Monday, December 22, 2025

ഇക്കുറി ആറന്മുള വള്ളസദ്യയുമില്ല ക്ഷേത്രപ്രവേശന വിലക്കും തുടരും

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാവുന്ന പശ്ചാത്തലത്തിൽ, ഇത്തവണ ആറന്‍മുള വള്ളസദ്യനടത്തുന്നത് ഉപേക്ഷിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. വള്ളസദ്യ നടത്തുന്നത് പ്രായോഗികമല്ലെന്നാണ് ബോർഡിൻറെ വിലയിരുത്തൽ . ഇതേ തുടർന്ന്, വള്ളസദ്യ ഉപേക്ഷിച്ചതായുള്ള ബോര്‍ഡിന്‍റെ തീരുമാനം ആറന്‍മുള പള്ളിയോട സേവാസംഘത്തെ അറിയിക്കാനും ബോര്‍ഡ് തീരുമാനിച്ചുവെന്നും പ്രസിഡന്‍റ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

ഇതിനുപുറമേ, തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്‍റെ ഉടമസ്ഥതയിലുള്ള ക്ഷേത്രങ്ങളില്‍ ഇപ്പോൾ ഭക്തജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുന്നില്ലെന്നും പ്രസിഡന്റ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

ഇത് ഭക്തര്‍ക്കിടയില്‍ വലിയതോതില്‍ മാനസികപ്രയാസം ഉണ്ടാക്കുന്നു എന്ന വസ്തുത മനസിലാക്കുന്നതായും ഈ സാഹചര്യത്തില്‍ ക്ഷേത്രങ്ങളില്‍ നടതുറന്നിരിക്കുന്ന സമയത്ത് ഭക്തര്‍ക്ക്
നാലമ്പലത്തിന് പുറത്ത് നിന്ന് ദര്‍ശനം നടത്താവുന്നതാണെന്നും ബോര്‍ഡ് യോഗം തീരുമാനിച്ചതായി ദേവസ്വംബോര്‍ഡ് പ്രസിഡന്‍റ് അഡ്വ.എന്‍.വാസു വാര്‍ത്താകുറിപ്പില്‍ കൂട്ടിച്ചേർത്തു.

അതേസമയം , ഭക്തര്‍ 5 പേരില്‍ കൂടരുതെന്നും കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചുമാണ് ദര്‍ശനം നടത്താനായി ക്ഷേത്രങ്ങളില്‍ എത്തിച്ചേരേണ്ടതെന്നും ബോര്‍ഡ് യോഗത്തില്‍ തീരുമാനമായി.

ഇതിനൊടൊപ്പം ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് വ‍ഴിപാട് നടത്തുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്താന്‍ ബോര്‍ഡ് ഉത്തരവിട്ടു.വ‍ഴിപാട് പ്രസാദം ക്ഷേത്രത്തിന് പുറത്ത് ഒരു പ്രത്യേക കൗണ്ടര്‍ വ‍ഴി ആയിരിക്കും ഭക്തര്‍ക്ക് ലഭ്യമാക്കുക. കണ്ടെയ്ണ്‍മെന്‍റ് സോണ്‍,റെഡ് സോണ്‍,ട്രിപ്പിള്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ബോര്‍ഡ് ഉത്തരവ് ബാധകമായിരിക്കില്ലെന്നും പ്രസിഡന്‍റ് അഡ്വ.എന്‍.വാസു പറഞ്ഞു.

Related Articles

Latest Articles