പരംജിത് സിംഗ്
ലഖ്‌നൗ : ചോദ്യപേ പ്പർ ചോർത്തി നൽകാമെന്ന് പ്രലോഭിപ്പിച്ച് ബിരുദ വിദ്യാർത്ഥിനിയോട് മോശമായി സംസാരിക്കുകയും ലൈംഗിക ചൂഷണത്തിന് ശ്രമിക്കുകയും ചെയ്ത ലഖ്‌നൗ സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസർ അറസ്റ്റിൽ. സർവകലാശാലയിലെ സുവോളജി ഡിപ്പാർട്ട്‌മെന്റ് അസിസ്റ്റന്റ് പ്രൊഫസറായ പരംജിത് സിംഗിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. തനിക്കായി രണ്ട് ചോദ്യപ്പേപ്പറുകൾ മാറ്റിവെച്ചിട്ടുണ്ടെന്നും പരീക്ഷയ്ക്ക് മുൻപ് നേരിട്ട് വന്ന് കാണണമെന്നും ആവശ്യപ്പെട്ട് പ്രൊഫസർ വിദ്യാർത്ഥിനിയെ ഫോണിൽ വിളിച്ച് സമ്മർദ്ദം ചെലുത്തുന്ന ഓഡിയോ റെക്കോർഡിംഗ് പുറത്തുവന്നതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
രാജ്യവ്യാപകമായി നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് ലഖ്‌നൗ സർവകലാശാലയിൽ നിന്നും പരീക്ഷാ അട്ടിമറിയും ഒപ്പം വിദ്യാർത്ഥിനി നേരിട്ട കടുത്ത ലൈംഗികാതിക്രമ ശ്രമവും ഒരേസമയം പുറത്തുവരുന്നത്. സുവോളജി ഡിപ്പാർട്ട്‌മെന്റിലെ ബി.എസ്സി വിദ്യാർത്ഥിനിയാണ് പ്രൊഫസറുടെ നിരന്തരമായ പീഡനങ്ങൾക്കെതിരെ തെളിവ് സഹിതം സർവകലാശാല അധികൃതരെ സമീപിച്ചത്. താൻ സിലബസ് മുഴുവൻ പഠിച്ചു തീർത്തുവെന്നും ചോദ്യപ്പേപ്പറിന്റെ ആവശ്യമില്ലെന്നും വിദ്യാർത്ഥിനി ഫോണിൽ വ്യക്തമാക്കുന്നുണ്ടെങ്കിലും, പരീക്ഷയ്ക്ക് മുൻപുള്ള ഏഴ് ദിവസത്തിനകം തന്നെ വന്ന് കാണാൻ പ്രൊഫസർ നിർബന്ധിക്കുന്നത് ഓഡിയോയിൽ വ്യക്തമാണ്. മുൻപും ഈ പ്രൊഫസറിൽ നിന്ന് തനിക്ക് മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ഫോൺ സംഭാഷണത്തിന് ഒടുവിൽ വിദ്യാർത്ഥിനി വെളിപ്പെടുത്തുന്നുണ്ട്.
വിദ്യാർത്ഥിനി സമർപ്പിച്ച രണ്ട് ഓഡിയോ ക്ലിപ്പുകളുടെ അടിസ്ഥാനത്തിൽ സർവകലാശാലയിലെ കൺട്രോളർ ഓഫ് എക്സാമിനേഷൻസ് പോലീസിൽ പരാതി നൽകുകയായിരുന്നു. എന്നാൽ സർവകലാശാലയിലെ ആഭ്യന്തര രാഷ്ട്രീയത്തിന്റെ ഭാഗമായി തന്നെ വ്യാജമായി കേസിൽ കുടുക്കിയതാണെന്നാണ് പ്രതിയായ പ്രൊഫസറുടെ വാദം. സംഭവത്തിന് പിന്നാലെ പ്രൊഫസർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് (എബിവിപി) പ്രവർത്തകർ ക്യാമ്പസിൽ വൻ പ്രതിഷേധം സംഘടിപ്പിച്ചു. പരീക്ഷാ സുതാര്യത തകർക്കൽ, സ്ത്രീപീഡനം തുടങ്ങിയ ഗുരുതര വകുപ്പുകൾ ചുമത്തി പ്രതിയെ ജയിലിലടയ്ക്കണമെന്ന് വിദ്യാർത്ഥി സംഘടനകൾ ആവശ്യപ്പെട്ടു.
സ്ഥാപനത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുന്ന ഇത്തരം സംഭവങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സർവകലാശാല ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. വൈസ് ചാൻസലർ ജെ.പി. സൈനിയുടെ നിർദ്ദേശപ്രകാരം സർവകലാശാലയിലെ ആഭ്യന്തര പരാതി പരിഹാര സമിതി (ICC) കേസിനെക്കുറിച്ച് അന്വേഷിച്ച് 24 മണിക്കൂറിനകം റിപ്പോർട്ട് സമർപ്പിക്കും. കഴിഞ്ഞ ദിവസം പ്രൊക്ടറുടെ ഓഫീസിൽ വെച്ച് പ്രതിയായ പ്രൊഫസറുടെയും ഇരയായ വിദ്യാർത്ഥിനിയുടെയും മറ്റ് ചില സഹപാഠികളുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ അന്വേഷണ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിൽ പ്രൊഫസർക്കെതിരെ കൂടുതൽ വകുപ്പുതല അച്ചടക്ക നടപടികൾ ഉണ്ടാകുമെന്നാണ് സൂചന.
ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…