Tuesday, December 23, 2025

സിന്ദൂരമണിയാത്തത്, വിവാഹത്തെ നിരാകരിക്കുന്നതിനു തുല്യം ?

അസം:വിവാഹം കഴിഞ്ഞതിന്റെ അടയാളമായി സ്ത്രീകള്‍ സിന്ദൂരമണിയാൻ വിസമ്മതിക്കുന്നത് വിവാഹത്തെ നിരാകരിക്കുന്നതിന് തുല്യമാണെന്ന് ഗുവാഹത്തി ഹൈക്കോടതി. ഭാര്യയില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് യുവാവ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമർശം.

ചീഫ് ജസ്റ്റിസ് അജയ് ലംബാ, ജസ്റ്റിസ് സൗമിത്ര സൈക്യ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വലിയ വിവാദത്തിന് വഴിതെളിച്ച ഈ പരാമർശം. ഭാര്യ സിന്ദൂരവും വിവാഹിതരായ സ്ത്രീകള്‍ ധരിക്കുന്ന ഷഖാ എന്ന വളകളും അണിയുന്നില്ലെന്ന പരാതിയുമായാണ് യുവാവ് വിവാഹമോചനഹര്‍ജി സമര്‍പ്പിച്ചത്.

ഭര്‍ത്താവിനെ വിവാഹം കഴിച്ചുവെന്നത് സമ്മതിക്കാനുള്ള വിമുഖതയാണ് ഇതിനു പിന്നിലെന്നും വിവാഹം നിരാകരിക്കുന്നതിന് തുല്യമാണിതെന്നും കോടതി നിരീക്ഷിച്ചു. ഭർത്താവിനെ ഇത്തരമൊരു ബന്ധം തുടരാന്‍ നിര്‍ബന്ധിക്കുന്നത് പീഡനത്തിനു സമമാണെന്നും  വിലയിരുത്തിയ കോടതി വിവാഹമോചനം അനുവദിക്കുകയും ചെയ്തു.

ഭാര്യ തന്നോടും കുടുംബത്തോടും ക്രൂരമായി പെരുമാറുന്നുവെന്നും ഗര്‍ഭം ധരിക്കുന്നതില്‍ പരാജയപ്പെട്ടെന്നും കാണിച്ച് ആസമിലെ കുടുംബ കോടതിയിലാണ് ഭര്‍ത്താവ് ആദ്യം ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍ ഭാര്യയുടെ ഭാഗത്ത് തെറ്റില്ലെന്ന കുടുംബ കോടതി കണ്ടെത്തലിനെത്തുടര്‍ന്ന് ഭര്‍ത്താവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

കൂട്ടുകുടുംബത്തില്‍ താമസിക്കാന്‍ താല്‍പര്യമില്ലെന്നും ഭര്‍ത്താവും കുടുംബവും ക്രൂരമായി പെരുമാറുന്നുവെന്നും കാണിച്ച് യുവതിയും ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ കേസ് നിലനില്‍ക്കെയാണ് സിന്ദൂരം അണിയുന്നില്ല എന്നതുള്‍പ്പെടെയുള്ള ആരോപണങ്ങളുന്നയിച്ച് ഭര്‍ത്താവ് വിവാഹമോചന ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

എന്നാല്‍ കോടതിയുടെ കണ്ടെത്തല്‍ സ്ത്രീവിരുദ്ധമാണെന്നും പിന്തിരിപ്പനാണെന്നുമുള്‍പ്പെടെ നിരവധി വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഈ നൂറ്റാണ്ടിലും സിന്ദൂരം അണിയുന്നത് വിവാഹത്തെ സ്വീകരിക്കുന്നതിന്റെ അടയാളമായി നീതിനിര്‍വഹിക്കപ്പെടേണ്ടവര്‍ തന്നെ പ്രസ്താവിക്കുന്നത് അപലപനീയമാണെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. 

അടുത്തിടെയാണ് ബലാത്സംഗം ചെയ്തയാള്‍ക്കെതിരേ പരാതിയുമായെത്തിയ യുവതിയോട് കര്‍ണാടക ഹൈക്കോടതി ചോദിച്ച ചോദ്യങ്ങൾ വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്. രാത്രി പതിനൊന്നുമണിക്ക് ഓഫീസില്‍ എത്തിയത് എന്തിനാണെന്നും ആരോപണവിധേയനാ ആൾക്കൊപ്പം മദ്യപിച്ചത് എന്തിനാണെന്നുമൊക്കെയാണ് കോടതി ചോദിച്ചത്.

Related Articles

Latest Articles