Categories: IndiaObituary

അര നൂറ്റാണ്ട് കാലം ഇന്ത്യയുടെ അധികാര രാഷ്ട്രീയത്തിലെ സജീവ സാന്നിധ്യം. മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി ഇനി ഓർമ്മ

ദില്ലി: മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി നിര്യാതനായി. 84 വയസായിരുന്നു. ദില്ലിയിലെ ആർമി റിസർച് ആന്റ് റെഫറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന് കോവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു. തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായ ശേഷം വെന്റിലേറ്ററിലായിരുന്നു. കഴിഞ്ഞ കുറച്ചുദിവസമായി ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹത്തിന്‍റെ മരണം ഇന്ന് സ്ഥിരീകരിക്കുകയായിരുന്നു.

അദ്ദേഹത്തിന്‍റെ മകൻ അഭിജിത് മുഖർജിയാണ് അദ്ദേഹത്തിന്‍റെ മരണം ട്വിറ്ററിലൂടെ സ്ഥിരീകരിച്ചത്. രാഷ്ട്രപതി രാംനാഥ് കോവിന്ദും, പ്രധാനമന്ത്രി നരേന്ദ്ര മോദിയും, കേന്ദ്ര മന്ത്രി രാജ്നാഥ് സിംഗും അടക്കമുള്ളവർ പ്രണബ് മുഖർജിക്ക് ആദരമർപ്പിച്ചു.

ഭാര്യ സുവ്ര മുഖർജി (2015 സെപ്തംബർ 17 ന് അന്തരിച്ചു). അഭിജിത് മുഖർജി, ശർമ്മിഷ്ഠ മുഖർജി, ഇന്ദ്രജിത് മുഖർജി എന്നിവർ മക്കളാണ്.

അരനൂറ്റാണ്ടു കാലത്തെ ഇന്ത്യയുടെ അധികാര രാഷ്ട്രീയ ചരിത്രം എഴുതുമ്പോൾ മായ്ച്ചുകളയാനാകാത്ത സംഭാവനകൾ നല്കിയാണ് പ്രണബ് ദാ എന്ന പ്രണബ് മുഖർജി അരങ്ങൊഴിയുന്നത്. പ്രധാനമന്ത്രി പദം രണ്ടു തവണ നഷ്ടമായപ്പോഴും മര്യാദകൾ ലംഘിക്കാതെ ജനസേവനം തുടർന്നാണ് പ്രണബ് ഒടുവിൽ രാഷ്ട്രത്തിൻറെ ആദ്യ പൗരനായി ഉയർന്നത്. ഭരണചാതുര്യവും പ്രായോഗിക രാഷ്ട്രീയവും സമന്വയിക്കുന്ന പ്രണബ് മുഖർജിയുടെ മാർഗ്ഗനിർദ്ദേശങ്ങളാണ് ഇന്ത്യയ്ക്ക് ഇന്നുമുതൽ നഷ്ടമാകുന്നത്.

ഇന്ത്യ പ്രക്ഷുബ്ധമായ എഴുപതുകളിലും ഇന്ദിരാവധവും സിഖ് തീവ്രവാദവും കണ്ട എൺപതുകളിലും സംഘപരിവാറിന്റെ വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ച തൊണ്ണൂറുകളിലും കോൺഗ്രസിന്റെ തിരിച്ചുവരവ് സാധ്യമായ രണ്ടായിരത്തിന്റെ ആദ്യ ദശകത്തിലും, പിന്നെ നരേന്ദ്രമോദിയുടെ ഉയർച്ചയുടെ കാഴ്ചകളിലും, പ്രണബ് മുഖർജി ഒതുങ്ങിയും നിറഞ്ഞുമൊക്കെ മൈതാനത്തു തന്നെയുണ്ടായിരുന്നു. പലപ്പോഴും ട്രബിൾ ഷൂട്ടറായി നിന്ന് രാജ്യത്തെ നയിച്ചതിനാണ് ആ ഭാരതരത്നം. ചെന്നൈയിൽ കരുണാനിധിയോ ബിഹാറിൽ ലാലുപ്രസാദോ പിണങ്ങുമ്പോൾ പ്രണബ് മുഖർജി പറന്നെത്തുമായിരുന്നു. രാജ്യസഭയിലെ കാൽനൂറ്റാണ്ടിനു ശേഷമാണ് തെരഞ്ഞെടുപ്പ് പോരാട്ടത്തിലൂടെ 2004ൽ ലോക്സഭയിലെത്തിയത്. പ്രണബ് ഭരിക്കാത്ത മന്ത്രാലയങ്ങൾ കുറവ്. വിദേശകാര്യം, പ്രതിരോധം, ധനകാര്യം. പ്രധാനവകുപ്പുകളിൽ കൈയ്യടക്കത്തോടെ തിളങ്ങിയ മുഖർജിയിൽ നിന്ന് 1984ലും 2004 ലും പ്രധാനമന്ത്രി പദം വഴുതി മാറി. ക്ഷമയോടെ പൊതുരംഗത്ത് യാത്ര തുടർന്ന പ്രണബ് മുഖർജിയെ തേടി ഒടുവിൽ ഒന്നാമനാകാനുള്ള ആ വലിയ അവസരം എത്തി.

പ്രതിഭ പാട്ടീൽ സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് 2012 ജൂലൈ 25 നാണ് അദ്ദേഹം രാഷ്ട്രപതി സ്ഥാനത്തെത്തിയത്. വിവാദങ്ങൾ ഒഴിവാക്കി രാജ്യത്തുടനീളം യാത്ര ചെയ്ത് ജനങ്ങളുമായി ബന്ധം സ്ഥാപിച്ച്  പ്രണബ് മുഖർജി അഞ്ചു വർഷം പരമോന്നത പദത്തിൽ ഇരുന്നു. രാജ്യം അസഹിഷ്ണുതയിലേക്ക് പോകുമ്പോൾ തുല്യതയെക്കുറിച്ച് ഓർമ്മിപ്പിച്ചു. ദയാഹർജികളിൽ തീരുമാനം എടുക്കാൻ മടിച്ചില്ല. ബിജെപി അധികാരത്തിലെത്തിയപ്പോൾ തർക്കങ്ങൾക്ക് പോയില്ല. ഓർഡിനൻസുകൾ പരിധിവിട്ടപ്പോൾ മുന്നറിയിപ്പ് നല്കി. വിരുദ്ധനിലപാടുള്ളവരോട് ഒരിക്കലും മുഖം തിരിഞ്ഞു നിന്നില്ല. ബംഗാളിലെ സിപിഎം നേതാക്കളായ ജ്യോതിബസുവുമായും പിന്നീട് ബുദ്ധദേബ് ഭട്ടാചാര്യയുമായും നല്ല ബന്ധം കാത്തു. ആർഎസ്എസ് ആസ്ഥാനത്ത് പോകാൻ മടിച്ചില്ല, അപ്പോഴും പറയാനുള്ളത് പറഞ്ഞു.

ചട്ടക്കൂടും മര്യാദയും ഭരണഘടനാ തത്വങ്ങളും തീർത്ത ലക്ഷ്മണരേഖയ്ക്കുള്ളിലായിരുന്നു എന്നും പ്രണബ് മുഖർജിയുടെ പൊതുജീവിതം. ആ അച്ചടക്കമായിരുന്നു പശ്ചിമ ബംഗാളിലെ മിറാടി എന്ന ചെറിയ ഗ്രാമിത്തിൽ നിന്ന് റയ്സീന കുന്ന് വരെയുള്ള അത്യുജ്ജ്വല യാത്രയ്ക്ക് പ്രണബ് മുഖ്ർജിയുടെ പ്രധാന ആയുധം. സ്വാതന്ത്ര്യ സമര സേനാനിയും കോൺഗ്രസ് നേതാവുമായിരുന്ന കമദ കിങ്കർ മുഖർജിയുടെയും രാജലക്ഷ്മിയുടെയും മകനായി ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്ന ബംഗാളിലെ മിറാതിയിൽ 1935  ഡിസംബർ 11 നായിരുന്നു ജനനം. പതിനൊന്ന് കിലോമീറ്റർ നടന്നും പുഴ നീന്തികടന്നും സ്കൂളിലേക്ക് പോയിരുന്ന ബാല്യം, കൊൽക്കത്ത സർവകലാശാലയിൽ നിന്ന് ഉന്നത ബിരുദങ്ങളുമായി പുറത്ത് എത്തിയ പ്രണബ് മുഖർജി യുഡി ക്ളർക്ക്, പത്രപ്രവർത്തകൻ, അദ്ധ്യാപകൻ തുടങ്ങിയ റോളുകൾ പരീക്ഷിച്ചാണ് ഒടുവിൽ ജനസഞ്ചയത്തിലേക്കിറങ്ങിയത്.

വികെ കൃഷ്ണമേനോൻറെ ഇലക്ഷൻ ഏജന്റായി തുടക്കം. ഇന്ദിരാ ഗാന്ധിയുടെ വിശ്വസ്തനായി 1969 ൽ ആദ്യം രാജ്യസഭയിലേക്കും പിന്നീട് കേന്ദ്ര മന്ത്രിസഭയിലേക്കും എത്തി. 1969 മുതൽ അഞ്ച് തവണ രാജ്യസഭയിലും 2004 മുതൽ രണ്ട് തവണ ലോക്സഭയിലും അംഗമായി. 23 വർഷം കോൺഗ്രസിന്റെ പ്രവർത്തക സമിതിയിൽ അംഗമായിരുന്നു. 1973-74 കാലത്ത് വ്യവസായ-ധനകാര്യ വകുപ്പ് സഹമന്ത്രിയായാണ് കേന്ദ്രമന്ത്രിസഭയിലേക്കെത്തിയത്. 1982 ൽ ഇന്ദിരാഗാന്ധി മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായി. 1980 മുതൽ 1985 വരെ കോൺഗ്രസിന്റെ രാജ്യസഭാ കക്ഷി നേതാവുമായിരുന്നു. പ്ലാനിങ് കമ്മിഷൻ ഉപാധ്യക്ഷൻ (1991-1996), കേന്ദ്ര വാണിജ്യ വകുപ്പ് മന്ത്രി (1993-1995), കേന്ദ്ര വിദേശകാര്യ മന്ത്രി (1995-1996, 2006-2009), കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി (2004-2006), കേന്ദ്ര ധനകാര്യ മന്ത്രി (2009-2012) സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 2004 മുതൽ 2012 വരെ കോൺഗ്രസിന്റെ ലോക്സഭാ കക്ഷി നേതാവായിരുന്നു.

രാജീവ് ഗാന്ധിയുമായി അകന്നുവെങ്കിലും സോണിയ ഗാന്ധിയെ അദ്ധ്യക്ഷയാക്കാൻ പ്രണബ് മുന്നിലുണ്ടായിരുന്നു. വിവേകാനന്ദന്റെയും രബീന്ദ്രനാഥ് ടാഗോറിന്റെയും ആശയങ്ങൾ ഒരു പോലെ സ്വാധീനിച്ച ആ ബംഗാളിയുടെ അസാന്നിധ്യം പ്രധാന ഘട്ടങ്ങളിൽ രാജ്യത്ത് പ്രകടമാകും. തലയെടുപ്പിൽ, ജനാധിപത്യ ബോധ്യത്തിൽ, നട്ടെല്ല് വളക്കാത്ത പ്രകൃതത്തിൽ, ചരിത്രത്തിൽ ആഴത്തിലുള്ള താൽപര്യത്തിൽ, ഭക്തിയും വിശ്വാസവും പിന്നോട്ടുവലിക്കാത്ത മതേതര മൂല്യങ്ങളിൽ, റൂൾബുക്ക് അല്ലെങ്കിൽ ചട്ടസംഹിതയോട് കാട്ടിയ പ്രതിബദ്ധതയിൽ, ഭരണഘടനയോട് കാട്ടിയ അചഞ്ചല വിശ്വാസത്തിൽ എല്ലാത്തിലും ഒന്നാമനായി തിളങ്ങിയ അഞ്ചടി മൂന്നിഞ്ചുകാരനാണ് ഒടുവിൽ മഹാമാരിക്ക് കീഴടങ്ങിയത്.

B4 Admin

Recent Posts

കാടിന്റെ താളത്തിൽ പ്രണയകഥ: ഗോത്രജീവിതത്തിന്റെ നേർക്കാഴ്ചയുമായി ‘ചിരം’

സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…

8 hours ago

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: ഭരണഘടനാ സംരക്ഷണമോ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ അതിജീവന തന്ത്രമോ?

ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…

13 hours ago

ശബരിമല ദര്‍ശനത്തിന് നിരക്ക് കൂട്ടാന്‍ ദേവസ്വം ബോര്‍ഡ് നീക്കം. അയ്യപ്പഭക്തര്‍ക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്ന നടപടി ചെറുക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി

തിരുവനന്തപുരം : ശബരിമല ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് നിരക്ക് വര്‍ധിപ്പിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…

1 day ago

പിണറായിയെ രക്ഷിക്കാന്‍ സതീശനും ചെന്നിത്തലയും കുപ്പായമിടുന്നത് രാഹുലിന്റെ നിര്‍ദേശപ്രകാരമോ?. മാസപ്പടി കേസില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് ഒത്തുകളി ആരോപിച്ചു കെ. സുരേന്ദ്രന്‍

തിരുവനന്തപുരം : മാസപ്പടി കേസില്‍ പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത് എല്‍.ഡി.എഫ് -…

1 day ago

ഉംറ തീര്‍ത്ഥാടകരുടെ സഹായത്തിനായി മക്കയില്‍ പുതിയ കണ്‍ട്രോള്‍ റൂം തുറന്ന് ഭാരതം. ഹെല്‍പ്ലൈന്‍ നമ്പറുകള്‍ പുറത്തുവിട്ടു

ദുബൈ: ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ട സാഹചര്യത്തില്‍, ഉംറ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പൗരന്മാരുടെ സഹായത്തിനായി…

1 day ago

രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. ഡ്രൈവറും പടിയിറങ്ങി

തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. പേഴ്‌സണല്‍ അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര്‍ കുഞ്ഞുമുഹമ്മദും രാജിക്കത്ത്…

1 day ago