Monday, December 15, 2025

ആശങ്ക വേണ്ട;ഗർഭിണികൾ വീടുകളിൽ നിരീക്ഷണത്തിൽ

തിരുവനന്തപുരം : സംസ്ഥാനത്തേക്ക് മടങ്ങിയെത്തുന്ന പ്രവാസികളിൽ ഗര്‍ഭിണികളെ ക്വാറന്റൈനില്‍ നിന്ന് ഒഴിവാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇവര്‍ക്ക് വീടുകളിൽ തന്നെ നിരീക്ഷണത്തില്‍ കഴിയാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വിദേശരാജ്യങ്ങളില്‍ നിന്നും മറ്റുസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് മടങ്ങിവരുന്ന ഗര്‍ഭിണികളെയാണ് ക്വാറന്റൈനില്‍ നിന്ന് ഒഴിവാക്കുന്നത്. ഗര്‍ഭിണികള്‍ വീടുകളിലേക്ക് മടങ്ങി അവിടെ നിരീക്ഷണത്തില്‍ കഴിയണം. ചെറിയ കുട്ടികളേയും വീടുകളിലെ ക്വാറന്റൈനില്‍ തന്നെയായിരിക്കും പാര്‍പ്പിക്കുക.

ലോക്ക്ഡൗണ്‍ കാരണം വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളാണ് നാളെമുതല്‍ കേരളത്തിലെത്തുക.ഏവിയേഷന്‍ മന്ത്രാലയം ഏര്‍പ്പെടുത്തിയ വിമാനങ്ങളിലും പ്രതിരോധ വകുപ്പ് ഏര്‍പ്പെടുത്തിയ കപ്പലുകളിലാണ് ഇവര്‍ വരുന്നത്.

അതേസമയം,രോഗികളായവരുടെ കാര്യത്തില്‍ കൃത്യമായ രോഗനിര്‍ണയം നടത്തിയ ശേഷം അതിന്റെ ഭാഗമായ തീരുമാനങ്ങളായിരിക്കും എടുക്കുക. ആരോഗ്യവിദഗ്ധരുമായി കൂടിയാലോചിച്ച്‌ മാത്രമേ ക്വാറന്റൈന്‍ സംബന്ധിച്ച കാര്യങ്ങളില്‍ അന്തിമതീരുമാനം എടുക്കുകയുള്ളൂ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു

നാളെ രണ്ട് വിമാനങ്ങള്‍ വരുമെന്നാണ് ഔദ്യോഗിക വിവരം. അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്കും സൗദിയില്‍ നിന്ന് കോഴിക്കോട്ടേക്കും. നാട്ടിലേക്ക് വരുന്നവര്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കണമെന്ന് ആരോഗ്യകാരണം മുന്‍നിര്‍ത്തി സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

Related Articles

Latest Articles