്രകോപനപരമായ പരാമർശവുമായി തവനൂർ എംഎൽഎ കെ ടി ജലീൽ. കുപ്രസിദ്ധ കുറ്റവാളിയും മുൻ എംപിയുമായ അതീഖ് അഹമ്മദ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടായിരുന്നു ജലീലിന്റെ വിവാദ പരാമർശം.

“കൊലപാതക കേസുകള്‍ ഉള്‍പ്പടെ നിരവധി കേസുകള്‍ ഉണ്ട് എന്നതാണ് അതീഖ് അഹമ്മദിനെയും സഹോദരനേയും തെരുവില്‍ പോലീസ് അകമ്പടിയില്‍ കൈകള്‍ ചങ്ങലയില്‍ പൂട്ടിയിട്ട് വെടിവെച്ച് കൊല്ലാന്‍ പ്രചോദനമെങ്കില്‍ അതിനെക്കാള്‍ ഗുരുതര കേസുകള്‍ ആരോപിക്കപ്പെടുന്ന അമിത്ഷാക്കെതിരെ ഏതുതരം നീതിയാണ് നടപ്പിലാക്കേണ്ടത്?. അമിത്ഷാ മാസങ്ങളോളം ജയിലിലടക്കപ്പെട്ടിട്ടുണ്ട്. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിനല്ല. കൊലപാതക കേസുകളില്‍ പിടിക്കപ്പെട്ടതിന്റെ പേരില്‍. അദ്ദേഹത്തെ വിചാരണ ചെയ്ത ജഡ്ജി ദുരൂഹ സാഹചര്യത്തില്‍ മരിച്ചിട്ടുണ്ട്. അദ്ദേഹവുമായി ബന്ധപ്പെട്ട കേസുകളിലെ സാക്ഷികള്‍ ‘പ്രകൃതി നിയമത്തിന്’ പലപ്പോഴായി വിധേയരായിട്ടുണ്ട്. കുറ്റാരോപിതരെ തെരുവിലിട്ട് ആളുകള്‍ കാണ്‍കെ വെടിവെച്ച് കൊല്ലാന്‍ തുടങ്ങിയാല്‍ ഉത്തരേന്ത്യയിലെ എത്ര രാഷ്ട്രീയ നേതാക്കള്‍ ജീവനോടെ അവശേഷിക്കും” എന്നായിരുന്നു ജലീൽ സമൂഹ മാദ്ധ്യമത്തിൽ പങ്ക് വച്ച പോസ്റ്റിൽ ചോദിച്ചത്

ശനിയാഴ്ച രാത്രിയാണ് ഉമേഷ്പാല്‍ വധക്കേസില്‍ റിമാന്‍ഡിലുള്ള ഉത്തര്‍പ്രദേശ് മുന്‍എം.പി ആതിഖ് അഹമ്മദിനേയും സഹോദരന്‍ അശ്‌റഫിനേയും പൊലിസ് വലയത്തില്‍ മൂന്നംഗസംഘം വെടിവെച്ച് കൊന്നത്. പ്രയാഗ്‌രാജില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് അതീഖ് അഹമ്മദിനെയും സഹോദരന്‍ അഷ്‌റഫിനെയും മൂവര്‍ സംഘം വെടിവെച്ചുകൊന്നത്. മാദ്ധ്യമ പ്രവര്‍ത്തകരെന്ന വ്യാജേനയാണ് മൂവരും അതീഖ് അഹമ്മദിനും സഹോദരനും സമീപമെത്തിയതെന്ന് പൊലിസ് പറഞ്ഞു. പ്രയാഗ്‌രാജില്‍ രാത്രി 10 മണിയോടെ വൈദ്യപരിശോധനക്ക് എത്തിച്ചപ്പോഴായിരുന്നു സംഭവം.

കെ ടി ജലീൽ സമൂഹ മാദ്ധ്യമത്തിൽ പങ്ക് വച്ച കുറിപ്പ് വായിക്കാം

കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ:

തെരുവിൽ വെടിയേറ്റു വീണ അതീഖ് അഹമ്മദും സഹോദരനും?

‘‘എന്റെ മുന്നിൽ ഒരുപാട് യുവാക്കളുണ്ട്. നിങ്ങളിൽ വിജ്ഞാനമുള്ളവരും ഇല്ലാത്തവരും ഉണ്ടാകും. അറിവ് വളരെ പ്രധാനമാണ്. പഠിക്കാത്തവർ പഠിക്കണം. മദ്രസയിലോ സ്കൂളിലോ എവിടെപ്പോയിട്ടാണെങ്കിലും നിങ്ങൾ അറിവ് ആർജിക്കണം. വലിയ ജോലി കിട്ടാൻ വേണ്ടിയിട്ടല്ല. ട്രക്ക് ഡ്രൈവറോ കൂലിപ്പണിക്കാരനോ ആണെങ്കിലും വിജ്ഞാനം അനിവാര്യമാണ്. എനിക്ക് ദൈവം ഒരുപാട് കഴിവുകൾ തന്നു. പക്ഷേ വേണ്ടത്ര അറിവ് നേടാൻ സാധിച്ചില്ല. ആ ഒരവസ്ഥ നിങ്ങൾക്കുണ്ടാകരുത്.

തെരുവിൽ ‘പ്രകൃതി നിയമത്തിന്’ വിധേയനായി വെടിയേറ്റു വീണ അതീഖ് അഹമ്മദ് എന്ന മുൻ എംപിയുടെ, അഞ്ച് തവണ തുടർച്ചയായി എംഎൽഎയായ വ്യക്തിയുടെ വാക്കുകളാണ് മുകളിൽ (പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പിങ് താഴെ).

‘ഗുണ്ടാ തലവൻ’ എന്നും കൊലക്കേസുകളിലെ പ്രതിയെന്നും യോഗി സർക്കാരും മാധ്യമങ്ങളും ആരോപിക്കുന്ന അതീഖ് അഹമ്മദ് കുറ്റവാളിയെങ്കിൽ വിചാരണ നടത്തി തൂക്കുകയർ വാങ്ങിക്കൊടുക്കുകയല്ലേ ചെയ്യേണ്ടിയിരുന്നത്? അതിനു കഴിയില്ലെന്ന ബോധ്യമാണോ യുപി മന്ത്രിമാരുടെ ഭാഷയിൽ പറഞ്ഞാൽ ‘പ്രകൃതി നിയമം’ നടപ്പിലാക്കിയതിനു പിന്നിലെ രഹസ്യം? യോഗിക്കും ബിജെപിക്കും എതിര് നിൽക്കുന്നവരെ കൊന്നുതള്ളുന്ന ‘ജംഗിൾരാജ്’ എവിടെച്ചെന്ന് അവസാനിക്കും?

കൊലപാതക കേസുകൾ ഉൾപ്പെടെ നിരവധി കേസുകൾ ഉണ്ട് എന്നതാണ് അതീഖ് അഹമ്മദിനെയും സഹോദരൻ അഷ്റഫ് അഹമ്മദിനെയും തെരുവിൽ പൊലീസ് അകമ്പടിയിൽ കൈകൾ ചങ്ങലയിൽ പൂട്ടിയിട്ട് വെടിവച്ച് കൊല്ലാൻ പ്രചോദനമെങ്കിൽ, അതിനേക്കാൾ ഗുരുതര കേസുകൾ ആരോപിക്കപ്പെടുന്ന അമിത് ഷായ്ക്കെതിരെ ഏതു തരം നീതിയാണ് നടപ്പിലാക്കേണ്ടത്? അമിത് ഷാ മാസങ്ങളോളം ജയിലിലടയ്ക്കപ്പെട്ടിട്ടുണ്ട്. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിനല്ല. കൊലപാതക കേസുകളിൽ പിടിക്കപ്പെട്ടതിന്റെ പേരിൽ. അദ്ദേഹത്തെ വിചാരണ ചെയ്ത ജഡ്ജി ദുരൂഹ സാഹചര്യത്തിൽ മരിച്ചിട്ടുണ്ട്. അദ്ദേഹവുമായി ബന്ധപ്പെട്ട കേസുകളിലെ സാക്ഷികൾ ‘പ്രകൃതി നിയമത്തിന്’ പലപ്പോഴായി വിധേയരായിട്ടുണ്ട്. കുറ്റാരോപിതരെ തെരുവിലിട്ട് ആളുകൾ കാൺകെ വെടിവച്ച് കൊല്ലാൻ തുടങ്ങിയാൽ ഉത്തരേന്ത്യയിലെ എത്ര രാഷ്ട്രീയ നേതാക്കൾ ജീവനോടെ അവശേഷിക്കും?

മഹാത്മാ ഗാന്ധിയെ ഇക്കൂട്ടർ വെടിവച്ചു കൊന്നത് ഏത് കൊലപാതക കേസിൽ പ്രതിയായിട്ടാണ്? ഗോവിന്ദ് പൻസാരയെയും കൽബുർഗിയെയും ഗൗരി ലങ്കേഷിനെയും ഇവർ വെടിവച്ച് കൊലപ്പെടുത്തിയത് ഏത് കള്ളപ്പണ ഇടപാടിന്റെ പേരിലായിരുന്നു? പ്രത്യയശാസ്ത്ര എതിരാളികളെയും രാഷ്ട്രീയ എതിരാളികളെയും കൊന്ന് കൊലവിളിക്കാൻ സംഘപരിവാറുകാർക്ക് കൊലക്കേസിലൊന്നും പ്രതിയായിക്കൊള്ളണമെന്നില്ല.

അതീഖ് അഹമ്മദിന് 1400 കോടിയുടെ അനധികൃത സമ്പാദ്യമുണ്ടെന്നാണ് ബിജെപി അനുകൂലികളുടെയും ഠാക്കൂർ വിലയ്ക്കെടുത്ത മാധ്യമങ്ങളുടെയും മറ്റൊരാരോപണം. അതീഖിനെക്കാളധികം അനധികൃത സമ്പാദ്യങ്ങളുള്ള എത്ര പേർ ഇന്ത്യയിലുണ്ട്? എന്തൊക്കെ നടപടികളാണ് കേന്ദ്ര സർക്കാർ അവർക്കെതിരെ സ്വീകരിച്ചത്? അത്തരക്കാരുടെ അവിഹിത സ്വത്ത് നിയമാനുസരണം കണ്ടുകെട്ടുകയല്ലേ ചെയ്യേണ്ടത്? രണ്ട് ദിവസം മുൻപാണ് മുതിർന്ന കോൺഗ്രസ് നേതാവ് ചിദംബരത്തിന്റെ മകന്റെ സ്വത്ത് ഇഡി കണ്ടുകെട്ടിയത്. അദ്ദേഹത്തെ വെടിവച്ച് കൊല്ലുകയല്ലല്ലോ ചെയ്തത്?

ഒരേസമയം ഇഡിയുടെ 15 സംഘമാണ് അതീഖ് അഹമ്മദിന്റെയും കുടുംബത്തിന്റെയും സാമ്പത്തിക ഇടപാടുകൾ അന്വേഷിച്ചത്. തന്റെ എതിരാളിയായ അതീഖിന്റെ കുടുംബത്തെ എത്ര ക്രൂരമായാണ് യോഗി ആദിത്യനാഥ് കൈകാര്യം ചെയ്തത്! ഒരു മകനെ വ്യാജ ഏറ്റുമുട്ടലിൽ വെടിവച്ച് കൊന്നു. രണ്ട് ആൺമക്കളെ നേരത്തെ തന്നെ പല കേസുകൾ ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഭാര്യയെ കേസുകളിൽ കുടുക്കി അറസ്റ്റിന് ശ്രമിച്ചു. അവർ ഒളിവിൽ പോയി. പ്രായപൂർത്തിയാകാത്ത രണ്ട് ആൺമക്കളെ പൊലീസ് പിടിച്ച് ശിശു സംരക്ഷണ കേന്ദ്രത്തിലാക്കി. എല്ലാ പഴുതുകളും അടച്ചശേഷം കയ്യാമം വച്ച് പൊലീസ് അകമ്പടിയിൽ കൊണ്ടുപോകവെ അതീഖ് അഹമ്മദിനെയും സഹോദരൻ അഷ്റഫ് അഹമ്മദിനെയും പോയിന്റ് ബ്ലാങ്കിൽ വെടിവച്ച് കൊല്ലാൻ ‘സ്വന്തക്കാർക്ക്’ സാഹചര്യമൊരുക്കി. ഒരു ഏകാധിപത്യ രാജ്യത്തുപോലും നടക്കാത്ത കിരാത സംഭവങ്ങളാണ് യുപിയിൽ നടന്നു കൊണ്ടിരിക്കുന്നത്.

യോഗിയുടെ ആറു വർഷ ഭരണ കാലയളവിൽ പൊലീസ് ‘ഏറ്റുമുട്ടലുകളിൽ’ മരിച്ചത് 184 പേരാണ്. ഇതിൽ മഹാഭൂരിഭാഗവും മുസ്‌ലിംകളാണ്. വിചാരണ ശരിയാംവിധം നടന്നാൽ കെട്ടിച്ചമച്ച കുറ്റങ്ങൾ തെളിയിക്കാൻ കഴിയില്ലെന്ന ശങ്കയാണോ ഇവരെയൊക്കെ വെടിവച്ച് കൊല്ലുന്ന ‘‘ജംഗിൾരാജി’ലേക്ക് യോഗിയെ നയിച്ചത്? യുപിയിലെ മുസ്‌ലിം-ക്രൈസ്തവ ന്യൂനപക്ഷങ്ങളും ദലിതുകളും വലിയ ഭയപ്പാടിലാണ് ജീവിക്കുന്നത്. വസ്തുതകൾ നേരിട്ടറിയാൻ ഇന്ത്യയിലെ മതനിരപേക്ഷ പാർട്ടികൾ ഒരു പ്രതിനിധി സംഘത്തെ യുപിയിലേക്കയയ്ക്കണം.

കേരളത്തിലും ന്യൂനപക്ഷ വിഭാഗങ്ങളിലെ സമ്പന്നരെയും വ്യാപാരികളെയും ലക്ഷ്യമിട്ട് സംഘി സംഘടനകൾ ഇറങ്ങിയിട്ടുണ്ട്. ലക്ഷങ്ങൾ സംഭാവന ചോദിക്കുക, കൊടുത്തില്ലെങ്കിൽ ഭീഷണിപ്പെടുത്തുക, വഴങ്ങിയില്ലെങ്കിൽ വിവിധ അന്വേഷണ സംഘങ്ങളെ വരുത്തി റെയ്ഡ് ചെയ്യിക്കുക, തുടർന്ന് കേസ് ഒതുക്കിത്തരാമെന്നു പറഞ്ഞ് ഇടനിലക്കാരായി എത്തുക. ലക്ഷങ്ങളും കോടികളും തന്നാൽ രക്ഷപ്പെടുത്തിത്തരാം എന്ന് ഓഫർ വയ്ക്കുക. തികച്ചും സംസ്കാര ശൂന്യമായ നെറികെട്ട പ്രവർത്തനമാണ് നാട്ടിൻപുറങ്ങളിൽ പോലും വിവിധ പേരുകളിൽ അറിയപ്പെടുന്ന സംഘി പ്രസ്ഥാനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്.

അനുഭവങ്ങൾ പുറത്തു പറയാൻ പലരും ഭയപ്പെടുന്നതുകൊണ്ട് മിണ്ടാതിരിക്കുകയാണ്. ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ മറ്റുള്ളവർക്കൊക്കെ കൊടുക്കുന്ന സംഭാവനയേ അവനവന്റെ കഴിവനുസരിച്ച് ബിജെപിക്കും കൊടുക്കാവൂ. ഭീഷണിക്കു വഴങ്ങി ഒരു രൂപ പോലും അധികം കൊടുത്തു പോകരുത്. ഓരോരുത്തരും സാമ്പത്തിക ഇടപാടുകൾക്ക് കൃത്യമായ കണക്കും കയ്യും സൂക്ഷിക്കുക. ശരിയായി നികുതി കൊടുത്ത് കേന്ദ്ര ഭരണക്കാരുടെ ഭയപ്പെടുത്തലുകളിൽനിന്ന് മോചനം നേടുക. സംഘികൾക്ക് ‘കപ്പം’ കൊടുത്ത് ജീവിക്കുന്നതിലും നല്ലത് തൂങ്ങിച്ചാവുന്നതാണ്.’’

Anandhu Ajitha

Recent Posts

മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തർക്കം ! യദു ഓടിച്ചിരുന്ന ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ് ! ബസിന്റെ വേ​ഗപ്പൂട്ടും ജിപിഎസ്സും പ്രവർത്തനരഹിതമായിരുന്നുവെന്ന് കണ്ടെത്തൽ

നടുറോഡില്‍ ബസ് തടഞ്ഞുള്ള മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ യദു ഓടിച്ചിരുന്ന ബസിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തി. പോലീസിന്റെ…

41 mins ago

സ്‌കൂൾ തുറക്കൽ ! വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിളിച്ച യോഗത്തിൽ പ്രതിഷേധം ; എംഎസ്എഫ് സംസ്ഥാന സെക്രട്ടറി അറസ്റ്റിൽ

സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിളിച്ച യോഗത്തിൽ പ്രതിഷേധം. പ്ലസ് വൺ സീറ്റുകളെക്കുറിച്ചുള്ള ചർച്ചക്കിടെ എംഎസ്എഫ്…

1 hour ago

മുട്ടിൽ മരംമുറി കേസ് ! വയനാട് മുൻ കളക്ടറെയും പ്രതിയാക്കണമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ; കേസ് അനിശ്ചിതത്വത്തിലേക്ക്

മുട്ടിൽ മരംമുറി കേസില്‍ വയനാട് മുൻ കളക്ടർ അഥീല അബ്ദുള്ളയെയും പ്രതി ചേർക്കണമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ. മരംമുറി മുൻ…

1 hour ago