കോട്ടയം: ലോക്ക്ഡൗണ്‍ നിയന്ത്രണത്തില്‍ ഇളവുവരുത്തുന്നതിന്റെ ഭാഗമായി ചൊവ്വാഴ്ച മുതല്‍ തിരുവനന്തപുരം അടക്കം ഏഴുജില്ലകളില്‍ കെ.എസ്.ആര്.ടി.സി സര്‍വിസ് നടത്താന്‍ തയാറായെങ്കിലും ആരോഗ്യ-ഗതാഗത വകുപ്പുകളുടെ ഇടപെടലിനെ തുടര്‍ന്ന് തീരുമാനം പിന്‍വലിച്ചു.
സര്‍വിസ് ആരംഭിക്കുന്നതിനെച്ചൊല്ലി കെ.എസ്.ആര്.ടി.സിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഭിന്നത രൂപപ്പെട്ടതും യൂണിയനുകളുടെ എതിര്‍പ്പും തീരുമാനം പിന്‍വലിക്കാന്‍ കാരണമായെന്നാണ് വിവരം.
തിരുവനന്തപുരം-ആലപ്പുഴ-തൃശൂർ -പാലക്കാട്-കോട്ടയം-ഇടുക്കി ജില്ലകളില്‍ സര്‍വിസ് ആരംഭിച്ചാല്‍ അതിര്‍ത്തി കടന്നുവരുന്നവരെ നിയന്ത്രിക്കാനാകില്ല. അതിര്‍ത്തിയില്‍ കര്‍ശന പരിശോധന നടക്കുന്നുണ്ടെങ്കിലും കാട്ടുപാതകളും ഊടുവഴികളും ഉപയോഗിച്ച് നിരവധി പേര് കുമളി-ആര്യങ്കാവ്-വാളയാര്‍ അടക്കം മറ്റ് സംസ്ഥാന അതിര്‍ത്തികളിലൂടെ എത്തുന്നതിനാല്‍ സര്‍വിസ് വേണ്ടെന്ന് ആരോഗ്യവകുപ്പും റിപ്പോര്‍ട്ട് നല്കി.

