തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചെയ്യേണ്ട സമയമായതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫിസ് അന്വേഷണ വിധേയമാക്കണമെന്നും ചെന്നിത്തല വാര്‍ത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഓഫിസിൽ നടക്കുന്ന ഒന്നും അറിയില്ലെന്ന് മുഖ്യമന്ത്രി പറയുന്നു. ഇത് ജനങ്ങളെ കബളിപ്പിക്കാലാണ്. കൂടെ ഇരുന്ന ആളിന്‍റെ സാമര്‍ത്ഥ്യം മനസിലാക്കാൻ പോലും കഴിയാത്ത മുഖ്യമന്ത്രിയാണ് കേരളത്തിലുള്ളത് . കോടിയേരി ബാലകൃഷ്ണൻ പോലും മുഖ്യമന്ത്രിയുടെ നടപടി അത്ഭുതമാണെന്നാണ് പറഞ്ഞത്. മികച്ച ഭരണാധികാരി ആണെന്ന തോന്നൽ ഉണ്ടാക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. പിണറായി വിജയൻ മികച്ച ഭരണാധികാരിയോ ഇടത് സര്‍ക്കാരിന്‍റേത് മികച്ച ഭരണമോ അല്ല.
സര്‍ക്കാറിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്താന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നുവെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. പ്രതിച്ഛായ ഉണ്ടായിട്ടുവേണ്ടേ നഷ്ടപ്പെടുത്താന്‍. ഈ സര്‍ക്കാറിന് ഒരിക്കലും അതുണ്ടായിട്ടില്ല. പി.ആർ ഏജൻസികൾ അന്തർദേശീയ മാധ്യമങ്ങളിൽ എഴുതിയാലൊന്നും പ്രതിച്ഛായ ഉണ്ടാവില്ല. ജനങ്ങൾക്കു വേണ്ടി ചെയ്യുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് സർക്കാറിന് പ്രതിച്ഛായ ഉണ്ടാവുക. അത്തരം ഒരു നടപടിയും കഴിഞ്ഞ നാല് വർഷമായി സംസ്ഥാന സർക്കാറിൻെറ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ലെന്നും ഇല്ലാത്ത പ്രതിച്ഛായ നഷ്ടപ്പെടുത്തുന്നുവെന്ന മുഖ്യമന്ത്രിയുടെ വാദം അംഗീകരിക്കാൻ കഴിയില്ലെന്നും ചെന്നിത്തല ആഞ്ഞടിച്ചു.
ഉപ്പ് തിന്നവരെല്ലാം വെള്ളം കുടിക്കുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാൽ ഉപ്പ് തിന്നവരാരും വെള്ളം കുടിക്കുന്നില്ല. അവരെല്ലാവരും രക്ഷപ്പെട്ടു നിൽക്കുകയാണ്. കള്ളക്കടത്ത് കേസുമായി ബന്ധം മുഖ്യമന്ത്രിയുടെ ഓഫിസിനാണ്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിക്ക് അതിൻെറ ധാർമിക ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയാനാവില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിൽ എം. ശിവശങ്കരൻ കുറ്റം െചയ്തതായി തെളിഞ്ഞിട്ടുണ്ട്. തങ്ങളെ സഹായിച്ചത് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും ഐ.ടി ഫെലോയുമാണെന്ന് കേസിലെ ഒന്നാം പ്രതിയും പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയുടെ ഓഫിസിനെ കുറിച്ച് അന്വേഷിക്കുകയും മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുകയും ചെയ്യേണ്ടത് അനിവാര്യമല്ലേയെന്നും അദ്ദേഹം ചോദിച്ചു.
തൻെറ ഓഫിസിൽ നടക്കുന്ന കാര്യങ്ങളൊന്നും അറിയുന്നില്ല എന്നാണ് മുഖ്യമന്ത്രി പറയുന്നത്. നാല് വർഷമായി തൻെറ പ്രിൻസിപ്പൽ സെക്രട്ടറിയായി പ്രവർത്തിക്കുന്നയാളുടേയും രണ്ട് വർഷമായി ഐ.ടി ഫെലോയായി പ്രവർത്തിക്കുന്നയാളുടെയും പ്രവർത്തനങ്ങളെ സംബന്ധിച്ച് ഒന്നും അറിയാൻകഴിയുന്നില്ലെന്ന് പറയുന്നത് ആരെ കബളിപ്പിക്കാനാണ്.? ഒന്നുകിൽ മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കുന്നു, അല്ലെങ്കിൽ തൻെറ ഓഫിസിൽ നടക്കുന്ന കാര്യങ്ങളൊന്നും മുഖ്യമന്ത്രി അറിയുന്നില്ലെന്നും ചെന്നിത്തല ആരോപിച്ചു.
കേരളത്തിൽ നടക്കുന്നത് കൺസൽട്ടൻസി രാജാണ്. ഇ മൊബിലിറ്റി പദ്ധതിയുടെ കൺസൾട്ടൻസി കരാര്‍ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിന് നൽകിയത് ടെണ്ടര്‍ പോലും ഇല്ലാതെയാണ്. ഇത് ആരുടെ താൽപര്യം അനുസരിച്ചായിരുന്നു എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സെബി കരിമ്പട്ടികയിൽ പെടുത്തിയിട്ടും അതേ കമ്പനിയെ കൺസൾട്ടൻസി കരാര്‍ നൽകിയത് എന്തിനെന്ന് മുഖ്യമന്ത്രി പറഞ്ഞേ മതിയാകു. ഒരു മാസത്തിനകം പ്രൊജക്ട് റിപ്പോര്‍ട്ട് നൽകാത്തതിനാലാണോ ഒഴിവാക്കിയത്. അവ്യക്തത നീക്കിയേ തീരു എന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

