ദില്ലി : കൊല്‍ക്കത്തയില്‍ പശ്ചിമ ബംഗാൾ നിയന്ത്രണത്തിലുള്ള ആർ ജി.കാർ മെഡിക്കൽ കോളേജിലെ യുവ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ശക്തമായ ഇടപെടലുമായി സുപ്രീംകോടതി. ഇനിയൊരു ബലാത്സംഗമോ കൊലപാതകമോ സംഭവിക്കുംവരെ കാത്തിരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും സുരക്ഷയ്ക്ക് ദേശീയ മാർഗരേഖയുണ്ടാക്കാൻ പത്തംഗ ദൗത്യസേനയെയും നിയോഗിച്ചു.
അന്വേഷണപുരോഗതി സി.ബി.ഐ.യും ആശുപത്രിയിലുണ്ടായ അതിക്രമങ്ങളെക്കുറിച്ച് സംസ്ഥാന സർക്കാരും വ്യാഴാഴ്ച റിപ്പോർട്ട് നൽകണമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു. നാവികസേനയിലെ മെഡിക്കൽ സർവീസസ് ഡയറക്ടർ ജനറൽ വൈസ് അഡ്മിറൽ ആരതി സരിന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച ദൗത്യസേന മൂന്നാഴ്ചയ്ക്കകം ഇടക്കാലറിപ്പോർട്ടും രണ്ടുമാസത്തിനകം അന്തിമ റിപ്പോർട്ടും നൽകണം.
സമരം നടത്തുന്നവർക്കുമേൽ ബംഗാൾ സർക്കാർ അധികാരപ്രയോഗം നടത്തരുതെന്നും ആർ.ജി കർ ആശുപത്രിയിൽ സിഐഎസ്എഫ് സുരക്ഷയൊരുക്കണമെന്നും കോടതി നിർദേശമുണ്ട് സമരം ചെയ്യുന്ന ഡോക്ടർമാരോട് ജോലിയിൽ തിരികെ പ്രവേശിക്കാനും സുപ്രീംകോടതി അഭ്യർഥിച്ചു.
പശ്ചിമബംഗാൾ സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന നിരീക്ഷണങ്ങളാണ് കോടതിയുടെ ഭാഗത്തു നിന്നുണ്ടായത്. കേസിന്റെ ആദ്യഘട്ടങ്ങളിൽ പശ്ചിമബംഗാൾ പോലീസ് കാണിച്ച അനാസ്ഥ കേസിനെ ദുർബലപ്പെടുത്താൻ ആയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് നേരത്തെ കൊൽക്കത്ത ഹൈക്കോടതി കേസ് സിബിഐക്ക് കൈമാറിയത് തന്നെ.സംഭവം ആത്മഹത്യയാക്കാൻ പ്രിൻസിപ്പൽ ശ്രമിച്ചു,മാതാപിതാക്കളുടെ മൃതദേഹം കാണിക്കാൻ വിസമ്മതിച്ചു, ജനക്കൂട്ടം ആശുപത്രിയിലേക്ക് ഇരച്ചുകയറി കുറ്റകൃത്യംനടന്ന സ്ഥലം നശിപ്പിക്കുമ്പോൾ പോലീസ് നിഷ്ക്രിയരായിരുന്നു തുടങ്ങിയ കാര്യങ്ങൾ ഇന്നലെ കോടതി അക്കമിട്ട് നിരത്തിയപ്പോൾ സംസ്ഥാന സർക്കാരിന് മറുപടി പറയാൻ യാതൊന്നുമുണ്ടായിരുന്നില്ല.
ആഗസ്ത് 9 പുലർച്ചെയാണ് പശ്ചിമ ബംഗാൾ നിയന്ത്രണത്തിലുള്ള ആർ ജി.കാർ മെഡിക്കൽകോളേജ് ആശുപത്രിയിൽ യുവ വനിതാ ഡോക്ടർ കൊല്ലപ്പെടുന്നത്. നീണ്ട 31 മണിക്കൂർ ഡ്യൂട്ടിക്ക് ശേഷം വിശ്രമിക്കാനായി സെമിനാർ ഹാളിലെത്തിയ ഡോക്ടർ അതിക്രൂരമായി ബലാത്സംഗത്തിന് ഇരയാകുകയായിരുന്നു. അവരുടെ ശരീരത്തിൽ നിന്ന് 151 ഗ്രാം പുരുഷ ശുക്ലം ലഭിച്ചു എന്ന് റിപ്പോർട്ടുകൾ ഉണ്ട്. അത് ശരിയാണെങ്കിൽ അതിക്രൂരമായ കൂട്ട ബലാൽസംഗത്തിനാണ് ഡോക്ടർ ഇരയായത്. വിവരം പുറത്ത് വന്ന് ആദ്യഘട്ടം മുതൽ സംശയാസ്പദമായ ഇടപെടലുകളാണ് ബംഗാൾ സർക്കാരിന്റെയും കൊൽക്കത്ത പോലീസിന്റെയും ഭാഗത്തുനിന്നും ഉണ്ടായത്.
സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായ ഏക പ്രതിയായ സഞ്ജയ് റായ് ഒരു സിവിക് വൊളന്റിയറാണ്.സി.സി.ടി.വി. ദൃശ്യങ്ങളുടെയും ഇയാളുടെ ബ്ളൂടൂത്ത് ഹെഡ്ഫോണിന്റെ അവശിഷ്ടം സംഭവസ്ഥലത്തുനിന്നു കണ്ടെടുത്തതിന്റെയും അടിസ്ഥാനത്തിലാണ് അറസ്റ്റുണ്ടായത്. പ്രതി കുറ്റം സമ്മതിച്ചതായും പോലീസ് വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, കുറ്റകൃത്യത്തിൽ പ്രതി ഒട്ടും പശ്ചാത്താപം പ്രകടിപ്പിച്ചിട്ടില്ലെന്നും ‘തൂക്കിക്കൊല്ലുന്നെങ്കിൽ കൊന്നോ’ എന്ന് ആക്രോശിച്ചെന്നും ബംഗാളി മാദ്ധ്യമങ്ങളിൽ റിപ്പോർട്ടുണ്ട്.
കൊൽക്കത്ത പോലീസിനെ സഹായിക്കാനായി നിയോഗിക്കാറുള്ള ഒരു വിഭാഗമാണ് സിവിക് വൊളന്റിയർമാർ. ഇവരിൽ ഒരാളായ സഞ്ജയിനെതിരേ തട്ടിപ്പ് ഉൾപ്പടെ മറ്റ് പല ആക്ഷേപങ്ങളും ഉയർന്നിരുന്നതായി അറിവായിട്ടുണ്ട്. ഇത്തരം പശ്ചാത്തലമുള്ള ഒരാൾക്ക് രാത്രികാലത്തും മെഡി. കോളേജ് ആശുപത്രിയുടെ ഉള്ളിൽ സൈ്വരവിഹാരം നടത്താനായി എന്നതാണ് പ്രാഥമികമായ വീഴ്ച. ആശുപത്രിയുടെ സുരക്ഷാവിഭാഗവും അവിടെ പോലീസ് പിക്കറ്റിൽ ജോലിചെയ്യുന്ന പോലീസുകാരും ഒരുപോലെ ഉത്തരം പറയേണ്ട പാളിച്ച. മറ്റൊന്ന് സംഭവത്തിനു ശേഷം ആശുപത്രി അധികൃതർ സ്വീകരിച്ച നിലപാടാണ്. കൊലപാതകമാണെന്ന് പ്രഥമദൃഷ്ട്യാ സാധാരണക്കാർക്കുപോലും വ്യക്തമാകുന്ന ദൃശ്യമായിട്ടും വിദഗ്ധ ഡോക്ടർമാരുള്ള ആ സ്ഥാപനത്തിലെ മേധാവിമാർ ആ നിലയ്ക്കുള്ള പരാതി പോലീസിൽ നൽകാൻ തയ്യാറായില്ല. പിന്നീട് ഹൈക്കോടതിയുടെ നിശിത വിമർശനത്തിനിടയാക്കിയ വീഴ്ചയാണിത്. സംഭവം അറിഞ്ഞെത്തിയ പോലീസും സാദാ മട്ടിൽ അസ്വാഭാവികമരണം എന്ന രീതിയിലാണ് അന്വേഷണം തുടങ്ങിയത്. പിന്നീടാണ് കൊലപാതകവും ബലാത്സംഗവുമെല്ലാം വകുപ്പുകളായി വന്നത്.
ഇരയാക്കപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തോട് ആശുപത്രി അധികൃതർ ആദ്യം കാണിച്ച കള്ളക്കളിയും ഏറെ അപലപനീയമാണ്. രക്ഷിതാക്കളോട് ആദ്യം നിങ്ങളുടെ മകൾ അസുഖ ബാധിതയാണെന്നും പിന്നീട് അവൾ ആത്മഹത്യ ചെയ്തുവെന്നും ആശുപത്രിയിൽനിന്നു വിളിച്ച അസി. സൂപ്രണ്ട് പറഞ്ഞതായാണ് ആ കുടുംബത്തിനുവേണ്ടി ഹൈക്കോടതിയിൽ ഹാജരായ അഡ്വ. ബികാഷ് രഞ്ജൻ ഭട്ടാചാര്യ ബോധിപ്പിച്ചത്. വിവരം അറിഞ്ഞ് ആശുപത്രിയിലെത്തിയ അച്ഛനുമമ്മയും തങ്ങളുടെ മകളുടെ ദേഹം കാണിക്കണമെന്ന് കരഞ്ഞുപറഞ്ഞിട്ടും മൂന്നുമണിക്കൂർ കാത്തു നിർത്തിയശേഷമാണ് അതിന് അനുവദിച്ചതെന്ന് കൂടെപ്പോയ അയൽവാസി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
കൊല്ലപ്പെട്ട യുവതി മൃഗീയമായ ബലപ്രയോഗത്തിന് ഇരയായതായാണ് പ്രാഥമിക പരിശോധനയിൽ തെളിഞ്ഞിട്ടുള്ളത്. ചെറുത്തുനിൽപ്പിന്റെ എല്ലാ ശ്രമങ്ങളെയും ഇല്ലാതാക്കുംവിധമുള്ള ഈ ക്രൂരമായ ആക്രമണം ഒരാൾക്ക് ഒറ്റയ്ക്ക് സാധിക്കുമോ, മറ്റു വല്ലവരും കൂടെ ഉണ്ടായിരുന്നോ തുടങ്ങിയ ചോദ്യങ്ങളും ഉയരുന്നുണ്ട്. ഇത്തരമൊരു ആക്രമണം നടന്നിട്ട് എന്തുകൊണ്ട് പരിസരത്തുള്ള ആരും അറിയാതെപോയി എന്നതും ഉത്തരമില്ലാത്ത ചോദ്യമായി അവശേഷിക്കുകയാണ്.
ഗുരുതരമായ വീഴ്ചകൾ വരുത്തിയ സ്ഥാപന മേധാവിമാർക്കെതിരേ ജൂനിയർ ഡോക്ടർമാർ കർശനനടപടി ആവശ്യപ്പെട്ടെങ്കിലും 48 മണിക്കൂർ കഴിഞ്ഞാണ് സർക്കാർ അനങ്ങിയത്. സൂപ്രണ്ടായിരുന്ന സഞ്ജയ് വസിഷ്ഠിനെ സ്ഥാനത്തുനിന്ന് നീക്കി. എന്നാൽ, ഇത് സസ്പെൻഷനായിരുന്നില്ല. കൊൽക്കത്ത നാഷണൽ മെഡി. കോളേജിൽ ഇദ്ദേഹത്തിനുപകരം നിയമനം നൽകി. സംഭവം നടന്ന് മൂന്നുദിവസം കഴിഞ്ഞ് പ്രിൻസിപ്പൽ സഞ്ജയ് ഘോഷ് രാജി പ്രഖ്യാപിച്ചു. പ്രിൻസിപ്പൽ സ്ഥാനത്തുനിന്ന് മാത്രമല്ല , മെഡിക്കൽ സർവീസിൽ നിന്നുതന്നെ രാജി വെക്കുന്നുവെന്ന് പറഞ്ഞു. ആരോഗ്യവകുപ്പ് ആസ്ഥാനത്തെത്തി രാജിയും കൊടുത്തു. പിന്നെ കാണുന്ന കാഴ്ച സർക്കാർ ഇദ്ദേഹത്തിന് കൊൽക്കത്ത നാഷണൽ മെഡി.കോളേജ് പ്രിൻസിപ്പൽ ആയി പകരം നിയമനം നൽകുന്നതാണ്. പ്രതിഷേധിച്ച അവിടത്തെ വൈദ്യവിദ്യാർഥികൾ ഘോഷിനെ ചുമതലയേൽക്കാൻ അനുവദിക്കാത്ത വിധത്തിൽ മുറി പൂട്ടിയിട്ടു. സംഭവത്തിൽ സർക്കാരിനെ വിമർശിച്ച ഹൈക്കോടതി രണ്ട് മണിക്കൂറിനുള്ളിൽ സ്വയം അവധിയെടുത്ത് പൊയ്ക്കൊള്ളാൻ ഘോഷിന് ഉഗ്രശാസനം നൽകി.
സംഭവം അറിഞ്ഞ് ഒരു ദിവസത്തിനുള്ളിൽത്തന്നെ പ്രതിയെ പിടിച്ചത് തങ്ങളുടെ വിജയമായി കൊൽക്കത്ത പോലീസ് അവകാശപ്പെട്ടെങ്കിലും കേസ് ഡയറി വരുത്തി പരിശോധിച്ച ഹൈക്കോടതി പോലീസിനെ വിമർശിക്കുകയാണുണ്ടായത്. കൊലപാതകമാണെന്ന് ആരും ആദ്യം പരാതിപ്പെട്ടില്ലെന്നും അതിനാലാണ് അസ്വാഭാവികമരണം എന്ന നിലയിൽ കേസെടുത്തതെന്നുമുള്ള സർക്കാർ അഭിഭാഷകന്റെ ന്യായം ഹൈക്കോടതി തള്ളി. സംഭവം പൂർണമായി തെളിയിക്കാൻ മുഖ്യമന്ത്രി മമതാ ബാനർജി ഞായറാഴ്ചവരെ തന്റെ പോലീസിന് സമയം നൽകിയെങ്കിലും അത് അവഗണിച്ച് ചൊവ്വാഴ്ചതന്നെ ഹൈക്കോടതി സി. ബി.ഐ.യെ കേസ് ഏൽപ്പിച്ചു.
കേസ് സി.ബി.ഐ.ക്ക് വിട്ടതിനു പിന്നാലെ, മൃതദേഹം കണ്ടെത്തിയ നാലാം നിലയിലെ സെമിനാർ ഹാളിനോടു ചേർന്നുള്ള മുറി അറ്റകുറ്റപ്പണികൾക്കായി പൊളിച്ചു തുടങ്ങിയതും ഏറെ വിവാദമായി. ഡോക്ടർമാർക്ക് വിശ്രമിക്കാൻ കൂടുതൽ വിശാലമായ മുറി പണിയാനാണ് പൊളിച്ചതെന്ന് അധികൃതർ പറഞ്ഞെങ്കിലും തെളിവ് നശിപ്പിക്കാനാണിതെന്ന ആക്ഷേപം ഉയർന്നു. അറ്റകുറ്റപ്പണി അറിയാനോ തടയാനോ പോലീസിന് കഴിഞ്ഞില്ല. ഏറ്റവുമൊടുവിൽ അത്യാഹിത വിഭാഗത്തിലടക്കം അക്രമികൾ അഴിഞ്ഞാടിയപ്പോഴും പോലീസ് കാഴ്ചക്കാരായിരുന്നു. എങ്കിലും എല്ലാം മാധ്യമ ഗൂഢാലോചനയെന്ന് കുറ്റപ്പെടുത്തി സ്വന്തം ഭാഗം ന്യായീകരിക്കുകയാണ് സിറ്റി പോലീസ് കമ്മിഷണർ വിനീത് ഗോയൽ
ഡോക്ടറുടെ മൃതദേഹം കിടന്ന സെമിനാര്‍ റൂമിനോട് ചേര്‍ന്ന് ആശുപത്രി അധികൃതര്‍ നവീകരണ പ്രവര്‍ത്തനം തുടങ്ങി. മുറികളുടെ ചുമര് പൊളിക്കുന്ന ദൃശ്യം പുറത്തുവന്നു. കുറ്റകൃത്യം നടന്ന സ്ഥലത്തിനോട് ചേര്‍ന്ന് അടിയന്തരമായി നവീകരണം നടത്തുന്നത് തെളിവ് നശിപ്പിച്ച് യഥാര്‍ഥ കുറ്റവാളികളെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് പ്രഥമ ദൃഷ്ട്യ മനസിലാക്കാനാവുന്നതാണ്. ഇതിനിടെ പ്രതിഷേധം നടത്തിയിരുന്ന ഡോക്ടർമാരെ അക്രമിസംഘം തല്ലിയോടിക്കുന്ന സംഭവമുണ്ടായി. ബംഗാൾ പോലീസിന്റെ കൺമുന്നിൽ വച്ചായിരുന്നു ഇത്.എന്നിട്ടും പ്രതികരിക്കാൻ പോലീസ് തയ്യാറായില്ല.
സംസ്ഥാനത്തിന്റെ ആരോഗ്യ ആഭ്യന്തരവകുപ്പുകൾ കൈകാര്യം ചെയ്യുന്ന മമത ബാനർജിക്കെതിരെ അതിരൂക്ഷ വിമർശനമാണ് സമൂഹത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും ഉയർന്നത്. തന്റെ തെറ്റു മറച്ചു പിടിക്കുവാൻ വേണ്ടി കൊല്ലപ്പെട്ട പെൺകുട്ടിക്ക് നീതി ലഭിക്കണം എന്ന ആവശ്യവുമായി പ്രതിഷേധ റാലി പോലും അവർ നടത്തി. ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ മമതയ്ക്കെതിരെ പ്രതികരിച്ച വിദ്യാർത്ഥികൾക്കെതിരെ കേസെടുക്കുകയാണ് ബംഗാൾ പോലീസ്. മമതക്കെതിരെ സംസാരിക്കുന്നവരുടെ കൈവിരലുകൾ ഒടിക്കുമെന്ന് ഭീഷണിപ്പെടുത്തി തൃണമൂൽ മന്ത്രി രംഗത്ത് വന്നതും ഇന്നലെയാണ്. തൃണമൂലിന്റെ ഭരണ അരാജകത്വം അരങ്ങു വാഴുന്ന സമകാലിക ബംഗാളിൽ
തന്റെ കൃത്യനിർവഹണത്തിനിടെ ക്രൂരമായി കൊല്ലപ്പെട്ട ആ യുവ വനിതാ ഡോക്ടർക്ക് നീതി നേടി കൊടുക്കുക എന്നത് ഇന്ത്യൻ നിയമവ്യവസ്ഥയുടെയും നമ്മൾ ഓരോരുത്തരുടെയും ചുമതലയാണ്.
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്വർക്ക് ആക്സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…
അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയതോടെ…
തിരുവനന്തപുരം : ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതിയും കാപ്പാ…
ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിന്റെ ദുരിതം അനുഭവിച്ചറിഞ്ഞ് പാകിസ്ഥാൻ സാമ്പത്തികമായി തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2019-ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന്…