വള്ളുവനാടിൻ്റെ ഗ്രാമവിശുദ്ധി നിറഞ്ഞു നിൽക്കുന്ന മുളയൻകാവിലമ്മയുടെ തട്ടകം പാലക്കാടിൻ്റെ ഹൃദയഭൂമിയിൽ നിന്നും പടിഞ്ഞാറോട്ടുമാറി മലപ്പുറം ജില്ലയോട് ചേർന്ന് കുന്തിപ്പുഴയുടെ കുളിരേറ്റ് നിലകൊള്ളുന്നു.
അനുഷ്ഠാന കർമ്മങ്ങൾ കൊണ്ടും, ആചാര പെരുമയാലും, ഉത്സവാഘോഷങ്ങളുടെ അധിക്യം കൊണ്ടും കേരളത്തിൽ തന്നെ ശ്രദ്ദേയമായ ഒരു ക്ഷേത്രം കൂടിയാണ് ശ്രീ മുളയൻകാവ് ഭഗവതി ക്ഷേത്രം. പാലക്കാട് ജില്ലയിലെ കുലുക്കല്ലൂർ, നെല്ലായ, വല്ലപ്പുഴ, ചളവറ എന്നീ ഗ്രാമ പഞ്ചായത്തു പ്രദേശങ്ങൾ ഉൾപ്പെടുന്ന തട്ടകത്തിൻ്റെ വിസ്തൃതി വിശാലമാണ്.
പറഞ്ഞ് കേൾക്കാറുള്ള ദേവീക്ഷേത്ര ഉൽപ്പത്തി കഥകളുമായി സാമ്യമുള്ളതാണ് മുളയൻകാവ് ക്ഷേത്ര ഐതിഹ്യവും. ഇന്ന് ക്ഷേത്രം നിലനിൽക്കുന്ന പ്രദേശം പണ്ട് മുളകൾ തിങ്ങിനിറഞ്ഞ വനഭൂമിയായിരുന്നത്രേ. ഇവിടെ വന്നെത്തിയ ഒരു ഹരിജന സമുദ്രായത്തിലെ സ്ത്രീ കൈവശ്യമുണ്ടായിരുന്ന പണിആയുധം മൂർച്ച വർധിപ്പിക്കാനായി സമീപത്തു കണ്ട ശിലാഖണ്ഡത്തിൽ ഉരച്ച വേളയിൽ ശിലയിൽ നിന്നും രക്തം പൊടിയുന്നത് കണ്ട് ഭയന്നോടിയെന്നും. ഈ വിവരം സമീപത്തെ വെളുത്തേടത്ത് നായർ നാടുവാഴിയെ ചെന്ന് അറിയിക്കുകയും ചെയ്തതായും നാടുവാഴിതമ്പ്രാൻ സ്വയംഭൂവായി കണ്ട ശിലയുടെ സ്ഥാനത്ത് പിന്നീട് ക്ഷേത്രം നിർമ്മിച്ച് പ്രതിഷ്ഠ നടത്തിയെന്നുമാണ് ഐതിഹ്യം. മുളങ്കാടുകൾ നിറഞ്ഞ പ്രദേശമായതിനാലോ, ദേവീചൈതന്യം തിരിച്ചറിഞ്ഞത് ഒരു മുളയസ്ത്രീ ആയതു കൊണ്ടോ ക്ഷേത്രവും ,ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഗ്രാമവും മുളയൻകാവ് എന്ന നാമധേയത്തിലാണ് ഇന്നും അറിയപ്പെടുന്നത്. അതു കൊണ്ടു തന്നെ ക്ഷേത്രാനുഷ്ഠാനങ്ങളിലും, അചാരങ്ങളിലും, അടിയാളർക്കും, കർഷകതൊഴിലാളികൾക്കും വേറിട്ട സ്ഥാനം തന്നെയുണ്ട്. ചെറു കോട് കക്കാടി കുന്നത്ത് തറവാട്ടുകാർക്കാണ് ഈ സ്ഥാനം കിട്ടിയിട്ടുള്ളത്.
രണ്ട് മുഖമണ്ഡപങ്ങളുള്ള ഒരു അപൂർവ്വ ക്ഷേത്രമാണ് മുളയൻകാവ് .അതുമായി ബന്ധപ്പെട്ടൊരു ഐതിഹ്യമുണ്ട്. പണ്ട് ക്ഷേത്രത്തിലേക്ക് ആനയെ എഴുന്നള്ളിച്ച് കൊണ്ടുവന്നത്.ബാലസ്വരൂപിണിയായ ദേവിയ്ക്ക് ഇഷ്ടമായില്ലെന്നും വടക്കുഭാഗത്തേക്ക് ദൃഷ്ടിയായി നിലകൊണ്ടിരുന്ന ദേവി ക്രോധത്താൽ പടിഞ്ഞാറ് ഭാഗത്തേക്ക് തിരിഞ്ഞിരിക്കുകയും. ദേവിയുടെ കോപം കണ്ട് പേടിച്ചോടിയ ആന ദേവിയുടെ ശാപത്താൽ പാറയായി തീർന്നു എന്നുമാണ് ഭക്തജനങ്ങൾ വിശ്വസിച്ചു പോരുന്നത്. അതുപോലെ തന്നെ മുളങ്കാടു നിറഞ്ഞ ക്ഷേത്രഭൂമിയിൽ മുളശേഖരിക്കാനായി വന്ന തൊഴിലാളികൾ ആനയെ കണ്ട് ഭയന്ന് ദേവിയെ ശരണം പ്രാപിച്ചുവെന്നും ദേവി ഈ ആനയെ ഓടിച്ച് ദൂരെ ഒരിടത്ത് കല്ലായി മാറ്റി എന്നും പറയപ്പെടുന്നു.
ക്ഷേത്രത്തിൽ നിന്നും ഒരു കിലോമീറ്റർ മാറി വണ്ടും തറ ദേശത്ത് കൊപ്പം – മുളയൻകാവ് റോഡിൻ്റെ വശത്തായി മലംച്ചെരുവിലേക്ക് കയറുന്ന ഭാഗത്ത് ആനയുടെ ആകൃതിയിലും, വലിപ്പത്തിലുമുള്ള പാറക്കല്ല് ഈ കഥകകൾക്ക്
ഒരടയാളമായി ഇന്നും കാണാം.
ഒരിക്കൽ തൊഴിലാളികൾ ഈ പാറ പൊട്ടിക്കാൻ ശ്രമിക്കവെ കല്ലിൽ നിന്നും രക്തം വരുന്നത് കണ്ട് പേടിച്ചോടി എന്നതും പറയപ്പെടുന്നു. എന്തായാലും ഈ പ്രദേശം ഇപ്പോഴും ആനപ്പാറ എന്ന പേരിലാണ് അറിയപ്പെടുന്നത് എന്നതും ശ്രദ്ദേയമാണ്. ദേവി പടിഞ്ഞാറോട്ട് തിരിഞ്ഞിരുന്നതിനാൽ ക്ഷേത്രത്തിൻ്റെ ഈ ഭാഗത്തും മുഖമണ്ഡപമുണ്ട്. ഭക്തർക്ക് നേരിട്ടുള്ള ദർശനം ഇവിടെ ലഭിക്കുമെങ്കിലും ക്ഷേത്രത്തിലെ പ്രധാന വഴിപാടായ ഗുരുതി തർപ്പണം, അതുപോലെ തന്നെ കാളവേലയോടനുബന്ധിച്ചുള്ള കാളയിറക്കം, പൂരത്തിനുള്ള താലം നിരത്തി തേർ എഴുന്നള്ളിപ്പ് എന്നീ പ്രാധാന്യമേറിയ ചടങ്ങുകളൊക്കെ വടക്കേ നട തുറന്നാണ് നടത്തി വരാറുള്ളത്. വടക്കേനട തുറക്കുന്നതിനുള്ള അവകാശം ആത്രാശ്ശേരി മനക്കാർക്കുള്ളതാണ്. വടക്കേ നടയിൽ തന്നെയാണ് കൊടിമരം. ഈ നടക്ക് സമാന്തരമായി തന്നെയാണ് കൂത്തു മാടവും പണി തീർത്തിട്ടുള്ളത് എന്നതും ശ്രദ്ദേയമാണ്.
ഏതാണ്ട് ശബരിമല അയ്യപ്പസ്വാമിയുടെ വിഗ്രഹത്തെ പോലെയാണ് ഭഗവതിയുടെ വിഗ്രഹ പ്രതിഷ്ഠ എന്നതും പ്രത്യേകതയാണ്. ദേവീക്ഷേത്രങ്ങളിൽ തന്നെ ഇത്തരത്തിലൊരു പ്രതിഷ്ഠ അപൂർവ്വമാവാം എന്നാണ് ആചാര്യ സ്ഥാനീയരുടെ അഭിപ്രായം.ബാലസ്വരൂപിണിയായ ദേവിയുടെ ബാലികാത്വത്തിലെ കുസൃതിയാവാം ഇങ്ങനെ ഒരു അവസ്ഥ രൂപപ്പെടാനുള്ള കാരണമായതെന്നാണ് ദേവജ്ഞർ പറയുകയുന്നത്. ഇരട്ട ഭാവ സങ്കൽപ്പം കൊണ്ടു തന്നെയാവും ഇരു കൈകളിലും പള്ളിവാളും, ഭദ്രാവട്ടകവും ധരിച്ചിട്ടുള്ളതും. ഉപദേവതകളില്ലാത്ത ക്ഷേത്രം കൂടിയാണ് മുളയൻകാവ്. പാടിഞ്ഞാറെ നടയോട് ചേർന്ന് പാട്ട് കൊട്ടിലിന് മുൻവശത്തായി ക്ഷേത്ര പറമ്പിൽ യശ്ശശരീരനായ ശ്രീ കുഞ്ഞുണ്ണി വെളിച്ചപ്പാടിൻ്റെ പ്രേത വേർപാട് നടത്തി കുടിയിരുത്തിയിട്ടുണ്ട് ( വെളിച്ചപ്പാട് തറ)
ഇവിടെ ദിവസവം വിളക്ക് വെയ്ക്കുക പതിവാണ്. ഈ തറയോട് ചേർന്ന് തന്നെ പൂർവ്വാചാര തറയും ഉണ്ട്. ഇവിടേയും ഭക്തർ തൊഴാനെത്തുക പതിവാണ്.. ദേവ പ്രശ്നത്തിൽ തെളിഞ്ഞ ഈ രണ്ട് തറകളും അടുത്ത കാലത്താണ് നിർമ്മിച്ചത്. പേരാലും, അരയാലും, പാലയും ,അൽമാവും,നിറഞ്ഞ് നിൽക്കുന്നതിനാൽ കാവ് എന്ന സങ്കൽപ്പം തന്നെയാണ് ഇവിടെ അന്വർത്ഥമാകുന്നത് .പത്ത് മനകൾ കേന്ദ്രീകരിച്ച് നിശ്ചയിച്ച പത്ത് തറ ദേശങ്ങളും, എഴുവന്തല നാലു ദേശം, ചെറു കോട് ദേശം, വല്ലപ്പുഴദേശവും അടങ്ങിയതാണ് മുളയൻകാവിലമ്മയുടെ തട്ടകം. കൊല്ലത്തിൽ രണ്ട് കാളവേലകളും, രണ്ട് പൂരങ്ങളും കൊണ്ടാടുന്ന ഒരു അപൂർവ്വ ക്ഷേത്രം കൂടിയാണ് മുളയൻകാവ് .
ഉദയാസ്തമന പൂജ, ഗുരുതി പൂജ,
കളംപാട്ട്, പൂമൂടൽ, നിറമാല,ചുറ്റുവിളക്ക്, എന്നിവയാണ് ഭഗവതിയുടെ പ്രധാന വഴിപാടുകൾ .
വൃശ്ചികമാസം മുഴുവൻ എല്ലാ ദിവസങ്ങളിലും ചുറ്റുവിളക്കും ,മാസാവസാനമായി വൃശ്ചിക താലപ്പൊലിയും നടത്തുന്നു. മകര ചൊവ്വ മുതലാണ് കളംപാട്ടിന് ആരംഭം കുറിക്കുന്നത് .ഭക്തരുടെ വഴിപാടുകളുടെ എണ്ണമനുസരിച്ച് ഇത് ചിലപ്പോൾ മീനമാസം വരെ തുടരും. അവസാനപാട്ട് ദിവസം താലപ്പൊലിയായി കൊണ്ടാടുകയാണ് പതിവ്. മീനമാസത്തിലെ പുണർതം നാളിലാണ് ഭഗവതിയുടെ പ്രതിഷ്ഠാദിനമായി ആഘോഷിക്കുന്നത് ( ദേവിയുടെ പിറന്നാൾ ) അന്ന് ക്ഷേത്രത്തിലെത്തുന്നവർക്ക് ദേശക്കൂട്ടായ്മയിൽ വിഭവ സമൃദ്ധമായി പ്രസാദ ഊട്ടും നടത്തി വരുന്നു. ഈ അടുത്ത കാലത്തായി തിരഞ്ഞെടുത്ത കലാകാരൻമാർക്ക് ശ്രീ മുളയൻകാവിലമ്മ പുരസ്കാര സമർപ്പണവും പതിവുണ്ട്.
മീനമാസത്തിൽ തന്നെയാണ് ചെറിയ കാളവേലയും, ഇടപ്പൂരവും ആഘോഷിക്കുന്നത്.പത്ത് തറ ദേശങ്ങൾ ഊഴമിട്ടാണ് ഇത് ആഘോഷിക്കുന്നത്. വടക്കേത്തറ ദേശം, തെക്കേത്തറ ദേശം, മപ്പാട്ടുകര തറ ദേശം, ചുണ്ടങ്ങാത്തറ ദേശം, നാട്യത്തറ ദേശം, എരവത്തറ ദേശം, ഒരു പുലാത്തറ ദേശം, പരിയാനംപറ്റത്തറ ദേശം, വണ്ടുംതറദേശം, പുറമത്തറ ദേശം എന്നിങ്ങനെയാണ് ക്രമപ്പെടുത്തിയിട്ടുള്ളത്. കാള വേലയുടെ പ്രധാന ചടങ്ങായ കളയിറക്കവും ഇതേ ക്രമത്തിൽ തന്നെയാണ് നടക്കാറ്.മേടം ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന ഉത്സവകാലമാണ് മുളയൻകാവിലേത്.ഈ മാസം മുഴുവൻ ചുറ്റുവിളക്കും പതിവാണ്. മേടം ഒന്നിന് വിഷുക്കണി കണ്ട് കൊട്ടിപ്പുറപ്പാട് നടത്തും രണ്ടിന് പാനവേലയും, മൂന്നിന് ചപ്പുവേലയും, നാലിന് കരിവേലയും, അഞ്ചിന് അഞ്ചാം വേലയും ( എഴുവന്തല, പുറത്തറ ദേശം) എഴുന്തല ദേശക്കാരുടെ ഏഴാം വേലയും, ഇന്നും ദേശ കൂട്ടായ്മയോടെ പരിപാലിച്ചു പോരുന്നു. അഞ്ചാം വേല മുതൽ 25 ദിവസം നീണ്ടു നിൽക്കുന്ന തോൽപ്പാവ കൂത്തിന് രാമായണത്തിലെ പഞ്ചവടി പ്രവേശം മുതൽ പട്ടാഭിഷേകം വരേയുള്ള കഥയാണ് ആധാരം. മുന്നർകോട് പണിക്കൻ മാർക്കാണ് കൂത്ത് നടത്തിപ്പിനുള്ള അവകാശം.
ചെറുകോട്, വല്ലപ്പുഴ, വണ്ടും തറ ദേശങ്ങൾ ദേശ വേലയാണ് കൊണ്ടുവരാറ്. ദേശ വേലയ്ക്കായി ഓരോ ദേശത്തിനും പ്രത്യേകം പ്രത്യേകം ദിവസങ്ങളും നിശ്ചയിച്ചിട്ടുണ്ട്. വല്ലപ്പുഴ ദേശ വേല ദിവസമാണ് രാത്രി പൂരം കുറിക്കൽ ചടങ്ങ് നടത്തുന്നത് .ഇതിനുള്ള അവകാശം ഇവർക്കാണ് എന്നാൽ ദേശപ്പൂരം കുറിയ്ക്കുന്നതിനുള്ള അവകാശം പുലാക്കാട്ടിരി നായർ തറവാട്ടുകാർക്കാണ് .ഇവിടത്തെ കാരണവർ വടക്കേ നടയിൽ വെച്ച് പൂരം നടത്തേണ്ട ദിവസം ഓലയിൽ എഴുത്താണി കൊണ്ട് എഴുതി ദേശയ്ക്കാർക്കു മുൻപാകെ വായിക്കുന്നു.
വണ്ടും തറ ദേശക്കാർക്ക് ഊഴ മനുസരിച്ചുള്ള ചെറിയ കാള വേലയും, ആണ്ടിൽ ദേശ വേലയും ഉണ്ട്.
ചെറുകോട് ദേശം ഒഴികെ മറ്റു ദേശക്കാരെല്ലാം കാളവേലയ്ക്ക് കാളകളെ കെട്ടി എഴുന്നള്ളിപ്പുമായി ക്ഷേത്രത്തിലേക്ക് വരുന്നു. എന്നാൽ വലിയ പൂരത്തിന് ചെറുകോട് ദേശക്കാരുടെ ഹരിജനവേല ക്ഷേത്ര പറമ്പിലൂടെ വടക്കേ നടയിലെത്തി ഭഗവതിയെ വണങ്ങുന്നത് ശ്രദ്ദേയമാണ്. വണ്ടുംതറ ഹരിജന വിഭാഗത്തിലെ പറയ സമുദായക്കാർ വ്രതനിഷ്ഠയോടെ പറയപ്പൂതനും, കാളയും കെട്ടി വാദ്യഘോഷങ്ങളോടെ ക്ഷേത്രത്തിലെത്തുന്നതും ദേവിയെ വണങ്ങുന്നതും ഒരു അനുഷ്ഠാനമായി ഇന്നും കാത്തു പോരുന്നു.
നാടൻ കലാരൂപത്തിൻ്റെ കെട്ടുകാഴ്ചയാലും ,ചടുല നൃത്ത ചുവടുമായാണ് തിറയും, പൂതനും ഭഗവതിയെ വണങ്ങാനെത്തുക.ഹരിജന വിഭാഗത്തിലെ മണ്ണാൻ സമുദായക്കാരാണ് ഒരു ദൈവനിയോഗം പോലെ ഈ കലാരൂപത്തെ കൊണ്ടു നടക്കുന്നത് ‘ കാർഷിക സംസ്കൃതിയുടെ ശേഷിപ്പുകളാണ് മുളയൻകാവ് ഉത്സവങ്ങൾ എന്നതും എടുത്തു പറയേണ്ടതാണ്. പൂരം ദിവസം ക്ഷേത്രത്തിൽ പ്രത്യേക പൂജകളോ, നിവേദ്യമോ നടത്തുന്നില്ല. അന്നേ ദിവസം ദേവി തട്ടത്തെ വീടുകളിലെത്തുന്നു എന്നാണ് സങ്കൽപ്പം .അതുകൊണ്ടുതന്നെ തട്ടകത്തെ ഗൃഹങ്ങളിൽ പായസം വെച്ച് ദേവിയ്ക്ക് നിവേദിക്കുന്നതും പതിവാണ്.
താലപ്പൊലി പറമ്പിൽ നിന്നും താലം നിരത്തി യുള്ള തേർ എഴുന്നള്ളിപ്പാണ് പ്രധാന ചടങ്ങ്. പൂരം ദിവസം രാവിലെ തുടങ്ങുന്ന ചവിട്ടു കളി അടിയാളരുടെ സംഗീതനൃത്തശില്പം തന്നെയാണ്. ദേശ തേരുകൾ താലപ്പൊലി പറമ്പിലേക്ക് നീങ്ങുന്നതോടെയാണ് ചവിട്ടു കളി അവസാനിപ്പിക്കാറ്. ഹരിജന വിഭാഗത്തിൽപ്പെടുന്ന കണക്കൻ, കൂടാൻ സമുദായക്കാരാണ് വള്ളുവനാട്ടിൽ ചവിട്ടു കളി പെരുമയുടെ വാഹകർ .
കാവിറങ്ങിയ ദേശതേരുകൾ വാദ്യമേളങ്ങളോടെ തിരുമുറ്റത്തെ മൂന്ന് പ്രദക്ഷിണത്തിനു ശേഷം വെളിച്ചപ്പാട് നൃത്തവും, അരിയേറും നടക്കും. വലിയ കാളവേലയുടെ നടത്തിപ്പ് അവകാശം പുറത്തറ ദേശക്കാർക്കാണ്. പൂരം ദേവസ്വം വകയാണ്.
മലബാർ ദേവസ്വം ബോർഡിന് കീഴിലാണ് ക്ഷേത്രം. ബ്രഹ്മശ്രീ അണ്ടലാടി മനയ്ക്കൽ ഉണ്ണി നമ്പൂതിരിപ്പാടാണ് ക്ഷേത്രം തന്ത്രി, ജാലമന ഗിരീഷ് എമ്പ്രാന്തിരി ക്ഷേത്രം മേൽശാന്തിയാണ്. ജയപ്രകാശ് വെളിച്ചപ്പാടാണ് ഭഗവതിയുടെ കോമരം. പുലാവഴി ഉണ്ണി നായരാണ് ഇപ്പോഴത്തെ പാലക്കുറുശ്ശി നായർ (ദീപ വാഹകൻ)
ചെറുകോട് തറക്കൽ വാരിയത്ത്കാരാണ് ക്ഷേത്രത്തിൻ്റെ ഊരാളൻമാർ. പത്ത്തറ,നാല് ദേശക്കാർ ചേർന്നുള്ള ക്ഷേത്ര ക്ഷേമ സമിതികളും, ജീർണ്ണോദ്ധാരണ കമ്മറ്റിയും, ക്ഷേത്ര പുരോഗതിക്കായി പ്രവർത്തിച്ചിരുന്നു. മലബാർ ദേവസ്വം ബോർഡിന് കീഴിൽ 2018 നവംബർ 20 മുതൽ പുതിയതായി രൂപീകരിച്ച പാരമ്പര്യേതര ട്രസ്റ്റി ബോർഡാണ് ക്ഷേത്ര കാര്യങ്ങൾ നോക്കി നടത്തുന്നത്. ക്ഷേത്രഭരണം നിർവ്വഹിക്കുന്നത് എക്സിക്യൂട്ടീവ് ഓഫീസറാണ്.
അടുത്തുള്ള റെയിൽവേ സ്റ്റേഷൻ ഷൊർണ്ണൂറാണ്. റോഡ് മാർഗ്ഗം വരികയാണെങ്കിൽ പാലക്കാട് ഭാഗത്തു നിന്നുമാണെങ്കിൽ വാണിയംകുളം വല്ലപ്പുഴ കൊപ്പം റൂട്ടിൽ മുളയൻകാവ്,
തൃശൂർ ഭാഗത്തു നിന്നുമാണെങ്കിൽ ചെറുത്തുരുത്തി ഷൊർണ്ണൂർ-കുളപ്പുള്ളി വല്ലപ്പുഴ കൊപ്പം റൂട്ടിൽ കൂടിയും ക്ഷേത്രത്തിൽ എത്തിചേരാവുന്നതാണ്..
ബൈക്ക് സവാരി ഇഷ്ടപ്പെടുന്നവർക്ക് വാണിയംകുളം വല്ലപ്പുഴ കൊപ്പം റൂട്ട് റോഡും പ്രകൃതി ഭംഗിയും കണ്ട് വളരെയേറെ ഇഷ്ടപ്പെട്ടും ആസ്വദിച്ചും സഞ്ചാരപ്രിയമാക്കാവുന്നതാണ്.
കോഴിക്കോട്: ഗര്‍ഭിണിയായ പങ്കാളിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ക്രൂരമായി പൊള്ളിച്ച സംഭവത്തില്‍ പ്രതി ഷാഹിദ് റഹ്‌മാൻ റിമാൻഡിൽ. താമരശ്ശേരി ജുഡീഷ്യല്‍ ഒന്നാം…
ദക്ഷിണേഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ നിർണ്ണായകമായ മാറ്റങ്ങൾ പ്രവചിക്കുന്നതാണ് 2025 ഡിസംബറിൽ പുറത്തുവന്ന യുഎസ് പ്രതിരോധ വകുപ്പിന്റെ (പെന്റഗൺ ) വാർഷിക…
ഭുവനേശ്വർ: മുതിർന്ന കമാൻഡർ ഉൾപ്പെടെ നാല് കമ്മ്യൂണിസ്റ്റ് ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ച് സുരക്ഷാസേന. തലയ്ക്ക് 1.1 കോടി രൂപ ഇനാം…
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ചരിത്ര വിജയം നേടിയ ബിജെപി കേവല ഭൂരിപക്ഷവും ഉറപ്പിച്ചു. ചർച്ചകൾക്കൊടുവിൽ കണ്ണമ്മൂല വാർഡിൽ…
റിയാദ് : ലോകത്തെ ഏറ്റവും ചൂടേറിയ പ്രദേശങ്ങളിലൊന്നായ സൗദി അറേബ്യയിൽ അപ്രതീക്ഷിത മഞ്ഞുവീഴ്ച . രാജ്യത്തിന്റെ വടക്കൻ മേഖലകളായ തബൂക്ക്,…
ധാക്ക : ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങൾ തുടരുന്നു. രാജ്ബാരി ജില്ലയിൽ ബുധനാഴ്ച രാത്രിയുണ്ടായ ഇസ്‌ലാമിസ്റ്റുകളുടെ ആക്രമണത്തിൽ 29 വയസ്സുള്ള ഹിന്ദു…