കോട്ടയം: കോട്ടയത്ത് വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയിലായതായി സൂചന. കുമരകം സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം. കുടുംബവുമായി പരിചയത്തിലുള്ള വ്യക്തിയാണിയാള്‍.
കേസില്‍ ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയ എട്ടു പേരില്‍ ഒരാളെയാണ് കസ്റ്റഡിയില്‍വച്ചിരിക്കുന്നതെന്നാണ് വിവരം. ഏഴ് പേരെ ചോദ്യം ചെയ്തശേഷം വിട്ടയച്ചിരുന്നു. കൊല്ലപ്പെട്ട ഷീബയും ഭര്‍ത്താവ് മുഹമ്മദ് സാലിയുമായും അടുത്ത പരിചയമുള്ള ആളാണ് കുമരകം സ്വദേശി. കൊലപാതകത്തിന് ശേഷം കാറില്‍ കടന്നത് ഇയാളാണെന്ന നിഗമനത്തിലാണ് പൊലീസെന്നാണ് സൂചന. കോട്ടയം എസ്പിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ നടന്നത്.
കൊലപാതകം നടന്ന വീടിന് സമീപത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചിരുന്നു. ഇതിന് പിന്നാലെ കാര്‍ യാത്ര ചെയ്ത റൂട്ടിലും പൊലീസ് വിശദമായ അന്വേഷണം നടത്തി. ഇതിനിടെ ഒരു പെട്രോള്‍ പമ്പില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കുമരകം സ്വദേശിയിലേക്ക് എത്തിയതെന്നാണ് വിവരം.
തിങ്കളാഴ്ച വൈകീട്ടാണ് കോട്ടയം താഴത്തങ്ങാടി പാറപ്പാടം ഷാനി മന്‍സില്‍ ഷീബ (60)യെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് മുഹമ്മദ് സാലി (65) ഗുരുതരനിലയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ കാര്‍ കണ്ടെത്തുന്നതിനായി ജില്ലയ്ക്ക് പുറത്തേക്ക് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു.

