കോഴിക്കോട്: നിരോധനാജ്ഞ ലംഘിച്ച് മദ്യം കടത്തിയത് ചോദ്യം ചെയ്ത ജനം ടി വി സംഘത്തിന് മർദ്ദനമേറ്റ സംഭവത്തിൽ പ്രതിഷേധം കടുക്കുന്നു. കോഴിക്കോട് വെള്ളയിലാണ് സര്‍ക്കാര്‍ ബിവറേജസ് ഗോഡൗണില്‍ ചട്ടം ലംഘിച്ച് മദ്യം ഇറക്കുന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ സി ഐ ടി യു ഗുണ്ടകൾ വളഞ്ഞിട്ട് ആക്രമിച്ചത്. റിപ്പോര്‍ട്ടര്‍ എ എന്‍ അഭിലാഷ്, ക്യാമറാമാന്‍ കെ ആര്‍ മിഥുന്‍ എന്നിവര്‍ക്കാണ് മർദ്ദനമേറ്റത്. അഭിലാഷിന്റെ കരണത്തടിക്കുകയും മാസ്‌ക് പിടിച്ചുപറിക്കുകയും ചെയ്തു.
പോലീസിന്റെ കണ്മുന്നിലാണ് സംഭവം നടന്നത്. പോലീസെത്തിയാണ് മാധ്യമ സംഘത്തെ രക്ഷിച്ചതെങ്കിലും അക്രമിസംഘത്തെ കസ്റ്ററ്റഡിയിലെടുത്തില്ല. നിരോധനാജ്ഞ നിലനിൽക്കെ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് മദ്യം ഇറക്കിയത്. ഇതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നത് തടഞ്ഞ അക്രമിസംഘം അഭിലാഷിന്റെ കൈയില്‍ നിന്ന് മൈക്ക് പിടിച്ചു വാങ്ങുകയും ചെയ്തു. ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യണമെന്ന് സംഘം ആക്രോശിക്കുകയായിരുന്നു. സവാദ്, റിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നത്.

