Monday, December 22, 2025

ഓട്ടോഡ്രൈവർ ഓടിനടന്നു.റൂട്ട് മാപ്പ് പുറത്ത്

തിരുവനന്തപുരം: കൊവിഡ് രോഗം സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തു വിട്ടു. തിരുവനന്തപുരം നഗരത്തിലെ തിരക്കേറിയ പല കേന്ദ്രങ്ങളിലും ഇയാളെത്തിയിട്ടുണ്ട് എന്നാണ് റൂട്ട് മാപ്പിൽ നിന്നും വ്യക്തമാകുന്നത്. ഓട്ടോറിക്ഷാ ഡ്രൈവറായ ഇയാൾ ജൂനിയർ ആർട്ടിസ്റ്റായും ജോലി ചെയ്യാറുണ്ട്. രോഗലക്ഷണം വന്ന ശേഷം പൂജപ്പുരയിലെ ഒരു വീട്ടിൽ വച്ചു നടന്ന സീരിയൽ ഷൂട്ടിംഗിനും പോയിട്ടുണ്ട്.

ആശുപത്രിയിൽ അഡ്മിറ്റാവുന്നത് വരെയുള്ള മിക്ക ദിവസങ്ങളിലും ഇയാൾ ഓട്ടോ ഓടിച്ചിട്ടുണ്ട്. 13-ന് ഐറാണിമുറ്റം സാമൂഹികാരോഗ്യകേന്ദ്രത്തിൽ ഇയാൾ എത്തി. പിന്നീട് ആറ്റുകാൽ ഇന്ത്യൻ ബാങ്ക്, കാലടി വിനായക സൂപ്പർ മർക്കറ്റ്, വഴുതക്കാട്, വെള്ളായണി, ആറ്റുകാൽ ദേവി പ്രൈവറ്റ് ഹോസ്പിറ്റൽ എന്നിവിടങ്ങളിലും പോയി.

30-ന് കരമന തള്ളിയിൽ വീട്ടിൽ നടന്ന ഷൂട്ടിംഗിന് പോയ ഇയാൾ ഓട്ടോ ട്രിപ്പുമായി തുടർന്നുള്ള ദിവസങ്ങളിൽ ആനയറ, വട്ടിയൂർക്കാവ്, തിരുമല, പൂജപ്പുര, കുളത്തറ,കരമന, പാൽകുളങ്ങറ, ചാക്ക,കൈതമുക്ക്, തൃക്കാണപുരം, പേരൂർക്കട,അമ്പലമുക്ക്, പാറ്റൂർ, വഞ്ചിയൂർ, സ്റ്റാച്യു, തമ്പാനൂർ, എന്നിവിടങ്ങിൽ പോയി. പൂജപ്പുരയിൽ പലവട്ടം ഇയാൾ പോയിട്ടുണ്ട്. കെഎൽ 01 BJ 4836 എന്നതാണ് ഇയാളുടെ ഓട്ടോയുടെ നമ്പർ.

അതേസമയം ജില്ലയിൽ കൊവിഡിൻ്റെ സാമൂഹികവ്യാപനം ഉണ്ടാകും എന്ന ആശങ്കയില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സെക്രട്ടേറിയറ്റിന് മുന്നിലെ സമരങ്ങൾ വിലക്കിയിട്ടില്ലെന്നും എന്നാൽ മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ സമരം അനുവദിക്കൂവെന്നും പൊലീസുമായി ഏറ്റുമുട്ടുന്ന സമരരീതി അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. കൊവിഡ് ജാഗ്രത കർശനമാക്കിയ സാഹചര്യത്തിൽ നാളെ കോർപറേഷന് യോഗം വിളിക്കും, എംഎൽഎമാരുടെ യോഗവും വിളിക്കും. ഓട്ടോ ഡ്രൈവർക്ക് രോഗം ബാധിച്ചത് എവിടെ നിന്നെന്ന് കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു

Related Articles

Latest Articles