Saturday, December 13, 2025

അന്വേഷണം ഊര്‍ജിതം; ശിവശങ്കറിന്റെ ഫ്ലാറ്റിലെ സന്ദര്‍ശക രജിസ്റ്റര്‍ കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി കസ്റ്റംസും എന്‍ഐഎയും. മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ ഫ്ലാറ്റിലെത്തി സന്ദര്‍ശക രജിസ്റ്റര്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ശിവശങ്കറും സ്വര്‍ണക്കടത്തു കേസില്‍ ഒളിവില്‍ കഴിയുന്ന സ്വപ്‌ന സുരേഷും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് ശിവശങ്കറിന്റെ ഫ്ലാറ്റിലെത്തി കസ്റ്റംസ് വിവരങ്ങള്‍ ശേഖരിച്ചത്.

ഫ്ലാറ്റിലെ മേല്‍നോട്ടക്കാരന്റെ മൊഴിയും സെക്യൂരിറ്റിയുടെ മൊഴിയും കസ്റ്റംസ് രേഖപ്പെടുത്തി. ഇത് രണ്ടാം തവണയാണ് കസ്റ്റംസ് ശിവശങ്കറിന്റെ ഫ്ലാറ്റിലെത്തി വിവരങ്ങള്‍ ശേഖരിക്കുന്നത്. ഇന്നലെ വൈകിട്ടോടെ തിരുവനന്തപുരം സെക്രട്ടറിയേറ്റിന് അടുത്തുള്ള ശിവശങ്കറിന്റെ ഫ്ലാറ്റില്‍ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള രണ്ട് പ്രതികളും ഈ ഫ്ലാറ്റിലെത്തി ചര്‍ച്ച നടത്തിയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് പരിശോധന നടത്തിയത്. അതേസമയം വിവാദങ്ങളില്‍ അന്വേഷണം നടക്കട്ടെയെന്നും കൂടുതല്‍ ഒന്നും പറയാനില്ലെന്നുമായിരുന്നു ശിവശങ്കറിന്റെ പ്രതികരണം.

Related Articles

Latest Articles