Sunday, December 14, 2025

ഓൺലൈൻ ക്ലാസ്സുകൾ നാളെ മുതൽ; വിവിധ ആപ്ലിക്കേഷനുകൾ തയ്യാർ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലും കോളേജുകളിലും നാളെ മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങും. സ്‌കൂളുകളില്‍ വിക്ടേഴ്‌സ് ചാനല്‍ വഴിയും കോളേജുകളില്‍ വിവിധ ഓണ്‍ലൈന്‍ ആപ്പുകള്‍ ഉപയോഗിച്ചും ക്ലാസുകള്‍ നടത്തും.

ലോക്ക്ഡൗണിനിടയിലും എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ ആത്മവിശ്വാസവുമായാണ് വിദ്യാഭ്യാസ വകുപ്പ് ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങുന്നത്. സ്‌കൂളുകളില്‍ ഓരോ ക്ലാസിനും പ്രത്യക സമയക്രമം നിശ്ചയിച്ച് വിക്ടേഴ്‌സ് ചാനലിലൂടെ പഠനം നടക്കും. സമയക്രമം ഇന്ന് പുറത്തിറക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്‌കരിച്ചിരക്കുന്ന സ്‌കൂള്‍ ക്ലാസുകള്‍ യൂട്യൂപില്‍ നിന്ന് കാണോനോ ഡൗണ്‍ലോഡ് ചെയ്യാനോ സൗകര്യം ഏര്‍പ്പെടുത്തും.

വിദഗ്ധര്‍ നയിക്കുന്ന ക്ലാസുകളെക്കുറിച്ച് അധ്യാപകര്‍ കുട്ടികളുമായുള്ള വാട്‌സാപ്പ് ഗ്രൂപ്പില്‍ വിലയിരുത്തല്‍ നടത്തും. സ്‌കൂളുകള്‍ തുറക്കുന്നതുവരെ അധ്യാപകര്‍ സ്‌കൂളില്‍ എത്തേണ്ടെന്നാണ് നിര്‍ദ്ദേശം. ടിവിയോ മൊബൈലോ ഇല്ലാത്ത കുട്ടികള്‍ക്ക് പഠനം മുടങ്ങാതിരിക്കാനുള്ള നടപടികള്‍ പ്രധാനാധ്യപകന്‍ സ്വീകരിക്കണം.

കോളേജുകളില്‍ സൂം അടക്കം വിവിധ മീറ്റിംഗ് ആപ്ലിക്കേഷനുകള്‍ വഴിയായിരിക്കും ക്ലാസുകള്‍ നടക്കുക. അതാത് ജില്ലകളിലെ അധ്യാപകര്‍ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ കോളേജുകളിലെത്താനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ഈ മാസം അവസാനം വരെ തുടരാനാണ് സാധ്യത.

Related Articles

Latest Articles