കന്യാകുമാരി : കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രസിഡന്റായി എ. ബാലകൃഷ്ണൻ ചുമതലയേറ്റു. സ്വാമി വിവേകാനന്ദന്റെ ആദർശങ്ങൾക്കും പ്രത്യയശാസ്ത്രത്തിനും വേണ്ടി സമർപ്പിക്കപ്പെട്ട സേവന സംഘടനയുടെ ആറാമത്തെ പ്രസിഡന്റായിട്ടാണ് ഇദ്ദേഹം ചുമതലയേറ്റത്.
2020 ജൂലൈ 19 ന് നടന്ന മാനേജിംഗ് കമ്മിറ്റി യോഗത്തിൽ വിവേകാനന്ദ കേന്ദ്രത്തിന്റെ ആദ്യ ബാച്ചിലെ ജീവൻവ്രതി വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടുവെന്ന് കേന്ദ്ര ജനറൽ സെക്രട്ടറി ഭാനുദാസ് ധക്രസ് അറിയിച്ചു. ഫെബ്രുവരിയിൽ അന്തരിച്ച പദ്മവിഭൂഷൺ പി. പരമേശ്വരന്റെ പിൻഗാമിയായിട്ടാണ് ബാലകൃഷ്ണൻ ചുമതലയേൽക്കുന്നത്.
ഇന്ത്യൻ വ്യോമസേനയിൽ നിന്ന് വിരമിച്ച ശേഷം ബാലകൃഷ്ണൻ കേന്ദ്രത്തിന്റെ സ്ഥാപകനായ ഏക്നാഥ് റണാടെയെ ബന്ധപ്പെടുകയും , 1973 ലെ ആദ്യ ബാച്ചിൽ ജീവിത പ്രവർത്തകനായി പരിശീലനം നേടുകയും ചെയ്തു. പരിശീലനത്തിന് പിന്നാലെ, 1981 മുതൽ 2001 വരെ അദ്ദേഹത്തെ വടക്കുകിഴക്കൻ മേഖലയിൽ മേഖലാ സംഘാടകനായി നിയമിച്ചു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് അരുണാചൽ പ്രദേശിൽ ആദ്യമായി വിവേകാനന്ദ സ്കൂളുകൾ പ്രവർത്തനം ആരംഭിച്ചത്.

