Sunday, December 21, 2025

ഇതെന്തു പരിപാടിയാ, ഐസക്കേ… എന്ന് ശോഭാ സുരേന്ദ്രൻ

കോഴിക്കോട്: പ്രധാനമന്ത്രി സംസ്ഥാനത്തിന് പണം അനുവദിക്കണമെന്ന സംസ്ഥാന ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ പ്രസ്താവനക്കെതിരെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്.

പ്രധാനമന്ത്രി നന്‍മ ഉപദേശിച്ചാല്‍ മാത്രം പേരാ, പണവും തരണം എന്ന തോമസ് ഐസക്കിന്റെ പ്രതികരണം തീരെ തരംതാണതായിപ്പോയെന്ന് ശോഭാ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയുടെ സന്ദേശത്തിലെ നന്‍മയും രാജ്യം പാലിക്കേണ്ട അധിക ജാഗ്രതയെക്കുറിച്ചുള്ള ഉപദേശവും കേള്‍ക്കാനുള്ള സഹിഷ്ണുത ധനമന്ത്രിക്കില്ലെന്നും തന്നോളൂ, തന്നോളൂ എന്ന ആവലാതി മാത്രമാണുള്ളതെന്നും ശോഭ സുരേന്ദ്രന്‍ ഫേസ്ബുക്ക് കുറിപ്പില്‍ ആരോപിച്ചു.

കോവിഡ് കാലത്ത് സ്വകാര്യ ഹെലികോപ്റ്റര്‍ വാടക ഇനത്തില്‍ ഒന്നരക്കോടി രൂപയുടെ ബില്ല് പാസാക്കിക്കൊടുത്തതും രണ്ടു ദിവസം മുമ്പ് ചീഫ് സെക്രട്ടറിയുടെ ഓഫീസിന്റെ സ്വീകരണമുറി മോടിപിടിപ്പിക്കാന്‍ മൂന്നു ലക്ഷത്തോളം രൂപ അനുവദിച്ചതും തോമസ് ഐസക്കിന്റെ അനുമതിയോടെ അല്ലേയെന്നും അവര്‍ ചോദിച്ചു.

മുണ്ടു മുറുക്കി ഉടുത്ത് സഹിച്ചു ജീവിക്കാനും നുള്ളിപ്പെറുക്കി സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് ഫണ്ടിലേക്കു തരാനും പയുന്നവര്‍ തന്നെയാണ് ഈ ധൂര്‍ത്തും പാഴ്‌ചെലവും നടത്തുന്നത്. കേന്ദ്രം തന്ന പ്രളയദുരിതാശ്വാസത്തേക്കുറിച്ചു വരെ നുണ പറഞ്ഞ ധനവകുപ്പും മന്ത്രിയുമാണ് കേരളത്തിന്‍േറത്.

ആദ്യം കേന്ദ്രം തന്ന തുകകള്‍ വിനിയോഗിച്ചതുമായി ബന്ധപ്പെട്ട വിനിയോഗ സര്‍ട്ടിഫിക്കറ്റു സമര്‍പ്പിച്ചിട്ടുമതി ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദേശത്തെ വിമര്‍ശിക്കാന്‍ പുറപ്പെടുന്നത്. ഇങ്ങനെ തരം താഴാന്‍ ധനമന്ത്രിക്ക് ലജ്ജയില്ലേയെന്നും ശോഭ സുരേന്ദ്രന്‍ ചോദിച്ചു.

Previous article
Next article

Related Articles

Latest Articles