തിരുവനന്തപുരം: യു.എ.ഇ. കോണ്‍സുലേറ്റ് അറ്റാഷെയുടെ ഗണ്‍മാനെ കാണാനില്ലെന്ന് പരാതി. എആര്‍ ക്യാമ്പിലെ പോലീസുകാരനായ ജയ്ഘോഷിനെയാണ് കാണാതായത്. കരിമണല്‍ സ്വദേശിയായ ജയ്ഘോഷിനെ വ്യാഴാഴ്ച മുതല്‍ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ തുമ്പ പോലീസില്‍ പരാതി നല്‍കി.
വട്ടിയൂര്‍ക്കാവില്‍ ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പം താമസിക്കുന്ന ജയ്ഘോഷ് കുടുംബത്തെ വ്യാഴാഴ്ച വൈകീട്ടാണ് കരിമണലിലെ കുടുംബ വീട്ടിലേക്ക് മാറ്റിയത്. കൂടാതെ അനുവദിച്ചിരുന്ന പിസ്റ്റള്‍ ഇയാള്‍ വട്ടിയൂര്‍ക്കാവ് പോലീസില്‍ തിരികെ ഏല്‍പ്പിച്ചിരുന്നു. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
സ്വര്‍ണം പിടിച്ചെടുത്ത ദിവസമടക്കം സ്വപ്‌ന ജയ്‌ഘോഷിനെ വിളിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. ജയ്ഘോഷിനെ ദേശീയ അന്വേഷണ ഏജന്‍സി കസ്റ്റഡിയില്‍ എടുത്തതാണെന്ന് ബന്ധുക്കള്‍ക്ക് സംശയമുണ്ട്.
ബന്ധുക്കളുടെ പരാതിയില്‍ തുമ്പ പോലീസ് കേസ് എടുത്തു. പ്രാഥമിക അന്വേഷണം നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല. പേലീസ് കേന്ദ്ര ഏജന്‍സികളുമായി ആശയവിനിമയം നടത്തിവരികയാണ്.

