Sunday, December 21, 2025

ഓക്സ്ഫോര്‍ഡ് സർവകലാശാലയുടെ കൊവിഡ് വാക്സിൻ വിജയത്തിലേക്ക്.. ഇന്ത്യയിലേക്കും ലഭ്യമാക്കാൻ ഒരുങ്ങി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ

ദില്ലി: ഓക്സ്ഫോര്‍ഡ് സർവകലാശാലയുടെ കൊവിഡ് വാക്സിൻ ഇന്ത്യയിലും പരീക്ഷിക്കാൻ ശ്രമം. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ആണ് പരീക്ഷണ അനുമതി തേടിയിരിക്കുന്നത്. വാക്സിൻ വിജയമായാൽ അതിവേഗം ഇന്ത്യയിലും മിതമായ വിലയിൽ ലഭ്യമാക്കാനാകുമെന്നാണ് പ്രതീക്ഷ.

ഇനിയുള്ള പരീക്ഷണഘട്ടങ്ങൾ പ്രതീക്ഷിച്ചത് പോലെ നീങ്ങിയാൽ ഈ വർഷം അവസാനത്തോടെ വാക്സിൻ ലോകമെങ്ങുമുള്ള വിപണിയിൽ എത്തിക്കാൻ കഴിയുമെന്നാണ് വാക്സിൻ നിർമാതാക്കളായ അസ്ത്ര സേനകയുടെ പ്രതീക്ഷ.

പുണെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ആണ് വാക്സിൻ ഗവേഷണ സഹകരണത്തിനായി ഓക്സ്ഫോര്‍ഡ് സർവകലാശാലയുമായി കരാർ ഉണ്ടാക്കിയിരിക്കുന്നത്. ഇന്ത്യയിൽ കൂടി വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം നടത്താനാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഒരുങ്ങുന്നത്. ഇതിനായി ഓക്സ്ഫോര്‍ഡ് സർവകലാശാലയുടെ അനുമതി തേടിക്കഴിഞ്ഞതായി സെറം ഇൻസ്റ്റിറ്റ്യൂട്ട് സി ഇ ഓ അറിയിച്ചു.

വാക്സിൻ വിജയമായാൽ ഇന്ത്യയിൽ വൻ തോതിൽ ഉൽപ്പാദിപ്പിക്കാൻ സജ്ജീകരണങ്ങൾ തയ്യാറായിട്ടുണ്ട്. വാക്സിൻ താങ്ങാനാവുന്ന വിലയ്ക്ക് ലഭ്യമാക്കുവാൻ കഴിയുമെന്നാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് പ്രതീക്ഷിക്കുന്നത്. ആയിരം രൂപയിൽ കവിയാത്ത വാക്സിൻ ലഭ്യമാക്കാനാകുമെന്നാണ് പ്രതീക്ഷ. സർക്കാർ സഹായത്തോടെ ഇത് ദരിദ്രർക്ക് സൗജന്യമായി നൽകാനും കഴിയും. എന്നാൽ ഈ പ്രതീക്ഷകൾ എല്ലാം അന്തിമ പരീക്ഷണ ഫലത്തെ ആശ്രയിച്ചിരിക്കുന്നു

Related Articles

Latest Articles