Tuesday, December 23, 2025

അയോധ്യയിലേക്ക് 800 കിലോമീറ്റർ കാൽനടയാത്രയുമായി മുസ്ലീം യുവാവ്

ലക്നൗ: അയോധ്യയിൽ ആഗസ്റ്റ് 5 ന് നടക്കാൻപോകുന്ന രാമക്ഷേത്രത്തിന്റെ ഭൂമിപൂജയിൽ പങ്കെടുക്കാനായി, ഭഗവാൻ ശ്രീരാമന്റെ ഭക്തനെന്ന് അവകാശപ്പെട്ട മുസ്ലിം യുവാവ് 800 കി.മീ. കാൽനടയാത്ര ആരംഭിച്ചു. ഛത്തീസ്ഗഡിലെ ചാന്ദ്ഖുറി ഗ്രാമത്തിൽ നിന്നാണ് അയോധ്യയിലേക്ക് യുവാവ് യാത്ര തിരിച്ചത്.

ശ്രീരാമന്റെ മാതാവ് കൗസല്യയുടെ ജന്മസ്ഥലമായി അറിയപ്പെടുന്ന സ്ഥലത്ത് നിന്ന് ആരംഭിച്ച മുഹമ്മദ് ഫയസ് ഖാന്റെ യാത്ര ഇപ്പോൾ മധ്യപ്രദേശത്തിലെത്തിയതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

”പേരുകൊണ്ടും മതംകൊണ്ടും ഞാൻ മുസ്ലിമാണ്. അതേസമയം ഞാൻ ശ്രീരാമഭക്തനാണ്. നമ്മുടെ പൂർവികരെ കണ്ടെത്തിയാൽ, അവർ ഹിന്ദുക്കളായിരിക്കും. രാംലാൽ എന്നോ ശ്യാംലാൽ എന്നോ ആകും അവരുടെ പേര്. മുസ്ലിംപള്ളിയിലോ ക്രിസ്ത്യൻ പള്ളിയിലോ പോയാലും നമ്മളെല്ലാം ഹിന്ദു പാരമ്പര്യമുള്ളവരാണ്. ”- ഖാനെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

പാകിസ്ഥാൻ ദേശിയ കവി അല്ലാമ ഇഖ്ബാലിന്റെ വരികളും ഭൂമിപൂജയിൽ പങ്കെടുക്കാൻ യുവാവിന് പ്രചോദനമേകിയത്രേ. ശരിയായ കാഴ്ചപാടുള്ള ഒരാൾക്ക് രാമനെ അനുഭവിച്ചറിയാനാകും എന്നാണ് കവി പറഞ്ഞതെന്നും ഖാൻ ചൂണ്ടിക്കാട്ടുന്നു. ”പാകിസ്ഥാനിലെ ചിലർ ഹിന്ദുവിന്റെയും മുസ്ലിമിന്റെയും പേരിൽ വ്യാജ ഐഡികളുണ്ടാക്കി പരസ്പരം അപമാനിക്കുകയാണ്. ഇന്ത്യയിൽ എല്ലാ മതവിഭാഗങ്ങളും പരസ്പരം പോരടിക്കുന്നുവെന്ന് കാണിക്കുന്നതിനാണ് ഇത്” – ഫയസ് ഖാൻ പറയുന്നു.

താൻ ഇതിനു മുൻപും വിവിധ ക്ഷേത്രങ്ങളിലേക്ക് 15,000 കിലോമീറ്റർ നടന്നതായും അവിടെ താമസിച്ചതായും യുവാവ് അവകാശപ്പെട്ടു.അതേസമയം, രാമ ക്ഷേത്ര നിർമാണ വേളയിൽ ഇന്ത്യയിൽ വർഗീയ സംഘർഷം സൃഷ്ടിക്കാൻ പാകിസ്ഥാൻ ശ്രമിക്കുകയാണെന്നും യുവാവ് വ്യക്തമാക്കി.

Related Articles

Latest Articles